ഷൂട്ടിങ്ങിനിടെ അപകടം; ക്രെയിനിൽനിന്ന് കാർ വാനിലേക്ക് പതിച്ചു, ഇമ്രാൻ ഹാഷ്മി അത്ഭുതകരമായി രക്ഷപ്പെട്ടു

സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്ന് ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി അത്ഭുതകരമായി രക്ഷപ്പെട്ടു. ഗൺമാസ്റ്റർ ജി9 എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്.
സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ക്രെയ്നിൽ തൂക്കിയിട്ടിരുന്ന കാർ തലകീഴായി മറിഞ്ഞ് താഴെ നിർത്തിയിട്ടിരുന്ന വാനിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് കാർ ഇമ്രാൻ ഹാഷ്മിയുടെ ശരീരത്തിന് തൊട്ടടുത്തായാണ് വന്ന് പതിച്ചത്.
സംഭവത്തിന്റെ ബി.ടി.എസ് (ബിഹൈൻഡ് ദ സീൻസ്) വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
'ഗൺമാസ്റ്റർ ജി9' ഷൂട്ടിങ് ഇതാദ്യമായല്ല വാർത്തകളിൽ ഇടംപിടിക്കുന്നത്. മുൻപ് ജൂണിൽ ഹരിദ്വാറിൽ ചിത്രീകരണം നടക്കുമ്പോൾ സിനിമാ സെറ്റിൽ സ്ഥാപിച്ച ബോർഡ് കണ്ട് യഥാർഥ ബാറാണെന്ന് തെറ്റിദ്ധരിച്ച് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് പ്രാദേശിക ഭരണകൂടവുമായും ജനങ്ങളുമായും സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചതെന്ന് നിർമാതാവ് ദീപക് മുകുത് വ്യക്തമാക്കിയിരുന്നു.
ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ- റൊമാന്റിക് ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിക്കൊപ്പം ജെനീലിയ ഡിസൂസ, അപർശക്തി ഖുറാന, അഭിഷേക് സിങ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദീപക് മുകുത്, ഹുനാർ മുകുത്, സംഗീത ആഹിർ എന്നിവർ ചേർന്ന് നിർമിച്ച് സോഹം റോക്ക്സ്റ്റാർ എന്റർടെയ്ൻമെന്റ് അവതരിപ്പിക്കുന്ന ചിത്രം നവംബർ 27-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Content Highlights: Bollywood actor Emraan Hashmi narrowly escaped an accident during a climax stunt shoot for 'Gunmaaster G9'. A suspended SUV fell from a crane onto a van, landing extremely close to the actor's face. Behind-the-scenes video footage of the incident is circulating on social media, with no injuries reported. The movie previously made headlines in Haridwar when local residents mistook a set board for a real bar. Directed by Aditya Datt and produced by Deepak Mukut, the action-romantic film is set to release on November 27.