അശ്വതിയും അപരനും എന്റെ ജീവിതത്തില്‍ എത്തിയ ദിവസം; ജയറാം പറയുന്നു

-
-

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയതാരജോടികളും ദമ്പതിമാരുമാണ് ജയറാമും പാര്‍വതിയും. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു ഇവരുടെ വിവാഹം. വെറും ആറ് വര്‍ഷങ്ങള്‍ മാത്രമാണ് പാര്‍വതി സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍ കുറഞ്ഞ കാലയളവില്‍ തന്നെ മലയാളത്തിലെ മുന്‍നിര നടിയായി. പ്രതാപ കാലത്ത് തന്നെയായിരുന്നു പാര്‍വതിയുടെ പടിയിറക്കവും.

പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജയറാമിന്റെ സിനിമാ അരങ്ങേറ്റം. പാര്‍വതിയെ ജയറാം ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അപരന്റെ സെറ്റില്‍ വെച്ചായിരുന്നു. പാര്‍വതിയുടെ പതിനഞ്ചാമത്തെ ചിത്രമായിരുന്നു അപരന്‍. 

അപരനും അശ്വതിയും (പാര്‍വതി) എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 32 വര്‍ഷമാകുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം. പാര്‍വതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇന്‍സ്റ്റാഗ്രാമിലാണ് ജയറാം സന്തോഷം പങ്കുവച്ചത്. 

അപരന് ശേഷം ജയറാമും പാര്‍വതിയും ഒട്ടനവധി സിനിമകളില്‍ ഒരുമിച്ച് വേഷമിട്ടു. ഇരുവരും പ്രണയത്തിലാണെന്ന ശ്രുതി പരന്നു. അതെക്കുറിച്ചൊരു രസകരമായ കഥയുണ്ട്. 'തലയണ മന്ത്രം' സിനിമയുടെ ലൊക്കേഷനില്‍ വെച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ശ്രീനിവാസനെ ഒരു ഡിറ്റക്ടീവിന്റെ പണി ഏല്‍പ്പിച്ചത്രേ. സിനിമയിലെ നായകനും നായികയും തമ്മില്‍ പ്രണയമുണ്ടോ എന്നുകണ്ടുപിടിക്കലായിരുന്നു ശ്രീനിവാസന്റെ ഡ്യൂട്ടി. അവസാനം നാടോടിക്കാറ്റിലെ വിജയനെപ്പോലെ ശ്രീനിവാസന്‍ ആ രഹസ്യം കണ്ടുപിടിച്ചു.'അവര്‍ പരസ്പരം മിണ്ടുന്നില്ല. അതുതന്നെയല്ലേ പ്രണയത്തിന്റെ സൂചന' സത്യന്‍ അന്തിക്കാടും ശ്രീനിവാസന്‍ കൊടുത്ത റിപ്പോര്‍ട്ട് അംഗീകരിച്ചു. 

ഇതെക്കുറിച്ച് പാര്‍വതി ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ... എന്തെങ്കിലും സംസാരിച്ചാല്‍ പിന്നെ അന്നത്തെ ബുക്കുകളിലൊക്കെ വേണ്ടാത്ത ഓരോന്ന് എഴുതി വരില്ലേ. എനിക്കും ജയറാമിനും ആശയവിനിമയത്തിന് വേറെ എന്തൊക്കെ മാധ്യമങ്ങളുണ്ട്. ഇടയ്ക്ക് ആംഗ്യം കാണിക്കും. പിന്നെ പറയാനുള്ളത് കാസറ്റില്‍ റെക്കോഡ് ചെയ്യും. ആരും കാണാതെ അത് കൈമാറും. ഞാന്‍ ആ കാസറ്റ് വാക്ക്മാനില്‍ ഇട്ട് കേട്ടുകൊണ്ടിരിക്കും. സിനിമാ ലൊക്കേഷനിലൊക്കെ ഏതുനേരവും വാക്ക്മാന്‍ കേട്ടോണ്ടിരിക്കുന്നത് കാണുമ്പോള്‍ എല്ലാവരും കരുതി, ഞാന്‍ പാട്ട് കേള്‍ക്കുകയാണെന്ന്. പക്ഷേ ഒടുവില്‍ അമ്മയ്ക്കാണ് സംശയം തോന്നിയത്. അമ്മ കണ്ടുപിടിക്കുകയും ചെയ്തു. ആ കാസറ്റ് അമ്മ കേട്ടുനോക്കി. അതില്‍ പകുതിയും ജയറാം അമ്മയെ കുറ്റം പറയുന്ന ഭാഗങ്ങളായിരുന്നു. 

1992 ലായിരുന്നു ജയറാമും പാര്‍വതിയും തമ്മിലുള്ള വിവാഹം. ഇവരുടെ മകന്‍ കാളിദാസ് അഭിനയരംഗത്തും മകള്‍ മാളവിക മോഡലിങ് രംഗത്തും സജീവമാണ്. 

Content Highlights: Jayaram talks about Aparan Movie, and wife actress Parvathy 

Content Highlights: