'My Safest place in the world'; മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ

മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി മകനും നടനുമായ ദുൽഖർ സൽമാൻ. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലാണ് ദുൽഖർ പിതാവിന് പിറന്നാൾ ആശംസ നേർന്നത്. ഹൃദ്യമായ കുറിപ്പും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ദുൽഖർ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.
'ലോകത്തിലെ എന്റെ ഏറ്റവും സുരക്ഷിതമായ ഇടം! അന്നും, ഇന്നും, എന്നും. ഏറ്റവും സന്തോഷകരമായ ജന്മദിനാശംസകൾ അച്ഛാ. നിങ്ങളെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നു', എന്നാണ് ദുൽഖറിന്റെ ഇംഗ്ലീഷിലുള്ള കുറിപ്പിന്റെ ഏകദേശ പരിഭാഷ.
മമ്മൂട്ടിയുടെ 75-ാം പിറന്നാളായിരുന്നു തിങ്കളാഴ്ച. കോട്ടയം വൈക്കത്തെ ചെമ്പ് ഗ്രാമത്തിൽ 1951 സെപ്റ്റംബർ ഏഴിനാണ് ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായ മമ്മൂട്ടിയുടെ ജനനം. യഥാർഥ പേര് പി.ഐ. മുഹമ്മദ് കുട്ടി. ചെമ്പ്, ചന്തിരൂർ കുലശേഖരമംഗലം സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തേവര സേക്രട്ട് ഹാർട്ടിലും എറണാകുളം മഹാരാജാസിലും ലോ കോളേജിലുമായി ഉന്നതവിദ്യാഭ്യാസം. കുറച്ചുകാലം മഞ്ചേരിയിൽ ക്രിമിനൽ അഭിഭാഷകനായി ജോലി നോക്കി. അഞ്ചുപതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ചലച്ചിത്രസപര്യയിൽ 425-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
1998-ൽ പദ്മശ്രീ പുരസ്‌കാരത്തിന് അർഹനായ മമ്മൂട്ടിയെ, 75-ാം പിറന്നാൾ വർഷത്തിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. മികച്ച നടനുള്ള നാല് ദേശീയ അവാർഡുകൾ, മികച്ച നടൻ- മികച്ച രണ്ടാമത്തെ നടൻ- പ്രത്യേക പരാമർശം ഉൾപ്പെടെ ഒൻപതു സംസ്ഥാന പുരസ്‌കാരങ്ങൾ എന്നിവയ്ക്കും അർഹനായി. കേരള, കാലിക്കറ്റ്, എം.ജി. യൂണിവേഴ്സിറ്റികൾ ഡി.ലിറ്റ് നൽകി ആദരിച്ചു. കേരളാ സർക്കാരിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ കേരള പ്രഭ പുരസ്‌കാരത്തിനും അർഹനായി.
Content Highlights: Dulquer Salmaan shared a heartfelt post wishing his father Mammootty on his birthday. Dulquer described Mammootty as his "safest place in the world" alongside a photo together. The post was shared on the occasion of Mammootty's 75th birthday. Mammootty was born on September 7, 1951, in Chempu, Kottayam as P.I. Muhammad Kutty. Over his five-decade career, Mammootty has acted in over 425 films and received prestigious awards including Padma Bhushan and Padma Shri.