പെൺകുട്ടായ്മയുടെ കരുത്തും കരുതലും; ക്രാഫ്റ്റ്സ് വില്ലേജിൽ വൗ വുമൺസ് വീക്ക് ആഘോഷങ്ങൾ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോവളം: പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന സാംസ്‌കാരിക വസന്തത്തിന് കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് വേദിയാകുന്നു. അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ടിക്കർ ഇവന്റ്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'വൗ വുമൻസ് വീക്ക്' പരമ്പരയുടെ ഭാഗമായാണ് പ്രശസ്തമായ 'ഗോസിപ്പ്' എന്ന നൃത്തശില്പം വെള്ളിയാഴ്ച അരങ്ങേറുന്നത്. കൊച്ചി- മുസിരിസ് ബിനാലെയിൽ ആദ്യമായി അവതരിപ്പിച്ച 45 മിനിറ്റ് ദൈർഘ്യമുള്ള നൃത്തശിൽപം, സ്ത്രീസൗഹൃദങ്ങളുടെ ആഴവും അതിജീവനവും പറയുന്നു.

തുടിപ്പ് ഡാൻസ് ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന 'ഗോസിപ്പ്'  പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ പരസ്പരം നൽകുന്ന കരുതലിന്റേയും നിലനിൽപ്പിന്റെയും ആശയവിനിമയ രൂപമായാണ് പുനർനിർവചിക്കുന്നത്. അഞ്ജലി കൃഷ്ണദാസ്, പൊന്നു സജീവ്, ഗ്രീഷ്മ നരേന്ദ്രൻ എന്നീ മൂന്ന് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന നൃത്തശില്പം, സ്ത്രീകൾ തങ്ങളുടെ കഥകൾ പങ്കുവെക്കുകയും കരുത്ത് ആർജ്ജിക്കുകയും ചെയ്യുന്ന അവരുടേതായ മൂന്നാം ഇടങ്ങളെ അടയാളപ്പെടുത്തുന്നു. വൈവിധ്യമാർന്ന ഇന്ത്യൻ നൃത്തരൂപങ്ങൾ കോർത്തിണക്കിയ കലാരൂപം, ആശയരൂപീകരണം മുതൽ സംവിധാനം, സംഗീതം, വസ്ത്രാലങ്കാരം തുടങ്ങി എല്ലാ മേഖലകളും സ്ത്രീകളുടെ സമ്പൂർണ്ണ പങ്കാളിത്തംകൊണ്ടുകൂടി ശ്രദ്ധേയമാണ്.

സ്ത്രീത്വത്തിന്റെ കരുത്തും കലാപരമായ നവീനതയും ഉയർത്തിക്കാട്ടുന്ന ഇത്തരം സർഗാത്മക സൃഷ്ടികൾക്ക് വേദിയാകുന്നതിൽ ക്രാഫ്റ്റ്സ് വില്ലേജ് അഭിമാനിക്കുന്നുവെന്ന് കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശ്രീപ്രസാദ് ടി.യു. പറഞ്ഞു. പാരമ്പര്യ കലകളും സമകാലിക പ്രകടനങ്ങളും തമ്മിലുള്ള സംവാദത്തിന് വേദിയൊരുക്കുന്നതിലൂടെ സാമൂഹിക മാറ്റത്തിന് പ്രേരണയാകാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ജലി കൃഷ്ണദാസും പൊന്നു സജീവും ചേർന്ന് സംവിധാനം ചെയ്ത നൃത്തശില്പത്തിന് ഗ്രീഷ്മ നരേന്ദ്രനാണ് കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. ചാരു ഹരിഹരന്റെ സംഗീതവും ഗൗരി മനോഹരിയുടെ ലൈറ്റിങ്ങും ശിൽപ സുഗുണന്റെ വസ്ത്രാലങ്കാരവും പ്രദർശനത്തിന് മിഴിവേകുന്നു. മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും വൈദഗ്ദ്ധ്യം നേടിയ അഞ്ജലിയും പൊന്നുവും ചേർന്ന് രൂപീകരിച്ച 'തുടിപ്പ്', കലയെ സാമൂഹിക മാറ്റങ്ങൾക്കായി ഉപയോഗിക്കുന്ന സ്വതന്ത്ര ഇടമായാണ് പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ക്രാഫ്റ്റ്സ് വില്ലേജിലാണ് പരിപാടി.

Content Highlights: A unique dance sculpture named 'Gossip' celebrating female friendship and solidarity. Featured as part of the 'WOW Women's Week' at the Kerala Arts and Crafts Village, Kovalam. An all-women production by the Thudippu Dance Foundation, blending various Indian dance forms. Redefines 'gossip' as a powerful communication tool for female support and survival