ഹോംബാലെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രം; ഫഹദും അപർണയും ഒന്നിക്കുന്ന ’ധൂമം’ ട്രെയിലർ ജൂൺ എട്ടിന്

ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ’ധൂമം’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ ജൂൺ എട്ടിന് 12.59-ന് റിലീസ് ചെയ്യും. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. കെ.ജി.എഫ്., കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ വിജയ് കിരഗണ്ടൂരിന്റെ നേതൃത്വത്തിലുള്ള ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം.
ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയാകുന്നത്. "മഹേഷിന്റെ പ്രതികാരം" എന്ന ചിത്രത്തിനു ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം. റോഷൻ മാത്യു, വിനീത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
കന്നടയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ’ധൂമം’. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ത്രില്ലറിൽ ധൂമത്തിൽ അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ് -സുരേഷ് അറുമുഖൻ. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കാർത്തിക് ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ. സൗണ്ട് ഡിസൈൻ -രംഗനാഥ് രവി, ആർട്ട് -അനീസ് നാടോടി, കോസ്റ്റ്യൂം -പൂർണിമ രാമസ്വാമി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ -കബീർ മാനവ്, ആക്ഷൻ ഡയറക്ടർ -ചേതൻ ഡി സൂസ, ഫാഷൻ സ്റ്റൈലിസ്റ്റ് -ജോഹ കബീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ശ്രീകാന്ത് പുപ്പല, സ്ക്രിപ്റ്റ് അഡ്വൈസർ -ജോസ്മോൻ ജോർജ്, പി.ആർ.ഒ -മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് കൺസൾട്ടന്റ് -ബിനു ബ്രിങ് ഫോർത്ത്.
Content Highlights: fahad fazil aparna balamurali in dhoomam hombale films trailer launch on june 8