'കുടുംബം തകർത്തവളെന്ന പഴി അമ്മ കേട്ടു'; ശ്രീദേവിയേക്കുറിച്ച് മകൾ ജാൻവി

2018-ൽ നടി ശ്രീദേവി മരിക്കുമ്പോൾ മകളും ബോളിവുഡ് താരവുമായ ജാൻവി കപൂറിന് 20 വയസ്സുമാത്രമായിരുന്നു പ്രായം. അമ്മയെ നഷ്ടപ്പെട്ടത്തിന്റെ വേദന താനിന്നും അനുഭവിക്കുന്നുണ്ടെന്ന് പറയുകയാണ് ജാൻവി. അമ്മയുടെ മരണം തന്നെപ്പോലെ തന്നെ പിതാവ് ബോണി കപൂറിനേയും ബാധിച്ചുവെന്നും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റമുണ്ടായെന്നും ജാൻവി തുറന്നുപറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജാൻവി ഇക്കാര്യങ്ങൾ പറഞ്ഞത്.
'അമ്മയെ നഷ്ടപ്പെട്ടതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മനോവ്യഥ. എല്ലാകാര്യത്തിനും അമ്മയെ ആശ്രയിക്കുന്ന മകളായിരുന്നു ഞാൻ. എനിക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാൻ സാധിച്ചിരുന്നില്ല. എന്ത് ധരിക്കണം, എങ്ങനെ ചിന്തിക്കണം, ശരിയേത് തെറ്റെന്ത് അങ്ങനെ എല്ലാകാര്യത്തിലും ഞാൻ അമ്മയെ ആശ്രയിച്ചു. അമ്മയെ നഷ്ടപ്പെട്ടതിന്റെ വേദനയിൽനിന്ന് മോചിതയാവാൻ എനിക്കിന്നും സാധിച്ചിട്ടില്ല. അമ്മയെപ്പോലെ മറ്റാരുമില്ല. അമ്മയുടെ തമാശകൾ, എന്നിലും സഹോദരിയും പിതാവിലുമുണ്ടാക്കിയ മാറ്റങ്ങൾ എല്ലാം എനിക്കിന്ന് അന്യമാണ്. അമ്മയുടെ മരണത്തോടെ എനിക്ക് അച്ഛനേയും നഷ്ടമായി. അമ്മയുണ്ടായിരുന്ന സമയത്തെ അച്ഛനല്ല ഇപ്പോൾ കൂടെയുള്ളത്', ജാൻവി പറഞ്ഞു.
ഇന്ന് ശ്രീദേവിയുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ തന്നെ മനസിലാക്കാൻ സാധിക്കുമായിരുന്നില്ലെന്ന് ജാൻവി പറയുന്നു. 'ലോകം മാറി. ഞാൻ ഒരുപാട് കാര്യങ്ങൾ കണ്ടു. അമ്മയ്ക്കുണ്ടായിരുന്ന അഭിപ്രായങ്ങളല്ല ഇന്നിപ്പോൾ എനിക്കുള്ളത്. അമ്മയെ എനിക്കിപ്പോൾ മനസിലാക്കാം. അന്ന് അമ്മ പറയുന്ന കാര്യങ്ങൾ മനസിലാക്കാൻ കഴിയാതെ പോയതിൽ എനിക്കിപ്പോൾ ഖേദമുണ്ട്. തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാടിലാണ് അമ്മ കാര്യങ്ങളെ സമീപിച്ചിരുന്നത്. അന്ന് ഞാൻ അക്കാര്യങ്ങളെ കണ്ട രീതിയിൽ ആയിരുന്നില്ല അത്. ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും ഉൾപ്പെടെ. നാലാം വയസ്സുമുതൽ ജോലി ചെയ്യാൻ തുടങ്ങിയതാണ് അമ്മ, എന്നാൽ കഷ്ടപ്പാടിന്റെ ഒരു കഥയും ഞങ്ങളെ അറിയിച്ചിട്ടില്ല. സന്തോഷങ്ങൾ മാത്രമേ ഞങ്ങളുമായി പങ്കുവെച്ചിട്ടുള്ളൂ', ജാൻവി കൂട്ടിച്ചേർത്തു.
'ജീവിച്ചിരുന്നപ്പോൾ ആളുകൾ അമ്മയോട് നീതിപുലർത്തിയില്ല. കുടുംബം തകർത്തവൾ എന്നുൾപ്പെടെ ആളുകൾ അമ്മയെ വിളിച്ചു. അത് അമ്മയുടെ മനസിൽ തങ്ങിക്കിടന്നിരുന്നു, അത് കാര്യമായി ബാധിച്ചു. എന്നാൽ, അമ്മയുടെ കാലശേഷം ചരിത്രം കൂടുതൽ കരുണകാട്ടി', ജാൻവി അഭിപ്രായപ്പെട്ടു.
ശ്രീദേവിയുടേയും ബോണി കപൂറിന്റെയും രണ്ടുമക്കളിൽ ഒരാളാണ് ജാൻവി കപൂർ. മോന കപൂർ ആണ് ബോണിയുടെ ആദ്യഭാര്യ. മോനയുമായുള്ള ബന്ധത്തിൽ ബോണിക്ക് രണ്ടുമക്കളുണ്ട്- അർജുൻ കപൂറും അൻശുല കപൂറും. മോനയുമായി ബന്ധത്തിൽ തുടരുമ്പോൾ തന്നെയാണ് ബോണി ശ്രീദേവിയെ പരിചയപ്പെട്ടത്. ഖുശി കപൂർ ആണ് ജാൻവിയുടെ സഹോദരി.
Content Highlights: Janhvi Kapoor discusses the deep emotional impact of losing her mother, Sridevi. Boney Kapoor's personality shift following Sridevi's passing. Reflections on the unfair public criticism Sridevi faced during her lifetime. Janhvi's evolved perspective on her mother's professional and personal choices