'ഗന്ധി ബാത്' പോക്‌സോ കേസ്; ഏകത കപൂറിനെയും അമ്മയേയും ചോദ്യം ചെയ്ത് മുംബൈ പോലീസ്

പോക്‌സോ കേസില്‍ നിര്‍മാതാവും സംവിധായികയുമായ ഏകത കപൂറിനെയും അമ്മ ശോഭ കപൂറിനെയും ചോദ്യം ചെയ്ത് മുംബൈ പോലീസ്. അഡല്‍റ്റ് കണ്ടന്റ് ഒടിടി പ്ലാറ്റ്‌ഫോമായ ആള്‍ട്ട് ബാലാജിയിലൂടെ പുറത്തുവന്ന ഗന്ധി ബാത് എന്ന വെബ്‌സീരീസിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീലദൃശ്യം പ്രചരിപ്പിച്ചുവെന്നാണ് കേസ്. ബാലാജി ടെലിഫിലിം ലിമിറ്റഡിനെതിരെയും കേസെടുത്തിട്ടുണ്ട്. ഐപിസി സെക്ഷന്‍ 295 പ്രകാരവും ഐടി ആക്ട്, പോക്‌സോ സെക്ഷന്‍ 13, 15 പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലിനുശേഷം വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവരോടും അറിയിച്ചിട്ടുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആള്‍ട്ട് ബാലാജി പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഹാജരാക്കണമെന്നും ഏകതയോട് ആവശ്യപ്പെട്ടതായാണ് വിവരം. വെബ് സീരീസിന്റെ സംവിധായകനെയും അതില്‍ അഭിനയിച്ചവരേയും ഉടന്‍ ചോദ്യംചെയ്യുമെന്ന് പോലീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
2021 ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളില്‍ സ്ട്രീം ചെയ്ത ആറാം സീസണിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് കേസെടുത്തത്. ഈ എപ്പിസോഡുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിലവില്‍ ഈ എപ്പിസോഡുകള്‍ സ്ട്രീമിങ് ആപ്പില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്.
Content Highlights: gandhi bath pocso case mumbai police questions ekta kapoor and mother shobha kapoor