എന്റെ ഗാഥാ ജാം, അപൂർണതയിലും സൗന്ദര്യമുണ്ടെന്ന് ഓർമിപ്പിച്ചവൾ; മഞ്ജുവിന് പിറന്നാളാശംസിച്ച് ഗീതു

ഗീതു മോഹൻദാസ്, മഞ്ജു വാര്യർ | ഫോട്ടോ: ബി.മുരളികൃഷ്ണൻ, സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി
ഗീതു മോഹൻദാസ്, മഞ്ജു വാര്യർ | ഫോട്ടോ: ബി.മുരളികൃഷ്ണൻ, സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി

ജന്മദിനം ആഘോഷിക്കുന്ന നടി മഞ്ജുവാര്യർക്ക് ഹൃദയംനിറഞ്ഞ ആശംസകളുമായി നടിയും സംവിധായികയുമായ ​ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചെറുകുറിപ്പിൽ ​ഗാഥാ ജാം എന്നാണ് ​ഗീതു മഞ്ജു വാര്യരെ വിശേഷിപ്പിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇതിന് പ്രതികരണങ്ങളുമായെത്തിയത്.

"എല്ലാം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് നിങ്ങളുടെ സാന്നിദ്ധ്യം എൻ്റെ ജീവിതത്തിൽ ഒരു സുസ്ഥിരമായ പ്രകാശമായി നിലകൊള്ളുന്നു. ആധികാരികമായി ജീവിക്കുക എന്നതിൻ്റെ അർത്ഥമെന്താണെന്ന് നിങ്ങളിലൂടെ ഞാൻ മനസ്സിലാക്കി. അപൂർണതയിലും സൗന്ദര്യമുണ്ടെന്നും ദയയിൽ ശക്തിയുമുണ്ടെന്നും ഏറ്റവും ലളിതമായ നിമിഷങ്ങളിൽ മാന്ത്രികതയുമുണ്ടെന്നും നിങ്ങളുടെ അനുകമ്പയും ധൈര്യവും എന്നെ ഓർമിപ്പിക്കുന്നു. നിങ്ങളെ ഞാൻ ഒരുപാട സ്നേഹിക്കുന്നു. എന്റെ ​ഗാഥാ ജാമിന്, ജന്മദിനാശംസകൾ." ​ഗീതു മോഹൻദാസിന്റെ വാക്കുകൾ.

​ഗീതുവിന് നന്ദിയറിയിച്ച് മഞ്ജു വാര്യരുമെത്തി. മഞ്ജു വാര്യർ തിരിച്ച് ​ഗീതു മോഹൻദാസിനേയും ​ഗാഥാ ജാം എന്നാണ് കമന്റിൽ അഭിസംബോധന ചെയ്തിരിക്കുന്നത്. 'നന്ദിയുണ്ട് ​ഗാഥാ ജാം' എന്നാണ് മഞ്ജു വാര്യർ കമന്റിട്ടിരിക്കുന്നത്. 

പുതിയ ചിത്രങ്ങളുമായി തിരക്കിലാണ് മഞ്ജുവും ​ഗീതുവും. കന്നഡ യുവ സൂപ്പർതാരം യഷിനെ നായകനാക്കി ടോക്സിക്ക് എന്ന ചിത്രമൊരുക്കുകയാണ് ​ഗീതു മോഹൻദാസ്. നയൻതാരയാണ് ഈ ചിത്രത്തിലെ നായിക. അതേസമയം മലയാളത്തിലും തമിഴിലും കൂടിതൽ സജീവമാകുകയാണ് മഞ്ജുവാര്യർ. രജനികാന്ത് നായകനാകുന്ന വേട്ടയൻ, വിജയ് സേതുപതി-വെട്രിമാരൻ ടീമിന്റെ വിടുതലൈ 2, ആര്യ നായകനാകുന്ന മിസ്റ്റർ എക്സ് എന്നിവയാണ് തമിഴിൽ മഞ്ജുവിന്റേതായി ഒരുങ്ങുന്ന ചിത്രങ്ങൾ. പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാനാണ് മഞ്ജു വാര്യർ വേഷമിടുന്ന മലയാള ചിത്രം.

Content Highlights: geethu mohandas birthday wishes manju warrier