ആദിവി ശേഷ്- വിനയ്കുമാര്‍ സിരിഗിനിദി ചിത്രം 'ഗൂഢാചാരി 2'സെറ്റില്‍ അപകടം; ഇമ്രാന്‍ ഹാഷ്മിക്ക് പരിക്ക്

ഇമ്രാന്‍ ഹാഷ്മി
ഇമ്രാന്‍ ഹാഷ്മി

പാന്‍-ഇന്ത്യന്‍ ചിത്രമായ ഗൂഡാചാരി 2-ല്‍ ആദിവി ശേഷിനൊപ്പം അഭിനയിക്കുന്ന ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിക് പരിക്ക്. ഗൂഡാചാരി 2-ന്റെ ഹൈദരാബാദ് ഷെഡ്യൂളില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴാണ് പരിക്കേറ്റത്. ആക്ഷനിടയില്‍ ഉയര്‍ന്നുചാടുന്ന ഒരു രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് സൂചന. അദ്ദേഹത്തിന്റെ കഴുത്തിനാണ് പരിക്കേറ്റിരിക്കുന്നത്. താടിയെല്ലിനു താഴെ മുറിവേറ്റ നടന്റെ മുഖത്തിന്റെ ഫോട്ടോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

സ്‌പൈ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. പവന്‍ കല്യാണ്‍ നായകനായ ഒജി എന്ന ചിത്രത്തിന് ശേഷം ഇമ്രാന്‍ ഹാഷ്മി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് 'ഗൂഢാചാരി 2'. വിനയ് കുമാര്‍ സിരിഗിനിദി സംവിധാനം ചെയ്യുന്ന ഈ ചിത്രം, പീപ്പിള്‍ മീഡിയ ഫാക്ടറി, അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ്, എകെ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവയുടെ ബാനറില്‍ ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗര്‍വാള്‍, വിവേക് കുചിബോട്ടിലാ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 

സൂപ്പര്‍ ഹിറ്റ് സ്‌പൈ ത്രില്ലര്‍ ചിത്രമായ ഗൂഡാചാരിയുടെ ആറാം വാര്‍ഷികത്തില്‍, ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നുള്ള ആവേശകരമായ നിമിഷങ്ങള്‍ ആദിവി ശേഷ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 2025 പകുതിയോടെ ബ്രഹ്‌മാണ്ഡ റിലീസായി പ്ലാന്‍ ചെയ്യുന്ന ഗൂഢാചാരി 2, ബഹുഭാഷാ ചിത്രമായിട്ടായിരിക്കും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ആദിവി ശേഷിനൊപ്പം ചേര്‍ന്ന് സംവിധായകന്‍ വിനയ് കുമാര്‍ തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും.

Content Highlights: imraan hashmi injured on the sets of adivi shesh vinaykumar siriginidi film goodachari 2