കാംപസിൽനിന്ന് എൺപതുകളിലേക്ക്; ജെയിൻ യൂണിവേഴ്‌സിറ്റിയുടെ റെട്രോ വീഡിയോ വൈറൽ; 20 മണിക്കൂറിൽ കണ്ടത് 10 ലക്ഷം പേർ

ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ റെട്രോ വീഡിയോയിൽനിന്ന് | Photo: Screen grab/ Instagram: Jain Deemed-to-be University Kochi
ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ റെട്രോ വീഡിയോയിൽനിന്ന് | Photo: Screen grab/ Instagram: Jain Deemed-to-be University Kochi

കൊച്ചി: നാല് പതിറ്റാണ്ടുകൾക്ക് മുൻപുള്ള എൺപതുകളുടെ കാലഘട്ടത്തെ കാംപസിൽ പുനഃസൃഷ്ടിച്ച് കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി. വിദ്യാർഥികളുടെ പങ്കാളിത്തവും എ.ഐ. സാങ്കേതികവിദ്യയും ഗൃഹാതുരത്വവും സമന്വയിപ്പിച്ചൊരുക്കിയ റെട്രോ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായി. വീഡിയോ പ്രസിദ്ധീകരിച്ച് വെറും 20 മണിക്കൂറിനുള്ളിൽ ഒരു മില്യണിലധികം ആളുകളാണ് കണ്ടത്.

സോഷ്യൽ മീഡിയയിലെ എൺപതുകളിലെ തരംഗത്തിന്റെ ഭാഗമായി തയാറാക്കിയ വീഡിയോയ്ക്ക് 65,000-ത്തിലധികം ലൈക്കുകളും 20,000-ത്തിലധികം ഷെയറുകളും ലഭിച്ചു. ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി കമന്റുകളുമായി പ്രേക്ഷകരും വീഡിയോ ഏറ്റെടുത്തതോടെ കമന്റ് ബോക്‌സിൽ പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള രസകരമായ ചർച്ചകളും സജീവമാണ്. 80- 90 കാലഘട്ടത്തിൽ ജനിച്ചവരും ഇന്നത്തെ '2K കിഡ്സും' തമ്മിലുള്ള രസകരമായ സംവാദങ്ങൾക്കാണ് സോഷ്യൽ മീഡിയ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.

സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് അന്നത്തെ തലമുറ സൃഷ്ടിച്ച ഓളവും തരംഗവും ഇപ്പോഴത്തെ കുട്ടികൾക്ക് അവകാശപ്പെടാനില്ലെന്നാണ് എൺപതുകളിലെയും തൊണ്ണൂറുകളിലെയും തലമുറയുടെ പ്രധാന വാദം. പഴയ തലമുറയെ കളിയാക്കിയിരുന്നവർ തന്നെ ഇപ്പോൾ എൺപതുകളിലെ ട്രെൻഡ് അനുകരിച്ച് ഫോട്ടോയും വീഡിയോയും എടുക്കാൻ മത്സരിക്കുകയാണെന്ന് ചിലർ കമന്റിൽ പരിഹസിക്കുന്നു. പഴയ തലമുറയുടെ നന്മകളെയും ചിലർ കമന്റുകളിലൂടെ എടുത്തുകാണിക്കുന്നുണ്ട്. പുതിയ തലമുറയ്ക്ക് മുൻകോപവും എടുത്തുചാട്ടവും കൂടുതലാണെന്നും മറ്റുള്ളവരോട് മാന്യമായി സംസാരിക്കാൻ പോലുമറിയില്ലെന്നുമാണ് ഇവരുടെ വിമർശനം.

അതേസമയം, ഇത്തരം വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയുമായി പുതിയ തലമുറയും രംഗത്തുണ്ട്. പഴയകാലത്തെ നല്ല കാര്യങ്ങളെയും വിന്റേജ് വസ്ത്രധാരണ ശൈലിയെയുമെല്ലാം തുറന്ന മനസ്സോടെ സ്വീകരിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഇവർ വ്യക്തമാക്കുന്നു. എന്നാൽ, ഇപ്പോഴും മറ്റുള്ളവരെ തരംതാഴ്ത്തി കാണുന്ന മനോഭാവമാണ് പഴയ തലമുറയിലെ ചിലർക്കെന്നും അതാണ് ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് കാരണമെന്നുമാണ് പുതിയ തലമുറയുടെ മറുപടി. തലമുറകൾ തമ്മിലുള്ള ഈ ആശയവിനിമയം വീഡിയോയുടെ സ്വീകാര്യത ഒന്നുകൂടി വർധിപ്പിച്ചിരിക്കുകയാണ്.

യെസ്ഡി മോട്ടോർസൈക്കിളുകൾ, കൊക്ക- കോള ബ്രാൻഡിംഗ്, അക്കാലത്തെ വസ്ത്രധാരണ ശൈലികൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. എൺപതുകൾ നേരിട്ട് അനുഭവിച്ചിട്ടില്ലാത്ത ഇന്നത്തെ തലമുറയിലെ വിദ്യാർഥികൾ ആ കാലഘട്ടത്തിലെ റെട്രോ ഫാഷൻ ശൈലികൾ അണിഞ്ഞാണ് ദൃശ്യങ്ങളിൽ എത്തുന്നത്. കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ കാന്റീൻ, പാർക്കുകൾ, ബൈക്ക് ലെയിനുകൾ എന്നിവയെല്ലാം എൺപതുകളുടെ പശ്ചാത്തലത്തിലേക്ക് മാറ്റിയാണ് ചിത്രീകരണം നടത്തിയത്.

ചിത്രീകരണത്തിന് ശേഷം എ.ഐ. അധിഷ്ഠിത ടൂളുകളുടെ സഹായത്തോടെയാണ് ദൃശ്യങ്ങളെ പഴയകാല ഫിലിം ടെക്‌സ്ചറിലേക്കും നിറങ്ങളിലേക്കും മാറ്റിയത്. ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും ആധുനിക എ.ഐ. സാങ്കേതികവിദ്യയും സംഗീതവും മികച്ച രീതിയിൽ സംയോജിപ്പിച്ചതോടെ, പഴയ തലമുറയ്ക്കും ഇന്നത്തെ യുവതലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന മികച്ചൊരു ദൃശ്യാനുഭവമായി വീഡിയോ മാറി.

Content Highlights: Jain University Kochi created a viral retro video recreating 1980s campus life using AI technology and student participation. The video garnered over one million views, 65,000 likes, and 20,000 shares within 20 hours of release. Features Yezdi motorcycles, classic Coca-Cola branding, and vintage fashion styles filmed across campus locations. Footage was processed using AI tools to give it an authentic 1980s vintage film texture and color tone. Sparked engaging debates on social media between the 80s/90s generation and today's 2K kids regarding campus culture and lifestyle.