'ദൈവത്തെക്കൊണ്ട് സാധിക്കുന്ന എല്ലാം കറുത്തച്ചനും സാധിക്കുമോ?'; ആകാംക്ഷയും ഭയവും നിറച്ച് 'മായൻ' ടീസർ

#മൂവീസ് ഡെസ്‌ക്
ടീസറിൽനിന്ന്
ടീസറിൽനിന്ന്

മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിച്ച് ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന 'മായൻ' ചാപ്റ്റർ വണ്ണിന്റെ ടീസർ എത്തി. കേരളത്തിലെ തൃശ്ശൂർ- കുന്നംകുളം ഭാഗം കേന്ദ്രീകരിച്ച് പറയപ്പെടുന്ന കറുത്തച്ചൻ എന്ന മിത്തിനെ കേന്ദ്രീകരിച്ചാണ് കഥാസഞ്ചാരം എന്നാണ് ഏറെ ആകാംക്ഷയുണർത്തുന്ന ടീസർ നൽകുന്ന സൂചന. ജെയിസൺ വർഗീസ് എന്ന പോലീസ് കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഡിസംബർ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന നിഗൂഢതകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ പുറത്തുവന്നിരുന്ന സൂചനകൾ ശരിവെക്കുകയാണ് ടീസർ. കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന 'കറുത്തച്ചനൂട്ട്' എന്ന ദുർമന്ത്രവാദ രീതി നിഗൂഢതയും ആഗോള പശ്ചാത്തലവും സമന്വയിപ്പിക്കുന്ന മിസ്റ്ററി ത്രില്ലറായിരിക്കും 'മായൻ ചാപ്റ്റർ 1' എന്നാണ് ടീസർ നൽകുന്ന പ്രതീക്ഷ.

13 വർഷങ്ങൾക്ക് ശേഷം യൂണിവേഴ്‌സൽ മ്യൂസിക് മായനിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'കളങ്കാവൽ' എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'മായൻ ചാപ്റ്റർ 1'. 'ഓർഡിനറി', 'അനാർക്കലി' തുടങ്ങിയ വിജയചിത്രങ്ങൾ നിർമിച്ച രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജയസൂര്യയ്ക്ക് പുറമേ നൈല ഉഷ, വിജയ് ബാബു, ജിബിൻ ഗോപിനാഥ്, ഐശ്വര്യരാജ്, ആർഷ ബൈജു തുടങ്ങിയ താരങ്ങളാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റിങ്: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, വരികൾ: രാജീവ് ഗോവിന്ദൻ, ജിതിൻ കെ. ജോസ്, കോ- റൈറ്റർ: ശ്രീഖിൽ ശ്രീനിവാസൻ, പി.ആർ.ഒ: വിപിൻ കുമാർ വി, വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ്: സിനത് സേവ്യർ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: സെഞ്ച്വറി ഫിലിംസ്.

Content Highlights: The teaser for Jayasurya starrer mystery thriller 'Mayan Chapter 1' directed by Jithin K Jose has been released. The story reportedly revolves around the myth of 'Karuthachan' and 'Karuthachanootu' centered in the Thrissur-Kunnamkulam region. Jayasurya plays a police officer named Jayson Varghese in the film, which is scheduled for theatrical release on December 3. Produced by Rajeev Govindan under Magic Moon Productions, the script is co-written by Raffi and Jithin K Jose. The ensemble cast includes Nyla Usha, Vijay Babu, Jibin Gopinath, Aishwarya Raj, and Arsha Baiju.