ഹൃദയം വേദനിക്കുന്നെന്ന് ദുൽഖർ, അവർക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയെന്ന് ആസിഫ് അലി

ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി നടന്മാരായ ദുൽഖർ സൽമാനും ആസിഫ് അലിയും. ഭിന്നിപ്പുകളിലൂടെയും അക്രമങ്ങളിലൂടെയുമല്ല, സഹാനുഭൂതിയിലൂടെയാണ് കരുത്തുറ്റ ഭാവി കെട്ടിപ്പടുക്കേണ്ടതെന്ന് ദുൽഖർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. വിദ്യാർഥികൾ നേരിടുന്ന അനിശ്ചിതത്വവും പ്രതിസന്ധികളും ഹൃദയം തകർക്കുന്നണ്. പരസ്പരം മനസ്സിലാക്കാനും കാര്യങ്ങൾ ചോദിച്ചറിയാനും ഈ സാഹചര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നുണ്ടെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസം എന്നത് എക്കാലത്തും പ്രതീക്ഷകളുടെയും അവസരങ്ങളുടെയും മികച്ച ഭാവിയുടെയും വാഗ്ദാനമാണെന്ന് ദുൽഖർ പറഞ്ഞു. ജന്തർ മന്ദറിൽ ഇപ്പോൾ സംഭവിക്കുന്നത് നമ്മളെയെല്ലാം അൽപനേരം ആലോചിപ്പിക്കാനും കാര്യങ്ങൾ കേൾക്കാനും പരസ്പരം മനസ്സിലാക്കാനും ഓർമപ്പെടുത്തുന്ന ഒന്നാണ്. യുവാക്കൾ ഇത്തരത്തിൽ ഒരു വലിയ അനിശ്ചിതത്വം നേരിടുന്നത് കാണുന്നത് അങ്ങേയറ്റം വിഷമമുണ്ടാക്കുന്നുവെന്ന് അദ്ദേഹം എഴുതി.
"ചില വിദ്യാർത്ഥികൾക്ക് മുന്നോട്ട് പോകാൻ ഒരു വഴിയുമില്ലെന്ന് തോന്നുമ്പോൾ, മറ്റു ചിലർ എല്ലാം അവസാനിപ്പിക്കാൻ പോലും തീരുമാനിക്കുന്നു എന്നറിയുമ്പോൾ എന്റെ ഹൃദയം കൂടുതൽ വേദനിക്കുന്നു. ആ വേദനയും കടങ്ങളും പേറി മാതാപിതാക്കൾ അവരുടെ പ്രതീക്ഷകൾ നിലനിർത്താൻ ശ്രമിക്കുന്നു.
എല്ലാ അഭിപ്രായങ്ങൾക്കും അപ്പുറം, അനുകമ്പയും ബഹുമാനവും അർഹിക്കുന്ന സ്വപ്നങ്ങളും, അഭിലാഷങ്ങളും, കുടുംബങ്ങളും, പ്രതീക്ഷകളുമുള്ള വ്യക്തികളുണ്ട്. അർത്ഥവത്തായ സംഭാഷണങ്ങൾ, സമാധാനപരമായ പരിഹാരങ്ങൾ, ജ്ഞാനവും സഹാനുഭൂതിയും വഴി നയിക്കപ്പെടുന്ന തീരുമാനങ്ങൾ എന്നിവയിലാണ് എന്റെ പ്രതീക്ഷ. വിഭജനത്തിലും അക്രമത്തിലും കെട്ടിപ്പടുക്കപ്പെട്ട ഭാവിയേക്കാൾ ധാരണയിൽ കെട്ടിപ്പടുക്കപ്പെട്ട ഭാവി എപ്പോഴും ശക്തമായിരിക്കും". ദുൽഖറിന്റെ വാക്കുകൾ.
"ഡൽഹിയിലും രാജ്യത്തുടനീളവും സമരംചെയ്യുന്ന വിദ്യാർത്ഥികളും യുവജനങ്ങളും ഈ നാടിന്റെ ഭാവി വാഗ്ദാനങ്ങൾ കൂടിയാണ്. അവർക്ക് പറയാനുള്ളത് കേൾക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അവർക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയും" വിഷയത്തിൽ ആസിഫ് അലിയുടെ വാക്കുകൾ ഇങ്ങനെ.
കഴിഞ്ഞദിവസം നടന്ന സി.ജെ.പി. പ്രതിഷേധത്തെ പോലീസ് നേരിട്ട രീതിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ജന്തർ മന്തറിൽ നടത്തുന്ന രാപകൽ സമരത്തിന് ഒരുമാസം തികഞ്ഞ തിങ്കളാഴ്ച പാർലമെന്റിലേക്ക് ആയിരക്കണക്കിന് യുവാക്കൾ പ്രതിഷേധ മാർച്ച് നടത്തി. ഇതിനെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും കൊണ്ടാണ് പോലീസ് നേരിട്ടത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനെതിരെയും കടുത്ത നടപടികളാണ് പോലീസ് സ്വീകരിച്ചത്.
Content Highlights: Actors Dulquer Salmaan and Asif Ali extended their strong support to the student protests at Delhi's Jantar Mantar, emphasizing that a powerful future must be built on empathy, constructive dialogue, and understanding rather than division or violence.