എനിക്ക് എയിഡ്സുണ്ടോയെന്ന് ചോദിച്ചു, ഞാനുമായി പ്രണയത്തിലുള്ളപ്പോൾ അയാൾക്ക് മറ്റൊരു കാമുകിയും-ഗായത്രി സുരേഷ്

#മൂവി ഡെസ്ക്
ഗായത്രി സുരേഷ് | ഫോട്ടോ: www.instagram.com/gayathri_r_suresh/
ഗായത്രി സുരേഷ് | ഫോട്ടോ: www.instagram.com/gayathri_r_suresh/

തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി ഗായത്രി സുരേഷ്. തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്നും താനുമായി പ്രണയത്തിലായിരിക്കുമ്പോൾത്തന്നെ അയാൾക്ക് എറണാകുളത്ത് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞെന്നും അവർ പറഞ്ഞു. തനിക്ക് സംഭവിച്ച ഒരു കാറപകടത്തിനുശേഷമാണ് ആ ബന്ധം ജീവിതത്തിൽ നിന്ന് ഒഴിവാക്കിയതെന്നും അവർ പറഞ്ഞു. ബിഗ് ബോസ് ഷോയിലായിരുന്നു ഗായത്രി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ഒരാളോട് സംസാരിക്കാൻ അവസരം ലഭിച്ചാൽ എന്ന സെഗ്മെന്റിൽ സംസാരിക്കുകയായിരുന്നു അവർ.

"ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ ഞാൻ ഏറ്റവും കൂടുതൽ വേദനിച്ചതും മാനസികാഘാതമുണ്ടായതും 2021ൽ ഒരു വിവാദത്തിൽപെട്ട സമയത്തായിരുന്നു.

ആ സമയത്ത് ഞാനൊരു സിറ്റുവേഷൻഷിപ്പിലായിരുന്നു. പ്രണയമെന്നാണ് ഞാനന്ന് കരുതിയത്. എന്നാലത് സിറ്റുവേഷൻഷിപ്പ് മാത്രമായിരുന്നുവെന്ന് ഇപ്പോൾ മനസിലാക്കുന്നു. ഞാൻ ഇയാളെ കണ്ടു പരിചയപ്പെടുന്നു, എല്ലാവരിലെയും റെഡ് ഫ്ളാഗ് എളുപ്പത്തിൽ മനസിലാക്കുന്നയാളാണ് ഞാൻ. എന്നാലും ഞാനവർക്ക് മൂന്ന് അവസരം നൽകും. അതു മൂന്നും ശരിയായില്ലെങ്കിൽ അയാളെ എന്റെ ജീവിതത്തിൽ നിന്നു പൂർണമായും പുറത്താക്കും.

പ്രണയത്തിലായി ആദ്യ ആഴ്‌ച തന്നെ അയാളെന്നോട് ചോദിച്ചത്, ‘തനിക്ക് എയ്‌ഡ്‌സ് ഉണ്ടോയെന്നാണ്’. ആ നിമിഷം ഞാനയാളെ ഒഴിവാക്കി. എന്നാൽ ഞാൻ കൂടുതൽ നെഗറ്റീവ് ആവുകയായിരുന്നോയെന്ന് ചിന്തിച്ച് വീണ്ടും ബന്ധം തുടർന്നു. ഞാൻ തൃശൂരും അയാൾ എറണാകുളം സ്വദേശിയുമായിരുന്നു.

ഇതേസമയം തന്നെ എറണാകുളത്ത് വേറൊരാളുമായി ഇയാൾക്ക് പ്രണയബന്ധം ഉണ്ടായിരുന്നുവെന്ന് ഞാൻ കണ്ടെത്തി. ആ സമയത്ത് എനിക്കും കുറച്ച് മോശം ശീലങ്ങളൊക്കെ ഉണ്ടായിരുന്നു. ഞാനും നല്ലൊരു മനുഷ്യസ്ത്രീയാണെന്നൊന്നും പറയുന്നില്ല. പക്ഷേ ഒരു നന്മ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. വേണമെന്നുവച്ച് ആളുകളെ ഉപദ്രവിക്കാറില്ല. ആ സമയത്ത് ഇയാൾ എന്നിൽനിന്നും അകന്നു. പക്ഷേ എനിക്ക് ഇയാെള കണ്ടേ പറ്റൂ. അങ്ങനെ ഞാനും ഇയാളും കാറിൽ പോകുന്ന സമയത്താണ് കാറപകടവും തുടർന്നുള്ള വിവാദങ്ങളും ഉണ്ടാകുന്നത്.

പിന്നാലെ പൊലീസെത്തി അയാളെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. തിരികെ വന്നതിനുശേഷം എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി. അതാണ് എനിക്ക് ഏറ്റവും ആഘാതമുണ്ടാക്കിയത്. അതുകൊണ്ട്, അയാളെ വീണ്ടും കാണുകയാണെങ്കിൽ, ഞാൻ പറയും വളരെയധികം നന്ദി എന്ന്.

അയാളുടെ കാമുകി എന്തൊക്കെയായിരിക്കും അനുഭവിച്ചതെന്ന് എനിക്ക് വ്യക്തമായി മനസിലാക്കാൻ കഴിയും. കാരണം അതൊരു 'നാർസിസിസ്റ്റിക്' ബന്ധമായിരുന്നു. അതിൽ അത്തരത്തിലുള്ള മാനസിക പീഡനങ്ങളും ഉണ്ടായിരുന്നു. അതിനാൽ ഇപ്പോൾ അയാളെ കണ്ടാൽ ഞാൻ പറയും വേറൊരാളെ തേടിപ്പോയതിന് വളരെ നന്ദി എന്ന്. അല്ലെങ്കിൽ ആ ബന്ധത്തിൽ എനിക്ക് ദുരിതം അനുഭവിക്കേണ്ടി വരുമായിരുന്നു. ആ ബന്ധം വളരെ കാര്യങ്ങൾ പഠിപ്പിച്ചു. ജീവിതത്തിൽ മെച്ചപ്പെടാനും വളരാനും ഞാൻ അതിനുശേഷം തീരുമാനിച്ചു." ഗായത്രി സുരേഷിന്റെ വാക്കുകൾ.

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഡിസ്കോ എന്ന ചിത്രമാണ് ഗായത്രിയുടേതായി ഇനി വരാനുള്ള ചിത്രം. കഴിഞ്ഞദിവസം പുറത്തുവന്ന ടീസറിലെ ഗായത്രിയുടെ രംഗങ്ങൾ ഏറെ ചർച്ചയായിരിക്കുകയാണ്. നടൻ ചെമ്പൻ വിനോദാണ് ചിത്രത്തിന്റെ തിരക്കഥ.

Content Highlights: Shortly before her elimination from Bigg Boss Malayalam Season 8, actor Gayathri Suresh opened up about the severe emotional trauma she endured in 2021 during a toxic relationship and the infamous car accident incident, expressing how overcoming that phase helped her grow as a person.