75ന്റെ നിറവിൽ ജഗതി ശ്രീകുമാർ, സന്ദർശകരോ ആഘോഷങ്ങളോ ഇല്ലാതെ പിറന്നാൾദിനം

#മൂവി ഡെസ്ക്
ജഗതി ശ്രീകുമാർ | ഫോട്ടോ: വിവേക് ആർ. നായർ \ മാതൃഭൂമി
ജഗതി ശ്രീകുമാർ | ഫോട്ടോ: വിവേക് ആർ. നായർ \ മാതൃഭൂമി

തിരുവനന്തപുരം: ധനുമാസ തൃക്കേട്ടയിലെ ആ ‘ചിരിപ്പിറവി’ക്ക്‌ 75-ന്റെ തിളക്കം. മലയാളത്തിന്റെ ചിരിയുടെ നിത്യയൗവ്വനം ജഗതി ശ്രീകുമാറിന് തിങ്കളാഴ്ച 75 വയസ്സ്. പേയാടുള്ള വീട്ടിൽ സന്ദർശകരോ വലിയ ആഘോഷങ്ങളോ ഇല്ലാതെയാണ് പിറന്നാൾദിനം.

ജന്മനക്ഷത്രം തൃക്കേട്ടയാണെങ്കിലും ജനുവരി അഞ്ച് എന്ന തീയതിയിലാണ് കുടുംബം പതിവായി പിറന്നാൾ ആഘോഷിക്കുന്നത്. തിങ്കളാഴ്ച കുടുംബാംഗങ്ങളെല്ലാം വീട്ടിൽ ഒത്തുകൂടുന്നുണ്ട്. പിറന്നാൾ കെയ്‌ക്കും സദ്യയും മധുരവുമെല്ലാം ഉണ്ടാകുമെങ്കിലും പിറന്നാളുകാരന് ഡോക്ടർ നിർദേശിച്ചിട്ടുള്ള പതിവ് ഭക്ഷണം മാത്രമേ നൽകാനാവൂ. ആരോഗ്യസ്ഥിതി മെച്ചമാണെങ്കിലേ സന്ദർശകരെ അനുവദിക്കൂവെന്ന് അദ്ദേഹത്തിന്റെ മകൻ രാജ്കുമാർ പറഞ്ഞു. അടുത്ത സുഹൃത്തുക്കളെ കാണാൻ അനുവദിക്കും.

2012 മാർച്ച് പത്തിന് കോഴിക്കോടിനു സമീപംവെച്ചുണ്ടായ വാഹനാപകടമാണ് ഈ അതുല്യപ്രതിഭയുടെ ജീവിതം വീൽച്ചെയറിലാക്കിയത്. അതോടെ അഭിനയജീവിതത്തിനു വിരാമമായി. നിശ്ശബ്ദനാക്കപ്പെട്ടെങ്കിലും ജഗതി എന്ന പേരുമാത്രം കേട്ടാൽമതി, നൂറുകണക്കിനു ഹാസ്യനിമിഷങ്ങൾ മലയാളികൾക്കുള്ളിൽ ചിരിച്ചുതെളിയും. അപകടത്തിനു മുൻപുള്ള നാലുപതിറ്റാണ്ട് അഭിനയജീവിതത്തിൽ ആയിരക്കണക്കിനു സിനിമകളിലായി ഒന്നിനൊന്ന് എണ്ണംപറയുന്ന കഥാപാത്രങ്ങളാണ് ജഗതി സമ്മാനിച്ചത്.

കഴിഞ്ഞ 14 വർഷമായി ജീവിതം വീൽച്ചെയറിലാണെങ്കിലും മലയാളിയുടെ നിത്യജീവിതത്തിൽ ജഗതി ഇന്നും സാന്നിധ്യമാണ്. ഇതിനിടെ മമ്മൂട്ടി ചിത്രമായ സിബിഐ-5ൽ ജഗതി മുഖം കാണിച്ചിരുന്നു. പുതുതായി ഒരു സിനിമയിൽ അഭിനയിച്ചതാണ് ഈവർഷത്തെ സന്തോഷമെന്ന് ബന്ധുക്കൾ പറഞ്ഞു. ചിത്രീകരണം കഴിഞ്ഞദിവസം കൊച്ചിയിൽ പൂർത്തിയായി.

Content Highlights: Jagathy Sreekumar Turns 75: A Quiet Birthday for a Legendary Comedian