ഹ്രസ്വചലച്ചിത്ര മേള: മികച്ച കഥാചിത്രം- മൈ മദേഴ്‌സ് ഗേള്‍ഫ്രണ്ട്, ഡോക്യുമെന്ററി- അറ്റ് ഹോം വാക്കിങ്

മികച്ച ലോങ് ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ട അറ്റ് ഹോം വാക്കിങ്ങിന്റെ സംവിധായിക റജുല ഷാ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.
മികച്ച ലോങ് ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ട അറ്റ് ഹോം വാക്കിങ്ങിന്റെ സംവിധായിക റജുല ഷാ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

തിരുവനന്തപുരം: പതിമൂന്നാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയില്‍ ഹിന്ദി-മറാത്തി ചിത്രങ്ങളായ 'മൈ മദേഴ്‌സ് ഗേള്‍ഫ്രണ്ട്' (മാസ്യ ആയിച്ചി ഗേള്‍ഫ്രണ്ട്) മികച്ച കഥാചിത്രമായും 'അറ്റ് ഹോം വാക്കിങ്' (ചലോ സഖാ ഉസ് ദേസ് മേം) മികച്ച ഡോക്യുമെന്ററിയായും തിരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്തില്‍ നിന്നുള്ള 'ടെസ്റ്റിമണി ഓഫ് അന'യാണ് മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററി.

മുതിര്‍ന്ന രണ്ട് സ്ത്രീകള്‍ തമ്മിലുളള പ്രണയം പറയുന്ന ചിത്രമാണ് അരുണ്‍ ഫുലാരയുടെ 'മൈ മദേഴ്‌സ് ഗേള്‍ഫ്രണ്ട്'.മനുഷ്യ ജീവിതത്തിന്റെ വേഗതയേയും പുരോഗതിയേയും അന്വേഷിക്കുകയാണ് റജുല ഷായുടെ 'അറ്റ് ഹോം വാക്കിങ്' എന്ന ഡോക്യുമെന്ററി. സച്ചിന്‍ ധീരജ് മുടിഗോണ്ട ഒരുക്കിയ 'ടെസ്റ്റിമണി ഓഫ് അന', ദുര്‍മന്ത്രവാദിനിയെന്ന് മുദ്രകുത്തി ആക്രമിക്കപ്പെട്ടിട്ടും തന്റെ ഗ്രാമത്തില്‍ ധീരതയോടെ ഉറച്ചുനില്‍ക്കുന്ന ആദിവാസി വനിതയുടെ കഥ പറയുന്നു.

മികച്ച ഷോര്‍ട്ട് ഫിക്ഷനുള്ള പുരസ്‌കാരം നേടിയ മൈ മദേഴ്‌സ് ഗേള്‍ഫ്രണ്ട് എന്ന ചിത്രത്തില്‍ നിന്ന്.

കൗമാരങ്ങളുടെ സവിശേഷ ജീവിതം അടയാളപ്പെടുത്തിയ 'ക്യാറ്റ്‌ഡോഗ്' ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ മികച്ച രണ്ടാമത്തെ ചിത്രമായി. അഷ്മിത ഗുഹയാണ് സംവിധായിക. 'സൈക്കിള്‍' എന്ന ചിത്രം ഈ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. 

'ദി ലാസ്റ്റ് മാന്‍' ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. ദക്‌സിന്‍ കുമാര്‍ ബജ്റംഗി ആണ് ചിത്രത്തിന്റെ സംവിധായകന്‍. 'ഹോം അഡ്രസ്സ്', 'വണ്‍സ് അപ്പോണ്‍ എ വില്ലേജ്' എന്നീ ചിത്രങ്ങള്‍ ജൂറി പരാമര്‍ശം നേടി. രണ്ടാമത്തെ മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിക്കുള്ള പുരസ്‌ക്കാരം മലയാള ചിത്രം 'മാറ്റിവച്ച പങ്ക് ', 'റാപ്പര്‍' എന്നീ ചിത്രങ്ങള്‍ പങ്കിട്ടു. 'കല്‍സുബൈ' എന്ന ചിത്രം ഈ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ട ടെസ്റ്റിമണി ഓഫ് അനയില്‍ നിന്ന്

മാക്മര്‍ സംവിധാനം ചെയ്ത 'ബേണ്‍' രാജ് ഗോവിന്ദ് സംവിധാനം ചെയ്ത 'അണ്‍ സീന്‍ വോയ്‌സ് എന്നിവ മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌ക്കാരം പങ്കിട്ടു. നിഖില്‍ എസ്. പ്രവീണ്‍ ആണ് മേളയിലെ മികച്ച ഡോക്യുമെന്ററി ഛായാഗ്രാഹകന്‍ (ചിത്രം: ഐസ് ഓണ്‍ ഫിംഗര്‍ടിപ്‌സ് ). 'എ ബിഡ് ഫോര്‍ ബംഗാളി'ലൂടെ ഋതുപര്‍ണസാഹ ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച ചിത്രസംയോജകനായി തിരഞ്ഞെടുക്കപ്പെട്ടു. ചടങ്ങില്‍ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ രഞ്ജന്‍ പാലിത്തിനു വേണ്ടി നാച്ചിമുത്തു പുരസ്‌കാരം ഏറ്റുവാങ്ങി.

മന്ത്രിമാരായ സജി ചെറിയാനും കെ.എന്‍. ബാലഗോപാലും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Content Highlights: International Documentary & Short Film Festival of Kerala

Content Highlights: