‘ആമിർ 8 മാസം കാത്തുനിർത്തി,10 ദിവസംമുൻപ് സെയ്ഫ് ഒഴിവാകാൻ ശ്രമിച്ചു; ദിൽ ചാഹ്താ ഹേ ചിത്രീകരണം നല്ല കഷ്ടപ്പാടായിരുന്നു’

ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'ദിൽ ചാഹ്താ ഹേ' സംവിധാനം ചെയ്യുമ്പോൾ ഫർഹാൻ അക്തറിന് 25 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, സിനിമയുടെ കാസ്റ്റിംഗ് അത്ര എളുപ്പമായിരുന്നില്ലെന്ന് അദ്ദേഹം ഓർമ്മിച്ചു. ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ, അക്ഷയ് ഖന്ന എന്നിവരെ സിനിമയുടെ ഭാഗമാക്കുന്നതിന് മുൻപ് പല നടന്മാരും ഈ പ്രോജക്റ്റ് നിരസിച്ചിരുന്നുവെന്ന് ഫർഹാൻ വെളിപ്പെടുത്തി.
സൂപ്പർതാരം ആമിർ ഖാനെ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത് എളുപ്പമായിരുന്നില്ലെന്ന് ഫർഹാൻ ഇന്ത്യാ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദിൽ ചാഹ്താ ഹേ എന്ന ചിത്രം എഴുതി പൂർത്തിയാക്കിയപ്പോൾ ഒരുവർഷം മുൻപ് മാത്രം സിനിമയിൽ അരങ്ങേറിയ ഹൃതിക് റോഷൻ, അഭിഷേക് ബച്ചൻ, മുൻപ് ഒപ്പം പ്രവർത്തിച്ചിട്ടുള്ള അക്ഷയ് ഖന്ന എന്നിവരേയായിരുന്നു മനസിൽ കണ്ടിരുന്നത്. എന്നാൽ അക്ഷയ് ഖന്ന ഒഴികെ, മറ്റുള്ളവർ പല കാരണങ്ങൾ പറഞ്ഞ് അത് നിരസിച്ചു. പല മുൻനിര നായകന്മാരും മൾട്ടി-സ്റ്റാർ സിനിമകൾ ഒഴിവാക്കുന്ന കാലമായിരുന്നതുകൊണ്ട് ആമിർ തൻ്റെ സിനിമ സ്വീകരിക്കില്ലെന്ന് കരുതി. കഥയുമായി ദീർഘകാലം അദ്ദേഹത്തെ സമീപിക്കുന്നതിൽ നിന്ന് താൻ വിട്ടുനിന്നതായും ഫർഹാൻ സമ്മതിച്ചു.
"ആമിർ ഖാൻ ഈ സിനിമ ചെയ്യാൻ സമ്മതിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ എല്ലാ നടന്മാരെയും കണ്ടു, പക്ഷേ ആർക്കും ഒരു മൾട്ടി-ഹീറോ സിനിമ ചെയ്യാൻ താൽപ്പര്യമില്ലായിരുന്നു. 90-കളുടെ അവസാനത്തിൽ ഒരു പ്രണയ ത്രികോണമായിരുന്നു ട്രെൻഡ്. അത്തരം സിനിമകൾ ചെയ്യാനായിരുന്നു അവർക്ക് താല്പര്യം. ഒടുവിൽ, മറ്റ് വഴികളില്ലാത്തതുകൊണ്ട് ഞാൻ ആമിർ ഖാനെ സമീപിച്ചു. ഞാൻ അദ്ദേഹത്തിന് തിരക്കഥ നൽകുമ്പോൾ, അതിലെ സംഭാഷണങ്ങൾ ഇംഗ്ലീഷിലായിരുന്നു. സിനിമ ഇംഗ്ലീഷിൽ ചെയ്യണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷേ ഞാൻ ഹിന്ദി സംഭാഷണങ്ങളുമായി തിരികെ വരാമെന്ന് പറഞ്ഞു." ഫർഹാൻ അക്തർ ഓർമിച്ചു.
എന്നാൽ, സംഭാഷണങ്ങൾ മാറ്റിയെഴുതിയതിന് ശേഷവും, ഒരു ഉറപ്പ് നൽകാൻ ആമിർ മാസങ്ങളെടുത്തു. "ഞാൻ ഹിന്ദി സംഭാഷണങ്ങളോടുകൂടിയ തിരക്കഥ വായിച്ചുകേൾപ്പിച്ചപ്പോൾ, മൂന്ന് മാസത്തിന് ശേഷം വീണ്ടും തിരക്കഥ കേൾക്കണമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തിന് ശേഷം ഞാൻ കാത്തിരുന്നു, പക്ഷേ അദ്ദേഹം തിരക്കിലായി. അങ്ങനെ എട്ട് മാസങ്ങൾ കടന്നുപോയി. അതിനുശേഷം ഞാൻ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി, പുറത്ത് ഗേറ്റിൽ നിന്നുകൊണ്ട് വീഡിയോ ഡോർബെല്ലിലൂടെ മുഴുവൻ തിരക്കഥയും വായിക്കാൻ തുടങ്ങി." സിനിമയിൽ അഭിനയിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ആമിറിനെ വിളിക്കാൻ ജാവേദ് അക്തർ ആഗ്രഹിച്ചിരുന്നതായും ഫർഹാൻ വെളിപ്പെടുത്തി.
ഷൂട്ടിംഗിന് പത്ത് ദിവസം മുമ്പ് സെയ്ഫ് അലി ഖാൻ സിനിമയിൽ നിന്ന് പിന്മാറാൻ ആഗ്രഹിച്ചുവെന്ന് ഫർഹാൻ പറഞ്ഞു. സെയ്ഫ് തന്നെ വിളിച്ച് തനിക്ക് നല്ലൊരു സിനിമ കിട്ടിയെന്നും അതൊരു പ്രണയ ത്രികോണമാണെന്നും അതിൽ തൻ്റെ റോൾ വളരെ മികച്ചതാണെന്നും ആ സിനിമ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. ആമിർ ഖാനാണ് അപ്പോൾ രക്ഷയ്ക്കെത്തിയത്.
"ഞങ്ങളെല്ലാവരും തകർന്നുപോയി. ഞങ്ങൾ എൻ്റെ അച്ഛൻ്റെ വീട്ടിൽ ഒരു അടിയന്തര യോഗം വിളിച്ചു. യോഗത്തിൽ എൻ്റെ അച്ഛൻ, ഞാൻ, എൻ്റെ പങ്കാളി റിതേഷ് സിദ്ധ്വാനി, ആമിർ ഖാൻ എന്നിവരുണ്ടായിരുന്നു. സെയ്ഫിനെ സിനിമയിൽ നിലനിർത്താൻ എങ്ങനെ സമ്മതിപ്പിക്കാം എന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. ഞങ്ങളെല്ലാവരും ചേർന്ന് അദ്ദേഹത്തെ സിനിമയിൽ തുടരാൻ പ്രേരിപ്പിച്ചു, ഈ സിനിമ ഉപേക്ഷിക്കുന്നത് അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും വലിയ തെറ്റായിരിക്കുമെന്ന് ആമിർ സെയ്ഫിനോട് പറയുകയും ചെയ്തു. എങ്ങനെയോ അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടു. മാത്രമല്ല, സെയ്ഫ് ഇപ്പോഴും സിനിമ ചെയ്യാൻ വിസമ്മതിക്കുകയാണെങ്കിൽ, ആ റോൾ ചെയ്യാൻ ഒരാൾക്ക് മാത്രമേ കഴിയൂ, അത് ഞാനാണ് എന്നും ആമിർ എന്നോട് പറഞ്ഞിരുന്നു." ഫർഹാൻ കൂട്ടിച്ചേർത്തു,
Content Highlights: Discover the surprising casting challenges Farhan Akhtar faced for `Dil Chahta Hai`, including Aamir Khan`s unique test and Saif Ali Khan`s near exit. A must-read for Bollywood fans