ഹാൻഡ് ബാഗേജും ട്രോളിയും സ്‌കാൻ ചെയ്തു, ഒന്നും കണ്ടെത്തിയില്ല; രന്യയെ കുടുക്കിയത് മെറ്റൽ ഡിറ്റക്ടർ

രന്യാ റാവു/ രന്യാ റാവുവില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണം | Photo: facebook/ ranya rao/ x
രന്യാ റാവു/ രന്യാ റാവുവില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണം | Photo: facebook/ ranya rao/ x

ന്നഡ നടി രന്യ റാവുവിനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു.14 കിലോ ഗ്രാം സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചുവെച്ച രന്യ  കസ്റ്റംസിന് മുമ്പില്‍ വെളിപ്പെടുത്തേണ്ടതായിട്ടുള്ള ഒരു വസ്തുവും ഇല്ലെന്നാണ് പറഞ്ഞിരുന്നത്. മാര്‍ച്ച് നാലിന് ബെംഗളൂരു വിമാനത്താവളത്തില്‍ ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ വന്നിറങ്ങിയ രന്യ ടെര്‍മിനല്‍ രണ്ടില്‍ എത്തി. ഗ്രീന്‍ ചാനല്‍ വഴി കടക്കാനായിരുന്നു രന്യയുടെ ശ്രമം. ഇതിനിടയിലാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ രന്യയെ തടഞ്ഞത്. സ്വര്‍ണമോ നികുതി നല്‍കേണ്ടതോ ആയ എന്തെങ്കിലും വസ്തുക്കൾ കൈവശം ഉണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്നായിരുന്നു രന്യ മറുപടി നല്‍കിയത്. 

എന്നാല്‍ മെറ്റല്‍ ഡിറ്റക്ടര്‍ കവാടത്തില്‍ ലോഹത്തിന്റെ സാന്നിധ്യം കാണിച്ചു. തുടര്‍ന്ന് രന്യയുടെ ഹാന്‍ഡ് ബാഗേജും ട്രോളിയും സ്‌കാന്‍ ചെയ്തു, ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്നാണ് രന്യ റാവുവിനെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.  ക്രേപ്പ് ബാന്‍ഡേജും മറ്റും ഉപയോഗിച്ച് അരക്കെട്ടിലും കാലിലുമായി സ്വര്‍ണക്കട്ടികള്‍ കെട്ടിവെച്ചിരുന്നു. മുറിച്ച നിലയിലുള്ള സ്വര്‍ണത്തിന്റെ ചില കഷണങ്ങള്‍ ഷൂസിലും പാന്റ്സിന്റെയും പോക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു.

ആകെ 14213.050 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് രന്യയില്‍ നിന്ന് കണ്ടെടുത്തതെന്ന് ഡിആര്‍ഐ അറസ്റ്റ് മെമ്മോയില്‍ പറയുന്നു. തൊട്ടുപിന്നാലെ രന്യയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 2.67 കോടി രൂപയും  രണ്ട് കോടിയുടെ ആഭരണങ്ങളും ഡിആര്‍ഐ കണ്ടെടുത്തു. പണത്തിന്റെ ഉറവിടമോ ആഭരണങ്ങള്‍ വാങ്ങിയതിന്റെ ബില്ലുകളോ ഉണ്ടായിരുന്നില്ല. 

ചോദ്യം ചെയ്യലില്‍ രന്യ എല്ലാ വസ്തുതകളും വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ലെന്നാണ് ഡിആര്‍ഐയുടെ മെമ്മോയില്‍ പറയുന്നത്. അന്വേഷണത്തില്‍ അവര്‍ പൂര്‍ണ്ണമായി സഹകരിച്ചിട്ടില്ല, തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങളെ തടയുമെന്നും ഡിആര്‍ഐ വ്യക്തമാക്കുന്നു.

Content Highlights: Gold on body-Ranya Rao declared no goods at airport- metal detector went off