‘ഭയം വേണ്ട, സഹോദരനെപ്പോലെ ഒപ്പമുണ്ടാകും‘; മഹേഷിനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് ഗണേഷ് കുമാര്‍

മഹേഷ് കുഞ്ഞുമോനൊപ്പം ​ഗണേഷ് കുമാർ | PHOTO: SCREEN GRAB
മഹേഷ് കുഞ്ഞുമോനൊപ്പം ​ഗണേഷ് കുമാർ | PHOTO: SCREEN GRAB

വാഹനാപകടത്തിൽ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മിമിക്രി താരം ​മഹേഷ് കുഞ്ഞുമോനെ കാണാൻ കെ. ബി ഗണേഷ് കുമാര്‍ എം.എല്‍.എ അദ്ദേഹത്തിന്റെ എറണാകുളത്തെ വീട്ടിലെത്തി. ചികിത്സാ സഹായം വാ​ഗ്ദാനം ചെയ്ത ​ഗണേഷ് താൻ കൂടെയുണ്ടെന്ന ഉറപ്പും മഹേഷിന് നൽകി. 

‘ഒരു വിഷമത്തിന്റേയും കാര്യമില്ല. സർക്കാരിന്റെ ഭാ​ഗത്ത് നിന്നായാലും ശരി എന്റെ ഭാ​ഗത്തുനിന്നായാലും എല്ലാത്തരത്തിലുള്ള സഹായവും ചെയ്ത് തരും. ഒരു സഹോദരനോട് ചോദിക്കുന്നത് പോലെ ചോദിക്കാം. ഞാന്‍ ഡോക്ടര്‍മാരോട് സംസാരിക്കുന്നുണ്ട്. എല്ലാം സമയദോഷമാണ്, വിഷമിക്കണ്ട. പഴയതിനെക്കാളും മിടുക്കനായി വരും. എത്ര ചെലവുള്ള ചികിത്സയാണെങ്കിലും ചെയ്യിച്ച് തരും. സാമ്പത്തികത്തിനെപ്പറ്റി ഭയപ്പെടേണ്ട. മുഖ്യമന്ത്രിയോട് ഞാൻ കാര്യങ്ങൾ അറിയിക്കാം‘, ​ഗണേഷ് കുമാർ പറഞ്ഞു.    

സ്നേഹവും ബഹുമാനവും തോന്നിയ കലാകാരനാണ് മഹേഷെന്നും ​ഗണേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ വർഷം ഒരു സ്റ്റേജിൽ ​ഗംഭീര മിമിക്രി പ്രകടനം കാഴ്ചവെച്ച മഹേഷിനെ ​ഗണേഷ് വേദിയിൽ കയറിച്ചെന്ന് പ്രശംസിച്ചിട്ടുണ്ട്. മഹേഷിനെ ആലിം​ഗനം ചെയ്ത ​ഗണേഷ് ​അതി​ഗംഭീരം എന്നാണ് അദ്ദേഹത്തിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്. 

അസാധാരണമായ മിമിക്രി അവതരണത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് മഹേഷ്. നടൻ സുധി മരണപ്പെട്ട വാഹനാപകടത്തിലാണ് മഹേഷിന് പരിക്കേറ്റത്. പിൻ സീറ്റിൽ ഇരിക്കുകയായിരുന്ന മഹേഷിന്റെ മുഖം അപകടത്തിന്റെ ആ​ഘാതത്തിൽ മുൻ സീറ്റിന് പിറകിൽ ഇടിക്കുകയായിരുന്നു. കെെയ്ക്ക് ചെറിയ പൊട്ടലുണ്ട്. തലയിലും മുഖത്തുമാണ് കൂടുതൽ പരിക്കേറ്റത്.

ജൂൺ അഞ്ചിന് പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. സുധിയേയും മഹേഷിനേയും കൂടാതെ ബിനു അടിമാലി, ഉല്ലാസ് അരൂര്‍ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. 

Content Highlights: ganesh kumar mla visits mimicry artist mahesh kunjumon kollam sudhi accident