തല്ലുമാലയിലെ തിയേറ്റർ ഫൈറ്റ് പോലെ ഒരെണ്ണം തുണിവിലുമുണ്ട് -സുപ്രീം സുന്ദർ

സംഘട്ടനരംഗങ്ങൾ കൊണ്ട് ഏറെ ചർച്ചയായ മലയാളചിത്രമാണ് തല്ലുമാല. ദേശീയപുരസ്കാര ജേതാവായ സുപ്രീം സുന്ദറാണ് തല്ലുമാലയ്ക്കായി വ്യത്യസ്തതയാർന്ന ആക്ഷൻ രംഗങ്ങളൊരുക്കിയത്. ചിത്രത്തിലെ 360 ഡിഗ്രി ആംഗിളിലുള്ള തിയേറ്റർ സംഘട്ടനം ഏറെ വൈറലായതുമാണ്. ഇതിന് സമാനമായ ഒരെണ്ണം അജിത്തിന്റെ പുതിയ ചിത്രമായ തുണിവിനുവേണ്ടി താൻ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുപ്രീം സുന്ദർ.
ഇൻഡ്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് സുപ്രീം സുന്ദർ തുണിവിലെ സംഘട്ടനരംഗങ്ങളേക്കുറിച്ച് പറഞ്ഞത്. തല്ലുമാലയിലെ തിയേറ്റർ ഫൈറ്റ് പോലെ തുണിവിൽ 360 ഡിഗ്രിയിൽ ക്യാമറ ചലിപ്പിച്ച് സംഘട്ടനരംഗമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അജിത്തിന്റെ ശാരീരിക ക്ഷമത കൂടി കണക്കിലെടുത്ത് രംഗം അധികം നീണ്ടുപോകാതെ നോക്കണമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. അങ്ങനെ 32 സെക്കൻഡ് നീളുന്ന ഒരു ഷോട്ടാണ് പ്ലാൻ ചെയ്തത്. പ്രാക്റ്റീസ് പോലെ മൂന്ന് ടേക്ക് എടുത്തു. പക്ഷേ ടേക്ക് നീണ്ടുപോയപ്പോൾ മാറ്റാമെന്ന് എച്ച്. വിനോദ് പറഞ്ഞു. പക്ഷേ അജിത്ത് സാർ എന്തിനും തയ്യാറായിരുന്നുവെന്നും സുപ്രീം സുന്ദർ പറഞ്ഞു.
ആദ്യമായി അജിത്തിനെ കാണുമ്പോൾ ഫൈറ്റിനേക്കുറിച്ച് എന്തെങ്കിലുമൊക്കെ സംസാരിക്കാമെന്ന് കരുതിയെങ്കിലും അതേപ്പറ്റി ഒരക്ഷരം സംസാരിച്ചില്ല. പിറ്റേദിവസം വന്ന് കണ്ടു. അജിത്ത് ആണ് മുന്നിൽ നിൽക്കുന്നത് എന്ന് മറന്ന് ഒരു പുതുമുഖത്തിനോട് പറഞ്ഞുകൊടുക്കുന്നപോലെ ചെയ്യണമെന്നാണ് എന്നോട് പറഞ്ഞത്. എന്നെക്കൊണ്ട് കഴിയുംവിധം ശ്രമിക്കാമെന്നും പറ്റില്ല എന്ന് തോന്നിയാൽ നിങ്ങൾ തന്നെ നിർത്താൻ പറയണമെന്നും അജിത് സാർ നിർദേശിച്ചു. പക്ഷേ ഞാൻ പറഞ്ഞതെല്ലാം അദ്ദേഹം ചെയ്തു. സുപ്രീം സുന്ദർ ഓർമിച്ചു.
മലയാളത്തിൽ തല്ലുമാല, ട്രാൻസ്, ഭീഷ്മപർവം എന്നീ ചിത്രങ്ങളിൽ ഉപയോഗിച്ച റോബോ ക്യാമറ തുണിവിലും ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ ടൈമിങ് മനസിലാക്കുന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. പക്ഷേ ഫൈറ്റേഴ്സ് എന്താണ് ചെയ്യുന്നതെന്ന് രണ്ട് മണിക്കൂർ നേരം അജിത്ത് നോക്കിപ്പഠിച്ചുവെന്നും സുപ്രീം സുന്ദർ കൂട്ടിച്ചേർത്തു. അജിത്തിനൊപ്പമുള്ള സുപ്രീം സുന്ദറിന്റെ ആദ്യചിത്രമാണ് തുണിവ്. 2023 ജനുവരിയിൽ പൊങ്കൽ റിലീസായാണ് ചിത്രമെത്തുന്നത്.
സൂര്യയെ നായകനാക്കി ചിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സംഘട്ടനമൊരുക്കുന്നതും ഇദ്ദേഹമാണ്. മലയാളത്തിൽ മമ്മൂട്ടി നായകനാവുന്ന ക്രിസ്റ്റഫർ ആണ് സുന്ദറിന്റേതായി വരാനിരിക്കുന്ന ചിത്രം.
Content Highlights: Supreme Sundar Interview, Thallumaala Fight, Thunivu Fight Scenes