‘ഹനുമാൻ അംശി’ന്റെ വിജയം കണ്ട് ബോളിവുഡിന് ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ടാകും-നിർമാതാവ് അനുപ്രിയ നഗർ

#മൂവി ഡെസ്ക്
അനുപ്രിയ ന​ഗർ, ഹനുമാൻ അൻഷ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Instagram, X
അനുപ്രിയ ന​ഗർ, ഹനുമാൻ അൻഷ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Instagram, X

വിശാൽ ചതുർവേദി സംവിധാനം ചെയ്ത് ശോഭിനവ് സത്യ പ്രധാന വേഷത്തിൽ എത്തിയ 'ഹനുമാൻ അംശ്' (Hanuman Ansh) വൻ ബോക്സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ്. നിർമാണഘട്ടത്തിൽ ഈ ചിത്രം നേരിട്ട പ്രധാന വെല്ലുവിളിയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നിർമാതാക്കളിലൊരാളായ അനുപ്രിയ നഗർ. ബോളിവുഡിൽ പലരും ഈ സിനിമയ്ക്ക് പിന്തുണ നൽകാൻ വിസമ്മതിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. എന്നാൽ ഇപ്പോൾ ചിലർ ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി ചെറിയ തുക നിക്ഷേപിക്കാൻ പോലും പലരും തയ്യാറായിരുന്നില്ലെന്ന് സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ അനുപ്രിയ വ്യക്തമാക്കി. തുടക്കക്കാരനായ സംവിധായകനും പുതിയ അഭിനേതാക്കളും അണിനിരന്ന ചെറിയ ബജറ്റ് ചിത്രമായതിനാൽ സിനിമാ വ്യവസായത്തിലുള്ളവർക്ക് ഇതിൽ വലിയ വിശ്വാസമില്ലായിരുന്നു. ഈ ചിത്രം തിയേറ്ററുകളിൽ എത്തി ശ്രദ്ധിക്കപ്പെടാതെ പോകുമെന്നാണ് ഭൂരിഭാഗം ആളുകളും കരുതിയിരുന്നത്. നിർമാതാവായി താനെത്തുന്നതിന് മുൻപേതന്നെ സിനിമയുടെ അണിയറപ്രവർത്തകർ പലരേയും സമീപിച്ചിരുന്നു. എന്നാൽ വലിയൊരു തുകയുടെ നിക്ഷേപം അല്ലായിരുന്നിട്ടും ആരും സഹായിക്കാൻ തയ്യാറായില്ലെന്നും അവർ വ്യക്തമാക്കി.

"റിലീസിന് മുൻപ് ഞങ്ങളെ പിന്തുണച്ചവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. എന്നാൽ പലർക്കും ഈ ചിത്രത്തിൽ വിശ്വാസമില്ലായിരുന്നു. ഇതൊരു ചെറിയ ബജറ്റ് ചിത്രമാണെന്നും സംവിധായകന്റെ ആദ്യ ചിത്രമാണെന്നും അഭിനേതാക്കളും പുതിയവരാണെന്നും അവർ കരുതി. ചിത്രം വരും, പോകും എന്നതല്ലാതെ ആളുകൾക്ക് അതിൽ വിശ്വാസമുണ്ടായിരുന്നില്ല." അനുപ്രിയയുടെ വാക്കുകൾ.

Also Read: സമ്പാദ്യം മുഴുവൻ 'ഹനുമാൻ അൻഷി'ൽ നിക്ഷേപിച്ചു, ഈ വിജയം മഹാരാജ് ജീയുടെ അദ്ഭുതം-നിർമാതാവ് അനുപ്രിയ നഗർ

ബോക്സോഫിസിൽ 'ഹനുമാൻ അംശ്' മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം ഇൻഡസ്ട്രിയിൽ നിന്നുള്ള പ്രതികരണങ്ങൾ മാറിയെന്ന് അനുപ്രിയ പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം 2 കോടിയിൽ താഴെ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 331.70 കോടി രൂപയാണ് ഗ്രോസ് കളക്ഷൻ നേടിയത്. തുടക്കത്തിൽ പണം മുടക്കാൻ തയ്യാറാകാതിരുന്ന പല നിർമാതാക്കളും പിന്നീട് തന്നെ ബന്ധപ്പെട്ടതായി അവർ പറഞ്ഞു.

"നിരവധി നിർമാതാക്കൾ ഞങ്ങളെ ബന്ധപ്പെട്ടു, അത് വളരെ സന്തോഷം നൽകുന്നതാണ്. അവർ ഞങ്ങളെ അഭിനന്ദിച്ചു. അവരിൽ ചിലർ നേരിട്ട് വന്ന് മാപ്പുപറഞ്ഞു. ഒപ്പം ചേരാൻ കഴിയാത്തതിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നും അതൊരു വലിയ അബദ്ധമായിപ്പോയെന്നും പറഞ്ഞു. ഒരു ചെറിയ ചിത്രത്തിന് ഇത്രയധികം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ ഞങ്ങളെ ബോധ്യപ്പെടുത്തി. നിങ്ങൾ ഇൻഡസ്ട്രിക്ക് ഒരു പാഠം നൽകിയിരിക്കുന്നു എന്ന് അവർ പറഞ്ഞു. എങ്കിലും, അവരുടെ ആദ്യ തീരുമാനത്തോട് യാതൊരുവിധ നീരസവുമില്ല. ഞാൻ അവരെ കുറ്റപ്പെടുത്തുന്നില്ല, കാരണം ഇതൊരു വളരെ ചെറിയ ചിത്രമായിരുന്നു," അനുപ്രിയ കൂട്ടിച്ചേർത്തു.

Also Read: പഠനത്തിന്റെ ഭാഗമായ അസൈൻമെന്റ് ബ്ലോക്ക്ബസ്റ്റർ ചിത്രമായപ്പോൾ, ആരാണ് ഹനുമാൻ അൻഷ് നിർമിച്ച 21കാരി?

നീം കരോലി ബാബയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ ചിത്രം വിശ്വാസം, ഭക്തി, കരുണ, നിസ്വാർത്ഥ സേവനം എന്നിവയാണ് പ്രമേയമാക്കുന്നത്. ചിത്രത്തിന്റെ വിജയം ബോളിവുഡിലെ പരമ്പരാഗത രീതികളെയും കണക്കുകൂട്ടലുകളെയും തിരുത്തിക്കുറിച്ചിരിക്കുകയാണ്.

Content Highlights: Anupriya Nagar, co-producer of the hit devotional drama Hanuman Ansh, revealed that several Bollywood producers who initially declined to invest in the low-budget film have now reached out to congratulate and apologize to the team following its remarkable ₹331+ crore box office success.