ദുൽഖറിനെ കാണാൻ സുരക്ഷാവലയം ഭേദിച്ച് ആരാധികമാർ, നേരിയ സംഘർഷം, മനുഷ്യച്ചങ്ങല തീർത്ത് സുരക്ഷാ ഉദ്യോഗസ്ഥർ

വിശാഖപട്ടണത്ത് ശ്രീ ശ്രീ (Sri Sri) എന്ന പുതിയ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിലാണ് നടൻ ദുൽഖർ സൽമാനും നടി പൂജ ഹെഗ്ഡെയും. ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ദുൽഖറിനെ അടുത്തുകാണാനായി സുരക്ഷാവലയം ഭേദിച്ച് ആരാധികമാരെത്തിയതാണ് സംഭവം. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുന്ന വീഡിയോ വൈറലാകുകയാണ്.
ശ്രീ ശ്രീയുടെ ചിത്രീകരണം നടക്കുന്നതറിഞ്ഞ് നിരവധിയാളുകളാണ് ഒഴുകിയെത്തിയത്. ദുൽഖർ സൽമാനെയും (Dulquer Salmaan) നടി പൂജ ഹെഗ്ഡെയെയും (Pooja Hegde) കാണാൻ വൻ ആരാധകവൃന്ദമാണ് വിശാഖപട്ടണത്തെ സെറ്റിനടുത്ത് തടിച്ചുകൂടിയത്. കടൽത്തീരത്തെ ഔട്ട്ഡോർ സെറ്റിലേക്ക് ദുൽഖർ സ്വയം ഡ്രൈവ് ചെയ്താണ് എത്തിയത്.
ചിത്രീകരണത്തിനിടെ ദുൽഖറിനെ കണ്ടതോടെ വനിതാ ആരാധകർ സുരക്ഷാവേലികൾ മറികടന്ന് അദ്ദേഹത്തിന് അടുത്തേക്ക് എത്തുവാൻ ശ്രമിച്ചു. "പ്ലീസ്, ഒരു ഫോട്ടോ" എന്ന് പറഞ്ഞ് ആരാധകർ സുരക്ഷാ ജീവനക്കാരെ മറികടക്കാൻ ശ്രമിച്ചു. തുടർന്ന്, സെക്യൂരിറ്റി ജീവനക്കാർ ദുൽഖറിന് ചുറ്റും മനുഷ്യച്ചങ്ങല തീർത്താണ് അദ്ദേഹത്തെ വാനിലേക്ക് കൊണ്ടുപോയത്.
ചിത്രീകരണ സമയത്ത് ഈ ആരാധകരെ ഒഴിവാക്കിയെങ്കിലും പിന്നീട് വാനിറ്റി വാനിന് സമീപത്തുവെച്ച് ആരാധകരെ കാണാനും അവർക്കൊപ്പം ചിത്രങ്ങൾ എടുക്കാനും ദുൽഖർ തയാറായി. ആരാധകരോട് സംസാരിക്കുകയും സെൽഫികൾ എടുക്കുകയും ചെയ്ത അദ്ദേഹത്തെ, ഒരു ആരാധകൻ പരമ്പരാഗത ആന്ധ്രാ ശൈലിയിലുള്ള പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
നവാഗതനായ രവി നെലകുടിതി (Ravi Nelakuditi) സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് 'ശ്രീ ശ്രീ'. എസ്‌എൽവി സിനിമാസിന്റെ (SLV Cinemas) ബാനറിൽ സുധാകർ ചെറുകുറിയാണ് (Sudhakar Cherukuri) ഈ ചിത്രം നിർമിക്കുന്നത്. ദുൽഖറിനും പൂജ ഹെഗ്ഡെയ്ക്കും പുറമേ രമ്യാ കൃഷ്ണൻ, ജഗപതി ബാബു, ദീക്ഷിത് ഷെട്ടി, റാവു രമേഷ്, സച്ചിൻ ഖെഡേക്കർ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സമീപകാലത്ത് 'ഐ ആം ഗെയിം' (I'm Game), 'കാന്ത' (Kaantha) എന്നീ ചിത്രങ്ങളിലാണ് ദുൽഖർ അഭിനയിച്ചത്. 'ശ്രീ ശ്രീ' കൂടാതെ പവൻ സാദിനേനി (Pavan Sadineni) സംവിധാനം ചെയ്യുന്ന 'ആകാശംലോ ഒക താര' (Aakasamlo Oka Tara) എന്ന പുതിയ തെലുങ്ക് ചിത്രത്തിലും ദുൽഖർ സൽമാൻ നായകനായി എത്തുന്നുണ്ട്.
Content Highlights: While shooting for his upcoming Telugu film Sri Sri alongside Pooja Hegde in Visakhapatnam, actor Dulquer Salmaan was swarmed by eager fans at the beachside location, prompting his security team to step in before he later obliged with selfies.