ഇളയരാജയുടെ പിന്തുണ വിജയ്ക്ക്?; ചർച്ചയായി ‘ചിന്നത്തമ്പി, ഉന്നൈ നമ്പി’ യുട്യൂബ് വീഡിയോ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ സിനിമ-രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജ പങ്കുവെച്ച ഗാനം. നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ഇളയരാജ പിന്തുണ പ്രഖ്യാപിച്ചോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഇത് ഉയർത്തുന്നത്. വിജയ് ബാലതാരമായി അഭിനയിച്ച ഒരു സിനിമാ ഗാനം പങ്കുവെച്ചുകൊണ്ടാണ് ഇളയരാജ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.
വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖർ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ 'ഇത് എങ്കൾ നീതി' എന്ന ചിത്രത്തിലെ ഗാനമാണ് ഇളയരാജ തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. വിജയ് ബാലതാരമായി അഭിനയിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയത് ഇളയരാജയായിരുന്നു. ഗാനത്തിലെ "ചിന്നത്തമ്പി, ഉന്നൈ നമ്പി..." (നിന്നെ വിശ്വസിക്കുന്നു, അനിയാ) എന്ന വരികൾ തമിഴ്‌നാട് ഇപ്പോൾ വിജയ്‌യെ ഒരു ഭാവി നേതാവായി കാണുന്നു എന്നതിന്റെ സൂചനയായാണ് അദ്ദേഹത്തിന്റെ അനുയായികൾ വിലയിരുത്തുന്നത്.
വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. എം.ജി.ആർ, ജയലളിത തുടങ്ങിയ മുൻകാല ചലച്ചിത്ര താരങ്ങളുടെ രാഷ്ട്രീയ യാത്രകളുമായാണ് വിജയ്‌യുടെ ഈ ചുവടുവെപ്പിനെ പലരും താരതമ്യം ചെയ്യുന്നത്. കേന്ദ്രത്തിലെ ബിജെപി സർക്കാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത വ്യക്തി കൂടിയായ ഇളയരാജയുടെ പുതിയ സോഷ്യൽ മീഡിയാ പോസ്റ്റ് രാഷ്ട്രീയ വൃത്തങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്.
മിക്ക എക്സിറ്റ് പോളുകളും ഭരണകക്ഷിയായ ഡിഎംകെ അധികാരം നിലനിർത്തുമെന്ന് പ്രവചിക്കുമ്പോൾ, വിജയ്‌യുടെ പാർട്ടിക്ക് സംസ്ഥാനത്ത് നിർണായക സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് ചില സർവ്വേകൾ സൂചിപ്പിക്കുന്നു. യുവ വോട്ടർമാർക്കിടയിലും കന്നി വോട്ടർമാർക്കിടയിലും വിജയ്ക്ക് വലിയ പിന്തുണയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇളയരാജയുടെ പോസ്റ്റ് വെറുമൊരു യാദൃഛികതയല്ലെന്നും മറിച്ച് രാഷ്ട്രീയമായ ഒരു പിന്തുണയാണെന്നും വിശ്വസിക്കുന്ന ആരാധകരുണ്ട്.
Content Highlights: Legendary composer Ilaiyaraaja shared a song from the 1988 film Ithu Engal Neethi, which featured a young Vijay. The lyrics "Chinna Thambi, Unnai Nambi..." (The state waits for you, little brother) are being read as a major political endorsement.