'വാരാണസി'യുടെ സെറ്റിൽ വരാൻ ആഗ്രഹമുണ്ട്; വേണമെങ്കിൽ ഷൂട്ടും ചെയ്തുതരാം -ജെയിംസ് കാമറൂൺ

#മൂവി ഡെസ്ക്
എസ്.എസ്. രാജമൗലി, ജെയിംസ് കാമറൂൺ | ഫോട്ടോ: വി. രമേഷ് \ മാതൃഭൂമി, AFP
എസ്.എസ്. രാജമൗലി, ജെയിംസ് കാമറൂൺ | ഫോട്ടോ: വി. രമേഷ് \ മാതൃഭൂമി, AFP

എസ്.എസ്. രാജമൗലിയുടെ വരാനിരിക്കുന്ന ചിത്രം 'വാരാണസി'യുടെ സെറ്റുകൾ സന്ദർശിക്കാൻ തനിക്ക് താല്പര്യമുണ്ടെന്ന് ഹോളിവുഡ് സംവിധായകൻ ജയിംസ് കാമറൂൺ. അവതാർ: ഫയർ & ആഷ് പുറത്തിറങ്ങുന്നതിന് മുന്നോടിയായി എസ്.എസ്. രാജമൗലിയുമായി ഒരു ലൈവ് വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ജെയിംസ് കാമറൂൺ. ഈ വ്യാഴാഴ്ചയാണ് അവതാർ: ഫയർ & ആഷ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്.

മീറ്റിംഗ് ഓഫ് ദ മൈൻഡഡ്സ്: ജെയിംസ് കാമറൂൺ ഇൻ കോൺവർസേഷൻ വിത്ത് എസ്.എസ്. രാജമൗലി എന്നാണ് ഇരുവരും തമ്മിലുള്ള സംഭാഷണത്തിന് നൽകിയിരിക്കുന്ന പേര്. "നിങ്ങളുടെ സെറ്റ് സന്ദർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ മാന്ത്രികവിദ്യ സൃഷ്ടിക്കുന്നത് കാണാൻ എനിക്ക് താങ്കളുടെ സെറ്റിൽ വരാമോ?" എന്നാണ് ജെയിംസ് കാമറൂൺ രാജമൗലിയോട് ചോദിക്കുന്നത്. തനിക്കൊരു ക്യാമറ തന്നാൽ സെക്കൻഡ് യൂണിറ്റ് പോലെ കുറച്ച് ഷോട്ട് എടുക്കാമെന്നും കാമറൂൺ പറഞ്ഞു. ഇതിനെ അതീവ സന്തോഷത്തോടെയാണ് രാജമൗലി സ്വാഗതം ചെയ്തത്.

"ഓ... അത് ഒരു വലിയ സന്തോഷമായിരിക്കും സർ. നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, എന്റെ ടീം മാത്രമല്ല, മുഴുവൻ സിനിമാ വ്യവസായവും ഇതിൽ സന്തോഷിക്കും." രാജമൗലിയുടെ മറുപടി ഇങ്ങനെ.

പുതിയ ചിത്രമായ ‘വാരാണസി’യുടെ ചിത്രീകരണം കുറച്ചുകാലമായി ആരംഭിച്ചുകഴിഞ്ഞെന്നാണ് താൻ മനസിലാക്കുന്നതെന്ന് കാമറൂൺ സംസാരമധ്യേ പറഞ്ഞു. ചിത്രീകരണം തുടങ്ങിയിട്ട് ഒരു വർഷമായെന്നും ഇനിയും എട്ടുമാസത്തോളം ചിത്രീകരണം ബാക്കിയുണ്ടെന്നും രാജമൗലി ഇതിനോട് പ്രതികരിച്ചു. നിങ്ങൾ എന്തെങ്കിലും രസകരമായ കാര്യങ്ങൾ ചെയ്യുമ്പോൾ, കടുവകളുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ തീർച്ചയായും അറിയിക്കണമെന്ന് തമാശ പറഞ്ഞുകൊണ്ടാണ് ജെയിംസ് കാമറൂൺ സംസാരം അവസാനിപ്പിക്കുന്നത്.

രാജമൗലിയുടെ 2022-ലെ ചിത്രമായ RRR-ൽ നായകന്മാരിൽ ഒരാളായ ജൂനിയർ എൻ.ടി.ആറിനെ കടുവ പിന്തുടരുന്നതും പിന്നീട് അദ്ദേഹം കടുവയെയും മറ്റ് മൃഗങ്ങളെയും ഉപയോഗിച്ച് ഒരു ബ്രിട്ടീഷ് ഗവർണറുടെ വീട് ആക്രമിക്കുന്നതുമായ ചില രംഗങ്ങളുണ്ടായിരുന്നു. നേരത്തെ ആർആർആർ കണ്ടിട്ട് രാജമൗലിയെ ജെയിംസ് കാമറൂൺ അഭിനന്ദിച്ചിരുന്നു. ലോസ് ആഞ്ചലിസിൽ നടന്ന ഒരു അവാർഡ് നിശയ്ക്കിടെയാണ് രാജമൗലിയെ അദ്ദേഹം പുകഴ്ത്തിയത്. എന്നെങ്കിലും ഹോളിവുഡിൽ ഒരു സിനിമ ചെയ്യണമെന്ന് തോന്നിയാൽ നമുക്ക് സംസാരിക്കാമെന്നും അന്ന് രാജമൗലിയോട് ജെയിംസ് കാമറൂൺ പറഞ്ഞിരുന്നു.

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് 'വാരാണസി'യിൽ പ്രധാന കഥാപാത്രങ്ങളായി വരുന്നത്. ഒരു മാസം മുൻപ്, ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ വെച്ചുനടന്ന ചടങ്ങിൽ ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. എം.എം. കീരവാണിയാണ് സംഗീത സംവിധാനം. ചിത്രത്തിലെ രണ്ടു ഗാനങ്ങൾ ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.

Content Highlights: James Cameron Expresses Keen Interest in Visiting SS Rajamouli's "Varanasi" Set