ആ വേഷം ചെയ്തശേഷം പലരാജ്യങ്ങളിൽ നിന്നും വിഷുവിന് ക്ഷണിച്ചിട്ടുണ്ട് -ഹരിശ്രീ അശോകൻ

ഹരിശ്രീ അശോകൻ | ഫോട്ടോ: വി.പി. പ്രവീൺകുമാർ \ മാതൃഭൂമി
ഹരിശ്രീ അശോകൻ | ഫോട്ടോ: വി.പി. പ്രവീൺകുമാർ \ മാതൃഭൂമി

മലയാളസിനിമയിലെ എന്റർടെയിനറുകളുടെ ലിസ്റ്റെടുത്താൽ അതിലൊരു സുപ്രധാന സ്ഥാനത്തുണ്ടാവും ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ. മികച്ച ​ഗാനങ്ങളും തമാശകളുമായെത്തിയ ചിത്രം ഇന്നും ആളുകളുടെ മനസിലുണ്ട്. ചിത്രത്തിൽ ശ്രീകൃഷ്ണനായി വേഷമിട്ടതിനേക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടൻ ഹരിശ്രീ അശോകൻ.

മീശമാധവനിൽ ശ്രീകൃഷ്ണനായി വന്നശേഷം കേരളത്തിനകത്തും പുറത്തും മറ്റു രാജ്യങ്ങളിൽ നിന്നും വിഷുവിന് ചെല്ലാൻ പറഞ്ഞ് വിളിച്ചിട്ടുണ്ടെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന്റെ ടോക്കീസിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആ ഒറ്റ വേഷം കൊണ്ട് പല രാജ്യങ്ങൾ കാണാൻ പറ്റി. വിഷുവിന് പല പ്രോ​ഗ്രാമുകൾക്ക് പല രാജ്യങ്ങളിൽ പോകാൻ പറ്റിയിട്ടുണ്ട്. ഇന്ത്യയിൽത്തന്നെ പലയിടങ്ങളിലും പോയി. ഇപ്പോഴും പല സ്ഥലങ്ങളിലും ചെല്ലുമ്പോൾ ആ രം​ഗം കട്ട് ചെയ്ത് വലിയ സ്ക്രീനിൽ കാണിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ഒരു മേക്ക് ഓവർ എന്നത് കലാകാരനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഈ താടിയും മീശയും വെച്ചിട്ട് തന്നെയാണ് ഭിക്ഷക്കാരൻ മുതൽ കോളേജ് കുമാരൻ വരെ ആയത്. വേറെ പടങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൂടുതൽ പടങ്ങളിൽ നിന്ന് അവസരം വന്നത്. അങ്ങനെ താടി വടിക്കാൻ പറ്റാത്ത അവസ്ഥ വരികയായിരുന്നു. പെൺവേഷം കെട്ടിയപ്പോൾ വരെ താടിയുണ്ടായിരുന്നു. താടിവെച്ച് ഇത്രയും വേഷങ്ങൾ ചെയ്തിട്ട് ആളുകൾ ഇഷ്ടപ്പെടുന്നു എന്നുപറഞ്ഞാൽ അതെന്റെ ഭാ​ഗ്യം തന്നെയാണ്." ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു.

Content Highlights: harisree ashokan about his sreekrishna role in meesha madhavan movie, harisree ashokan interview