IFFI 2026: അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

പനജി: 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് ഗോവയിൽ തുടക്കമാകും. നവംബർ 20 മുതൽ 28വരെ നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങുകൾ വൈകീട്ട് ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സിനിമ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. 'അതിരുകളില്ലാത്ത കഥകൾ' എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം.
പവൽ പാവ്ലിക്കോവ്സ്കി സംവിധാനം ചെയ്ത 'ഫാദർലാൻഡ്' ആണ് മേളയിലെ ഉദ്ഘാടന ചിത്രം. 1949-ൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജർമ്മനിയിലൂടെ നൊബേൽ സമ്മാന ജേതാവായ തോമസ് മാനും മകൾ എറിക്കയും നടത്തുന്ന യാത്രയും അവരുടെ അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
86 രാജ്യങ്ങളിൽ നിന്നുള്ള 159 ചിത്രങ്ങളും 76 ഇന്ത്യൻ ചിത്രങ്ങളുമടക്കം 230-ലധികം സിനിമകളാണ് ഇത്തവണ വിവിധ വിഭാഗങ്ങളിൽ പ്രദർശനത്തിനെത്തുന്നത്.
സംവിധായകനും നിർമാതാവുമായ ആനന്ദ് എൽ. റായ് ആണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയർമാൻ. 15 സിനിമകളാണ് ഈ വിഭാഗത്തിൽ സുവർണ മയൂരത്തിനായി മത്സരിക്കുന്നത്. ഇതുവരെ പ്രഖ്യാപിച്ച 12 ചിത്രങ്ങളിൽ മലയാള സിനിമകൾ ഇടംനേടിയിട്ടില്ല.
പ്രശസ്ത സംവിധായകൻ മധുർ ഭണ്ടാർക്കറാണ് ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗം ജൂറി ചെയർമാൻ. 25 ഫീച്ചർ സിനിമകളും 20 നോൺ-ഫീച്ചർ സിനിമകളും പനോരമയിൽ പ്രദർശനത്തിനെത്തും. ആദിത്യ ധർ സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ധുരന്ധർ' ആണ് പനോരമ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. ലീന യാദവ് സംവിധാനം ചെയ്ത ലഡാക്കി ചിത്രം 'ബിക്കമിങ്' ആണ് നോൺ-ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം.
അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവം മായ'യാണ് ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം. കൂടാതെ പനോരമയിലെ 'ന്യൂ ഹൊറൈസൺ' വിഭാഗത്തിൽ ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ഒറ്റ ഞാവൽമരം', ശ്രീഹരി ഹരിദാസ് സംവിധാനം ചെയ്ത 'അജയന്റെ മരണം: ഒരു കേസ് സ്റ്റഡി' എന്നീ മലയാള ചിത്രങ്ങളും പ്രദർശിപ്പിക്കും. നോൺ-ഫീച്ചർ വിഭാഗത്തിൽ സന്ദീപ് ഫ്രാൻസിസ് സംവിധാനം ചെയ്ത 'സ്വിച്ച് ഓഫ്' എന്ന മലയാള ചിത്രവുമുണ്ട്.
പ്രേം നസീറിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'തുലാഭാരം' എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും മേളയിലുണ്ടാകും.
പുതിയ തലമുറയിലെ സിനിമാ പ്രതിഭകളെ കണ്ടെത്താനുള്ള 'ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമാറോ' പദ്ധതിയുടെ ആറാം പതിപ്പിൽ 13 ചലച്ചിത്ര മേഖലകളിൽ നിന്നായി 100 യുവ പ്രതിഭകളെയാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്.
മാസ്റ്റർക്ലാസ്, ഇൻ കോൺവർസേഷൻ സെഷനുകളിൽ അന്താരാഷ്ട്ര-ഇന്ത്യൻ സിനിമയിലെ പ്രമുഖർ പ്രേക്ഷകരോട് സംവദിക്കും. ഫർഹാൻ അക്തർ, അശുതോഷ് ഗോവാരിക്കർ, ഗിരീഷ് കാസറവള്ളി, അയാൻ മുഖർജി, കാർത്തിക് സുബ്ബരാജ് എന്നിവർക്കൊപ്പം മലയാളത്തിൽ നിന്ന് ഗായിക കെ.എസ്. ചിത്രയും സംവിധായകനും നടനുമായ ബേസിൽ ജോസഫും വിവിധ സെഷനുകളിൽ പങ്കെടുക്കും.
സിംഗപ്പൂർ സംവിധായകൻ ആന്റണി ചെൻ ഒരുക്കിയ 'വീ ആർ ഓൾ സ്ട്രേഞ്ചേഴ്സ്' ആണ് സമാപന ചിത്രം. മത്സര വിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവർണ മയൂരവും 51 ലക്ഷം രൂപയും പുരസ്കാരമായി ലഭിക്കും. മികച്ച സംവിധായകൻ, മികച്ച നടൻ, നടി, മികച്ച നവാഗത സംവിധായകൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ രജത മയൂരവും ക്യാഷ് അവാർഡും സമ്മാനിക്കും.
Content Highlights: The 57th International Film Festival of India (IFFI) kicks off in Goa today, featuring over 230 films from 86 countries under the theme 'Stories Without Borders,' with Pawel Pawlikowski's Fatherland as the opening film, Akhil Sathyan's Sarvam Maya leading the Malayalam selection in the Indian Panorama feature section, a centenary tribute screening of Prem Nazir's Thulabharam, and special sessions by K.S. Chithra and Basil Joseph.