എതിര്‍ത്ത് കത്തോലിക്കാ കോണ്‍ഗ്രസും ആര്‍എസ്എസും; 'ഹാല്‍' ഹര്‍ജിയില്‍ വിധിപറയാന്‍ മാറ്റി

കൊച്ചി: സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ പതിനഞ്ചോളം കട്ടുകൾ വേണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചതിനെതിരേ ഹാൽ സിനിമയുടെ നിർമാതാവും സംവിധായകനും നൽകിയ ഹർജിയിൽ ഹൈക്കോടതി നവംബർ 14-ന് വിധി പറയും. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് വാദം കേട്ടത്. നേരത്തേ അദ്ദേഹം സിനിമ കണ്ടിരുന്നു. ഹർജിയെ എതിർത്ത് കത്തോലിക്കാ കോൺഗ്രസും ആർഎസ്എസ് നേതാവും കക്ഷി ചേർന്നിരുന്നു.
സെൻസർ ബോർഡ് പറയുന്നതുപോലെ കട്ട് ചെയ്താൽ സിനിമയുടെ കഥാഗതിതന്നെ മാറുമെന്നാണ് നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഷെയ്ൻ നിഗം നായകനായ സിനിമയുടെ ഇതിവൃത്തം മുസ്‌ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ്. ഇതിലെ ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം നീക്കണം, ക്രൈസ്തവ മത വികാരങ്ങളുമായി ബന്ധപ്പെട്ട ചില രംഗങ്ങളിൽ മാറ്റം വരുത്തണം, രാഖി ധരിച്ചുവരുന്ന ഭാഗങ്ങൾ അവ്യക്തമാക്കണം തുടങ്ങിയ നിർദേശങ്ങളാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ചത്.
സിനിമ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നതടക്കമുള്ള വാദമാണ് ഹർജിയെ എതിർക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഉന്നയിക്കുന്നത്. ആർഎസ്എസിനെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആർഎസ്എസ് നേതാവ് നൽകിയ ഹർജിയിൽ പറയുന്നത്.
Content Highlights: Kerala High Court to Rule on Haal' Film's Censorship Dispute