കടല്‍ കടക്കാന്‍ IFFK; വിദേശരാജ്യങ്ങളില്‍ ചലച്ചിത്രോത്സവത്തിന് ആലോചനയുണ്ടെന്ന് റസൂല്‍ പൂക്കുട്ടി

ന്യൂഡല്‍ഹി: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്കെ) മാതൃകയില്‍ വിദേശരാജ്യങ്ങളിലും മലയാള ചലച്ചിത്രോത്സവങ്ങള്‍ നടത്താന്‍ ആലോചിക്കുന്നുണ്ടെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ റസൂല്‍ പൂക്കുട്ടി. മുപ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രചാരണാര്‍ഥം ഡല്‍ഹിയിലെത്തിയപ്പോഴായിരുന്നു പ്രതികരണം.
ഐഎഫ്എഫ്കെയുടെ ദുബായ് പതിപ്പ് ആലോചനയിലുണ്ടെന്നും അവിടത്തെ അധികൃതര്‍ ബന്ധപ്പെട്ടിരുന്നെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. മലയാളഭാഷാ ചിത്രങ്ങളെ ഡല്‍ഹിയടക്കമുള്ള നഗരങ്ങളില്‍ അവതരിപ്പിക്കുന്നതും ആലോചനയിലുണ്ട്.
ലോകസിനിമയില്‍ ഇറാനിയന്‍ സിനിമകള്‍ എന്നപോലെ ആഗോളതലത്തില്‍ മലയാളം സിനിമകളെ അടയാളപ്പെടുത്താന്‍ ശ്രമിക്കും. ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎഫ്എഫ്കെ വെറും ചലച്ചിത്രോത്സവമല്ല, അതൊരു ചലച്ചിത്ര പാഠശാലയാണെന്നും (ഫിലിം സ്‌കൂള്‍) റസൂല്‍ പൂക്കുട്ടി അഭിപ്രായപ്പെട്ടു.
കേരളഹൗസില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ കുക്കു പരമേശ്വരന്‍, സെക്രട്ടറി അജോയ് ചന്ദ്രന്‍, കെയുഡബ്ല്യുജെ ഡല്‍ഹി പ്രസിഡന്റ് പ്രസൂന്‍ എസ്. കണ്ടത്ത് എന്നിവരും പങ്കെടുത്തു.
സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്
ഡിസംബര്‍ 12 മുതല്‍ 19 വരെ എട്ടുദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള ഇരുനൂറില്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സമ്മാനിക്കും. അഞ്ചുലക്ഷം രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഡിസംബര്‍ 19-ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. വിയറ്റ്‌നാം യുദ്ധത്തിന്റെ അന്‍പതാംവാര്‍ഷികത്തോടനുബന്ധിച്ച് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ വിയറ്റ്‌നാമില്‍നിന്നുള്ള അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഹിന്ദിസംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയുടെ മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാളസിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും.
ലോകസിനിമാവിഭാഗത്തില്‍ അറുപതിലധികം സിനിമകള്‍ ഉള്‍പ്പെടുത്തി. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ എട്ടുസിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫിമെയ്ല്‍ ഫോക്കസ്, മിഡ്‌നൈറ്റ് സിനിമ, റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ് എന്നീ വിഭാഗങ്ങളിലും സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ നാലുചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
സംവിധായകന്‍ ഷാജി എന്‍. കരുണ്‍, സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി. വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗത്തില്‍ ഇരുവരുടെയും രണ്ടു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പലസ്തീന്‍ ഐക്യദാര്‍ഢ്യ വിഭാഗവുമുണ്ടാകും.
പരമാവധി ആളുകളെ പങ്കെടുപ്പിക്കും
ഇത്തവണത്തെ ചലച്ചിത്രോത്സവത്തില്‍ പരമാവധി ആളുകളെ പങ്കെടുപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ പറഞ്ഞു. 12,000 പ്രതിനിധികളെയാണ് ഉള്‍പ്പെടുത്തുക. മൂവായിരത്തോളം പാസ് വിദ്യാര്‍ഥികള്‍ക്ക് മാറ്റും.
70 ശതമാനം മുന്‍കൂട്ടിയുള്ള റിസര്‍വേഷനും ബാക്കി 30 ശതമാനം നേരിട്ടുള്ള പാസുമാണ് നടപ്പാക്കുക. ഇത്തവണ 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം. 200-ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായെത്തും.
Content Highlights: IFFK aims to expand internationally with film festivals in foreign countries, including a potential Dubai edition.