സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിവെയ്പ്പ്; നാല് തവണ വെടിയുതിർത്തു

മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുംബൈയിലെ വീടിനുനേരെ വെടിവെയ്പ്പ്. ജുഹുവിലെ വസതിക്ക് പുറത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. നാല് തവണ വെടിയുതിർത്തതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് വീടിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. വീടും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് അറിയിച്ചു.
വെടിവെയ്പ്പ് സംബന്ധിച്ച എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ചും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് അന്വേഷണം നടത്തുന്നതെന്നും മുംബൈ പോലീസ് കമ്മീഷണർ വ്യക്തമാക്കി. അന്താരാഷ്ട്ര സംഘങ്ങളുമായുള്ള ബന്ധം ഉൾപ്പെടെ വിവിധ സാധ്യതകളും പരിശോധിച്ചു വരുന്നുണ്ടെന്നും എന്നാൽ ഇതുവരെ യാതൊരു നിഗമനത്തിലും എത്തിയിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. സംഭവത്തിൽ രോഹിത് ഷെട്ടിയും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
രോഹിത് ഷെട്ടിയുടെ വസതിക്ക് പുറത്ത് വലിയ പോലീസ് സന്നാഹം കൂടിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ കെട്ടിടത്തിന് ചുറ്റും ബാരിക്കേഡുകൾ, പോലീസ് വാഹനങ്ങൾ, ഫോറൻസിക് ടീമുകൾ, ഉദ്യോഗസ്ഥർ എന്നിവരെ കാണാം. ബോളിവുഡ് താരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വെടിവെയ്പ്പുണ്ടായത്. ഇതൊരു ഭീഷണിയാണോ അതോ പിന്നിൽ മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
അജയ് ദേവ്ഗൺ നായകനായെത്തിയ സമീർ ആണ് രോഹിത് ഷെട്ടിയുടെ ആദ്യ ചിത്രം. 2003-ലാണ് ഈ സിനിമ റിലീസ് ആയത്. സിങ്കം, ഗോലുമാൽ, ചെന്നൈ എക്‌സ്പ്രസ് എന്നീ ഹിറ്റ് സിനിമകളും സംവിധാനം ചെയ്തു.
Content Highlights: firing outside filmmaker rohit shettys mumbai residence