യൂട്യൂബർ സ്പീഡിനെ 'ശല്യം ചെയ്ത്' വിജയ് ആരാധകർ, സൂപ്പർതാരത്തെ ഇന്റർനാഷണൽ ട്രോൾ വസ്തുവാക്കിയെന്ന് സോഷ്യൽ മീഡിയ

യൂട്യൂബർ സ്പീഡ്, വിജയ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, PTI
യൂട്യൂബർ സ്പീഡ്, വിജയ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, PTI

സ്പീഡ് എന്നറിയപ്പെടുന്ന യൂട്യൂബറാണ് ഐഷോ സ്പീഡ്. അടുത്തിടെ തായ്ലൻഡിൽവെച്ച് സ്പീഡിന് നേരിട്ട ഒരു അനുഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ, തമിഴ് താരം വിജയ്‌യുടെ രണ്ട് ആരാധകർ ബൈക്കിൽ പിന്തുടർന്ന് അലറിവിളിച്ചത് കേട്ട് സ്പീഡ് അമ്പരന്നു. യാതൊരു വിശദീകരണവുമില്ലാതെ ആരാധകർ 'ടിവികെ' എന്നും 'ദളപതി വിജയ്' എന്നും ആവർത്തിച്ചപ്പോൾ ഇൻഫ്ലുവൻസർ ശരിക്കും ആശയക്കുഴപ്പത്തിലാവുകയായിരുന്നു.

ലൈവ് സ്ട്രീം തുടങ്ങി ഒരു മണിക്കൂറിലധികം കഴിഞ്ഞപ്പോൾ, ഒരു ആരാധകൻ അടുത്തേക്ക് വന്ന് താൻ ധരിച്ചിരുന്ന ഷൂ ഊരി നൽകിയ സംഭവത്തിൽ സ്പീഡ് അതിനോടകം ആശയക്കുഴപ്പത്തിലായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം തന്റെ കാറിൽ യാത്ര ചെയ്യുമ്പോൾ, രണ്ട് ഇന്ത്യക്കാർ ഒരു ഇരുചക്രവാഹനത്തിൽ അതുവഴി എത്തിയത്. കാറിനടുത്തെത്തി അവർ സ്പീഡിനെ നോക്കി "ടിവികെ, ടിവികെ" എന്ന് അലറിവിളിക്കാൻ തുടങ്ങി.

എന്താണ് സംസാരിക്കുന്നതെന്ന് സ്പീഡ് ചോദിച്ചപ്പോൾ, അവർ "വിജയ്, ദളപതി വിജയ്" എന്ന് മറുപടി നൽകി. ഇത് അദ്ദേഹത്തെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. "എന്താണ് അവർ പറയുന്നത്?" എന്ന് ചോദിച്ച യൂട്യൂബർ വിജയ് ആരാധകർ പറഞ്ഞത് മനസ്സിലാക്കാനും അത് ഉച്ചരിക്കാനും അദ്ദേഹം ശ്രമിച്ച ശേഷം, "ഇവിടെ എന്താണുനടക്കുന്നതെന്ന് എനിക്കറിയില്ല" എന്ന് പറഞ്ഞു.
 

ആരാധകർ അരികിൽ എത്തിയപ്പോൾ അവർ പറഞ്ഞതെന്താണെന്ന് വീണ്ടും വിശദീകരിക്കാൻ അദ്ദേഹം ക്ഷമയോടെ ആവശ്യപ്പെട്ടു."വിജയ്, വിജയ്, സൗത്ത് ഇന്ത്യൻ നടൻ" എന്നായിരുന്നു അവർ മറുപടി പറഞ്ഞത്. എന്നിട്ടും അദ്ദേഹത്തിന് ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇതോടെ ആരാധകർ തമാശരൂപേണ അദ്ദേഹത്തെ ഇന്ത്യയുടെ മുഖ്യമന്ത്രി എന്നും വിശേഷിപ്പിച്ചു. സ്പീഡ് അവിടെ നിന്ന് പോകാൻ ശ്രമിച്ചപ്പോൾ, തങ്ങളോടൊപ്പം ഒരു ബൈക്ക് യാത്രയ്ക്ക് വരണമെന്ന് അവർ നിർബന്ധിക്കുന്നുണ്ട്. എന്നാൽ യൂട്യൂബർ അത് നിരസിക്കുകയായിരുന്നു.

വിജയ് ആരാധകരുടെ ഈ പെരുമാറ്റം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. എക്സിലെ (മുൻപ് ട്വിറ്റർ) ഒരു ഉപയോക്താവ് "വിജയ് ഇന്ത്യയുടെ മുഖ്യമന്ത്രിയോ?" എന്ന് കുറിച്ചു. "നടൻ വിജയ് വീണ്ടും ഒരു അന്താരാഷ്ട്ര ട്രോൾ മെറ്റീരിയലായി മാറിയിരിക്കുന്നു" എന്ന് മറ്റൊരാൾ എഴുതി. എങ്കിലും, സ്പീഡ് ഒരിക്കൽ 'ലിയോ' കണ്ട് വിജയിയെ പ്രശംസിച്ചിട്ടുണ്ടെന്ന് ചില ആരാധകർ ചൂണ്ടിക്കാട്ടി.

വെങ്കട്ട് പ്രഭുവിന്റെ 'ദി ഗോട്ട്' എന്ന ചിത്രത്തിലാണ് വിജയ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. എച്ച്. വിനോദിന്റെ പൊങ്കൽ റിലീസായ 'ജന നായകൻ' എന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവർക്കൊപ്പമാണ് വിജയ് അടുത്തതായി അഭിനയിക്കുന്നത്. തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കും ഇതെന്ന് പറയപ്പെടുന്നു.

Content Highlights: YouTuber IShowSpeed was baffled in Thailand when Tamil star Vijay fans screamed `TVK` and `Thalapathy Vijay` at him. He tried to understand the fan`s pleas. Read more here!