‘സുരേഷ് ഗോപി കേന്ദ്രമന്ത്രിയാണെന്ന ബോധം വേണ്ടേ’; മാധവിനെ അധിക്ഷേപിച്ച റിവ്യൂവർക്കെതിരേ ഫിലിം ചേംബർ

നടൻ മാധവ് സുരേഷിനെതിരേ അധിക്ഷേപംചൊരിഞ്ഞ സിനിമാ റിവ്യൂവർക്കെതിരേ കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. മാധവിനെ യൂട്യൂബർ അധിക്ഷേപിച്ചുവെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് ആരോപിച്ചു. പിതാവ് സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് മാധവിനെ ചീത്തവിളിച്ചു. സുരേഷ് ഗോപി ഒരു കേന്ദ്രമന്ത്രിയാണെന്ന ബോധം യൂട്യൂബർക്ക് ഉണ്ടാവേണ്ടേ എന്ന് അനിൽ തോമസ് ചോദിച്ചു.
'അശ്വന്ത് കോക്ക് മാധവ് സുരേഷിനെ ചീത്തവിളിക്കുന്നുണ്ട്. മാധവിനെ ചീത്ത വിളിക്കാൻ ഉപയോഗിക്കുന്ന വാക്ക് എടാ സുരേഷ് ഗോപിയുടെ മോനേ... എന്നാണ്. കേന്ദ്രമന്ത്രിയാണ് സുരേഷ് ഗോപി എന്ന ബോധ്യം അയാൾക്കുണ്ടാവണമല്ലോ? രാഷ്ട്രീയമല്ല ഞാൻ പറയുന്നത്. എന്നിട്ട് ധ്യാൻ ശ്രീനിവാസനുമായി താരതമ്യംചെയ്യുന്നു. ശ്രീനിവാസന്റെ മകൻ... അയാൾ ഗ്രേറ്റാണ്, കാരണം ഞാൻ പറഞ്ഞതിനൊന്നും പ്രതികരിച്ചില്ല എന്ന് പറയുന്നു', അനിൽ തോമസിന്റെ വാക്കുകൾ.
'അശ്വന്ത് കോക്കിനെതിരേ ഒരു ആരോപണം വരുന്നു. അതിനെതിരേ രോക്ഷാകുലനായി, വെല്ലുവിളിച്ച് എന്തൊക്കെ വാക്കുകളാണ് അവിടെ ഉപയോഗിച്ചത്. സിനിമാക്കാരേയും സിനിമയേയും വെല്ലുവിളിക്കുന്ന തരത്തിലേക്ക് പോയാൽ ഉറപ്പായും പ്രതികരിക്കും. ഇവിടെ ആരും നിയമത്തിന് അതീതരല്ല', ബോർഡ് വ്യക്തമാക്കി.
നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർ അശ്വന്ത് കോക്ക് ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി മാധവ് സുരേഷ് നായകനായ അങ്കം അട്ടഹാസം സിനിമയുടെ നിർമാതാവ് രംഗത്തെത്തിയിരുന്നു. ഇടനിലക്കാരൻ വഴി അശ്വന്ത് കോക്ക് പണം ചോദിച്ചു എന്നായിരുന്നു ആരോപണം. നടൻ മാധവ് സുരേഷും ആരോപണം ആവർത്തിച്ചു. എന്നാൽ, മറുപടിയുമായെത്തിയ യൂട്യൂബർ നിർമാതാവിനും മാധവിനും എതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തി. ആരോപണത്തിന് തെളിവും ആവശ്യപ്പെട്ടിരുന്നു.
സിനിമാ പ്രവർത്തകർക്കെതിരേ അധിക്ഷേപംചൊരിഞ്ഞ യൂട്യൂബർക്കെതിരേ പരാതിയുമായി മുന്നോട്ടുപോകുമെന്ന് ഫിലിം ചേംബർ നേരത്തേ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും ഫിലിം ചേംബർ വ്യക്തമാക്കി.
Content Highlights: Kerala Film Chamber of Commerce opposes insults against Madhav Suresh. Criticism regarding the derogatory use of Union Minister Suresh Gopi's name. Allegations of extortion involving negative movie reviews. Formal complaint to be filed with the Chief Minister and Home Minister