'ഹൃദയം തകരുന്നു';തനിക്ക് പകരം വില്ലനായി റോബർട്ട് ഡൗണി ജൂനിയർ എത്തിയതിൽ പ്രതികരിച്ച് ജോനാഥൻ മേജേഴ്‌സ്

റോബർട്ട് ഡൗണി ജൂനിയർ, ജോനാഥൻ മേജേഴ്‌സ് | photo: marvel
റോബർട്ട് ഡൗണി ജൂനിയർ, ജോനാഥൻ മേജേഴ്‌സ് | photo: marvel

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ പ്രധാന വില്ലനായി തനിക്ക് പകരം റോബർട്ട് ഡൗണി ജൂനിയറിനെ കൊണ്ടുവന്നതിൽ പ്രതികരണവുമായി ജോനാഥൻ മേജേഴ്‌സ്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലേയ്ക്ക് പ്രധാന വില്ലനായി ഡോക്ടർ ഡൂം എന്ന കഥാപാത്രത്തെ കൊണ്ടുവന്നതിലാണ് ജോനാഥൻ മേജേഴ്‌സിൻ്റെ പ്രതികരണം. മേജേഴ്‌സ് അവതരിപ്പിച്ച കാങ് എന്ന കഥാപാത്രമായിരുന്നു പ്രധാന വില്ലൻ. കാങ്ങിന് പകരമാണ് ഡോക്ടർ ഡൂമിനെ മാർവൽ അവതരിപ്പിച്ചത്.

'ഹൃദയം തകരുന്നു' എന്നാണ് മേജിഴ്സിന്റെ പ്രതികരണം. താൻ കാങ് എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടുന്നു എന്നു ഡോക്ടർ ഡൂം എന്ന കഥാപാത്രവും ക്രൂരനാണെന്നും നടൻ പറഞ്ഞു. വീണ്ടും കാങ് ആയി വേഷമിടാൻ അവസരം ലഭിക്കുമോയെന്ന ചോ​ദ്യത്തിന് അതാണ് ആരാധകർ ആ​ഗ്രഹിക്കുന്നതെന്ന് നടൻ മറുപടി നൽകി. 

നേരത്തെ മുന്‍ കാമുകിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍വല്‍ സിനിമകളുടെ മള്‍ട്ടിവേഴ്‌സ് പതിപ്പില്‍ നിന്ന് നടന്‍ ജോനാഥന്‍ മേജേഴ്സിനെ പുറത്താക്കിയിരുന്നു. മേജേഴ്‌സിന്റെ മുന്‍കാമുകി ബ്രിട്ടീഷ് കൊറിയോഗ്രാഫര്‍ ഗ്രേസ് ജബ്ബാരിയായിരുന്നു പരാതിക്കാരി. 

2017 ഹോസ്‌റ്റൈല്‍സ് എന്ന ചിത്രത്തിലൂടെയാണ് മേജേഴ്‌സ് അഭിനയരംഗത്ത് എത്തിയത്. ദി ലാസ്റ്റ് ബ്ലാക്ക് മാന്‍ ഇന്‍ സാന്‍ഫ്രാന്‍സിസ്‌കോ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടി. 

ലോക്കി സീരിസിലാണ് കാങ് എന്ന വില്ലനെ മാര്‍വല്‍ അവതരിപ്പിച്ചത്. അതിന് പിന്നാലെ 'ആന്റ് മാന്‍ ക്വാണ്ടംമാനിയ' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ താനോസിനെപ്പോലെ ഒരു വലിയ വില്ലനാക്കി വളര്‍ത്താന്‍ കൊണ്ടുവന്ന കഥാപാത്രമായിരുന്നു കാങ്. 'അവഞ്ചേഴ്സ്: ​ദി കാങ് ഡെെനാസ്റ്റി' എന്ന ചിത്രത്തിന് പകരം 'അവഞ്ചേഴ്സ്: ഡൂംസ് ഡേ' മാർവൽ പ്രഖ്യാപിക്കുകയും ചെയ്തു.
 

Content Highlights: Jonathan Majors about being replaced by Robert Downey