‘ഇത് അച്ഛന്റെ പ്രതിരൂപംതന്നെ’; ചിത്രാഞ്ജലിയിലെ ജെ.സി. ഡാനിയലിന്റെ പ്രതിമ കണ്ടശേഷം മകൻ ഹാരിസ്

തിരുവല്ലം: ചിത്രാഞ്ജലി സ്റ്റുഡിയോയുടെ കവാടത്തിൽ മലയാളസിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ വെങ്കലപ്രതിമ കണ്ടശേഷം മകൻ ഹാരിസ് ഡാനിയേൽ പറഞ്ഞു- ‘ഇത് എന്റെ അച്ഛന്റെ പ്രതിരൂപംതന്നെ’.
കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു പ്രതിമ സ്ഥാപിക്കാൻ സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചത്. പത്തടി ഉയരമുള്ള പ്രതിമ ഏഴര അടി ഉയരത്തിലുള്ള കൃഷ്ണശിലയിലുള്ള പീഠത്തിലാണ് ഉറപ്പിച്ചുനിർത്തിയിട്ടുള്ളത്. എട്ടുമാസമെടുത്താണ് ഒന്നരടൺ തൂക്കമുള്ള പ്രതിമ പൂർത്തിയാക്കിയത്.
പ്രതിമ നിർമിക്കുന്ന ഓരോഘട്ടത്തിലും അദ്ദേഹത്തിന്റെ ഏറ്റവും ഇളയമകനും 90 വയസ്സ് പ്രായമുള്ള ഹാരിസ് ഡാനിയേൽ പാപ്പനംകോട്ടുള്ള ശില്പനിർമാണകേന്ദ്രത്തിൽ എത്തിയിരുന്നുവെന്ന് ശില്പി കുന്നുവിള എം. മുരളി പറഞ്ഞു.
ശില്പം പൂർണമായപ്പോഴും അദ്ദേഹവും ഭാര്യ സുശീലാറാണിയും ഇവരുടെ മകൾ ആദലിനും എത്തിയിരുന്നു. തുടർന്നാണ് പ്രതിമ സ്ഥാപിക്കുന്നതിന് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ തീരുമാനമെടുത്തത്. ശില്പി മുരളിക്ക് സ്വർണമോതിരവും ഹാരിസ് സമ്മാനിച്ചു.
ചിത്രാഞ്ജലിയെ ലോകോത്തര സിനിമാ ഹബ്ബാക്കും- മന്ത്രി
തിരുവല്ലം : ചിത്രാഞ്ജലി സ്റ്റുഡിയോയെ നൂതന സാങ്കേതിക സംവിധാനങ്ങളോടെ ലോകോത്തര നിലവാരത്തിലുള്ള സിനിമാ ഹബ്ബാക്കി മാറ്റുമെന്ന് മന്ത്രി സജി ചെറിയാൻ. സ്റ്റുഡിയോ കവാടത്തിൽ ജെ.സി. ഡാനിയേലിന്റെ വെങ്കലപ്രതിമയുടെ അനാവരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ 150 കോടി രൂപ ചെലവിലുള്ള വികസനപ്രവർത്തനങ്ങളിൽ പൂർത്തിയായവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
61.17 കോടി രൂപ ഉപയോഗിച്ചാണ് ആദ്യഘട്ട നവീകരണം നടത്തിയത്. ചടങ്ങിൽ കെ.എസ്.എഫ്.ഡി.സി. ചെയർമാൻ കെ. മധു അധ്യക്ഷനായി. മന്ത്രി വി. ശിവൻകുട്ടി, സാംസ്‌കാരികവകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി, വൈസ് ചെയർപേഴ്‌സൺ കുക്കു പരമേശ്വരൻ തുടങ്ങിയവരും സംസാരിച്ചു.
Content Highlights: A 10-foot bronze statue of J.C. Daniel, the 'Father of Malayalam Cinema', was unveiled at Chithranjali Studio., His 90-year-old son, Harris Daniel, praised the statue as a perfect likeness of his father., Minister Saji Cherian announced a ₹150 crore project to transform Chithranjali into a world-class film hub., The first phase of development, costing ₹61.17 crore, has been completed.