നിയമക്കുരുക്കഴിച്ചു, ഇനി ലക്ഷ്യം തിയേറ്റർ; സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ച് ‘ജനനായകൻ’ നിർമാതാക്കൾ

ചെന്നൈ: വിജയ് ചിത്രം 'ജനനായകൻ' വിവാദത്തിൽ സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിക്കാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചൊവ്വാഴ്ച രാവിലെയാണ് ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ച് കേസ് പരിഗണിച്ചത്. കേസ് പിൻവലിച്ചതോടെ ചിത്രവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ അവസാനിച്ചു. സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമാതാക്കൾക്ക് ചിത്രം പ്രദർശനത്തിനെത്തിക്കാൻ സാധിക്കും.
സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരേ സമർപ്പിച്ച റിട്ട് ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമ റിവൈസിങ് കമ്മിറ്റിക്ക് വിട്ട ബോർഡിന്റെ നടപടിയെ ചോദ്യംചെയ്തായിരുന്നു നിർമാതാക്കൾ നേരത്തേ കോടതിയെ സമീപിച്ചിരുന്നത്. നിർമാതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വിജയൻ സുബ്രഹ്മണ്യൻ ഹർജി പിൻവലിക്കാൻ അനുമതിതേടി കോടതിക്ക് കത്തുനൽകുകയായിരുന്നു.
എച്ച്. വിനോദ് സംവിധാനംചെയ്ത ചിത്രം ജനുവരി ഒൻപതിന് പൊങ്കലിന് റിലീസ് ചെയ്യേണ്ടതായിരുന്നു. സെൻസർ ബോർഡുമായുള്ള നിയമതർക്കം കാരണം റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ സിംഗിൾ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇതുറദ്ദാക്കിയിരുന്നു. വീണ്ടും നിയമപ്പോരാട്ടം തുടരുന്നത് റിലീസിനെ ബാധിക്കുമെന്നതിനാലാണ് ഹർജി പിൻവലിച്ച് സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റിക്ക് വിട്ടുനൽകാൻ നിർമാതാക്കൾ തീരുമാനിച്ചത്.
Content Highlights: Jana Nayagan censor row: Top court allows makers of Vijay film to withdraw case