IFFK: ജെൻസി പിള്ളേരൊന്നും ഉറങ്ങുന്നില്ല; പുലർച്ചെ രണ്ടുമണിക്ക് സിനിമയിട്ടാലും കാണാൻ ആളുണ്ടാവും-മന്ത്രി

#സ്വന്തം ലേഖകന്‍
പി.സി വിഷ്ണുനാഥ് എം.എല്‍.എ. | ഫോട്ടോ: ജി. ശിവപ്രസാദ്
പി.സി വിഷ്ണുനാഥ് എം.എല്‍.എ. | ഫോട്ടോ: ജി. ശിവപ്രസാദ്

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള സമയം കൂട്ടൽ എല്ലാ വശങ്ങളും ആലോചിച്ച ശേഷമേ തീരുമാനിക്കൂവെന്ന് സാംസ്‌കാരികമന്ത്രി പി.സി. വിഷ്ണുനാഥ്. പുലർച്ചെ രണ്ടുമണിക്ക് സിനിമയിട്ടാലും കാണാൻ ആളുകൾ ഉണ്ടാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

'കാര്യങ്ങൾ എല്ലാം ആലോചിച്ച ശേഷമാണ് തീരുമാനം. പുലർച്ചെ രണ്ടുമണിക്ക് സിനിമയിട്ടാലും കാണാൻ ആളുകൾ ഉണ്ടാകും. ജെൻസി പിള്ളേരൊന്നും ഉറങ്ങുന്നില്ല. സിനിമ കണ്ട ശേഷം പിള്ളേര് പിറ്റേ ദിവസം ഉച്ചയ്ക്ക് മറ്റു സിനിമകൾ കാണാൻ എത്തട്ടെ. അതാകുമ്പോൾ മുതിർന്നവർക്ക് രാവിലെ സിനിമ കാണാൻ കഴിയും. എല്ലാവർക്കും സിനിമ കാണാൻ ഉള്ള അവസരമാണ് ഒരുങ്ങുന്നത്', മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ടാഗോർ തിയേറ്റർ ചലച്ചിത്രമേളയ്ക്ക് സ്ഥിരം വേദിയാക്കുന്നത് സംബന്ധിച്ച ചോദ്യത്തോടും മന്ത്രി പ്രതികരിച്ചു. ടാഗോർ തിയേറ്റർ പി.ആർ.ഡി. വകുപ്പിന് കീഴിലാണ്. അത് സാംസ്‌കാരിക വകുപ്പിന് ലഭിച്ചാൽ സ്ഥിരംവേദിയെപ്പറ്റി ആലോചിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ | 31-ാമത് IFFK: ഈ വർഷംമുതൽ 24 മണിക്കൂറും സിനിമാ പ്രദർശനം, തിരക്കും നീണ്ട നിരയും കുറയ്ക്കുക ലക്ഷ്യം

മേളയെ മുഴുവൻ സമയ അനുഭവമാക്കി മാറ്റാനുള്ള ചർച്ചകളിലാണ് ചലച്ചിത്ര അക്കാദമി. 31-ാം കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മുതൽ ഉദ്ഘാടന-സമാപന ദിവസങ്ങൾ ഒഴികെ ആറു ദിവസങ്ങളിൽ മേളയുടെ ഒന്നിലധികം വേദികളിൽ രാപകലില്ലാതെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ആലോചനയുണ്ടെന്ന് ചെയർമാൻ രവീന്ദ്രൻ നേരത്തെ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞിരുന്നു.

Content Highlights: Cultural Minister P.C. Vishnunath addressed proposals to introduce 24/7 film screenings at IFFK. Minister noted that younger audiences ("Gen Z") are willing to attend screenings even late at night or early morning. Staggering showtimes could help free up morning slots for older cinema enthusiasts. Handing over Tagore Theatre to the Cultural Department could pave the way for a permanent festival venue. Kerala State Chalachithra Academy is considering non-stop screenings across multiple venues starting from the 31st IFFK edition.