‘ജനനായകന്’ പത്രങ്ങളിൽ മുഴുപ്പേജ് പരസ്യം, നിയന്ത്രണങ്ങൾക്ക് വിരുദ്ധമെന്ന് വിമർശനം

#സ്വന്തം ലേഖകൻ
ജനനായകൻ എന്ന ചിത്രത്തിന്റോ പുതിയ പോസ്റ്റർ | ഫോട്ടോ: X
ജനനായകൻ എന്ന ചിത്രത്തിന്റോ പുതിയ പോസ്റ്റർ | ഫോട്ടോ: X

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നായകനായി അഭിനയിച്ച ‘ജനനായകൻ’ ചലച്ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയ വിവരം പ്രഖ്യാപിച്ചുകൊണ്ട് തമിഴ്‌നാട്ടിലെ പത്രങ്ങളിൽ മുഴുപ്പേജ് പരസ്യം. സിനിമാ പരസ്യങ്ങൾക്ക് നിർമാതാക്കളുടെ സംഘടന ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾക്കു വിരുദ്ധമാണ് ഇതെന്ന് വിമർശനമുയർന്നിട്ടുണ്ട്.

ചാട്ടവാറേന്തി നിൽക്കുന്ന വിജയ്‌യുടെ ചിത്രവുമായാണ് പത്രപ്പരസ്യം. ദളപതി വിജയ് എന്നാണ് മുൻ സിനിമകളിൽ നായകനെ വിശേഷിപ്പിച്ചിരുന്നതെങ്കിൽ ആദരണീയനായ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എന്നാണ് ‘ജനനായകന്റെ’ പരസ്യത്തിലെ വിശേഷണം. സിനിമയ്ക്ക് ’എ’ സർട്ടിഫിക്കറ്റ് ലഭിച്ചെന്നതിന്റെ സൂചനയും ഉടൻ തിേയറ്ററുകളിലെത്തുമെന്ന അറിയിപ്പും പോസ്റ്ററിലുണ്ട്.

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായാണ് തമിഴ്‌നാട്ടിൽ സിനിമാ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത്. അതിനുവിരുദ്ധമാണ് ജനനായകന്റെ മുഴുപ്പേജ് പരസ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാനദണ്ഡങ്ങൾ ലംഘിച്ച് പരസ്യം നൽകുന്നവർക്ക് കൗൺസിൽ നേരത്തേ പിഴ ചുമത്തിയിരുന്നു. ജനനായകനും പിഴ ചുമത്തുമോ എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമർശകരുടെ ചോദ്യം.

വിജയ് അഭിനയിക്കുന്ന അവസാന സിനിമയെന്നു കരുതുന്ന ’ജനനായകൻ’ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ജനുവരി ഒൻപതിന് തിയേറ്ററിലെത്തിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഏഴു മാസം നീണ്ട അനിശ്ചിതത്വത്തിനുശേഷം വ്യാഴാഴ്ചയാണ് ‘എ’ സർട്ടിഫിക്കറ്റോടെ സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത്. സെൻസർ ബോർഡ് നിർദേശിച്ച 12 മാറ്റങ്ങളോടെയാണ് ചിത്രം തിേയറ്ററുകളിലെത്തുന്നത്. 20 സെക്കൻഡ് നീളുന്ന ഭാഗങ്ങൾ മുറിച്ചുമാറ്റുകയും 10 സെക്കൻഡ് വരുന്ന ഭാഗങ്ങളിൽ മാറ്റം വരുത്തുകയുംചെയ്തു. ഭരണഘടനാ ശില്പി ബി.ആർ. അംബേദ്കറിന്റെ ചിത്രം കാണിച്ച് ’അംബേദ്കർ സട്ടം ടി.വി.കെ. സട്ടം’ എന്നു പറയുന്ന ഭാഗമാണ് മുറിച്ചു മാറ്റിയവയിൽ ഒന്ന്. മറ്റിടങ്ങളിലും ടി.വി.കെ.യെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

Content Highlights: Jana Nayagan full-page advertisement violates producer association guidelines. Film features Joseph Vijay as Tamil Nadu Chief Minister. Movie received 'A' certificate with 12 mandatory cuts by the Censor Board. Controversial references to Dr. B.R. Ambedkar and TVK party were removed. Planned for a January 9th release ahead of assembly elections