Dude Review | സ്റ്റൈലിഷ് പ്രദീപ്, ക്യൂട്ട് മമിത, ഷോ സ്റ്റീലർ ശരത്കുമാർ; ടോട്ടൽ എന്റർടെയിനറാണ് ഡ്യൂഡ്

സ്നേഹിക്കുന്ന പെൺകുട്ടിക്കുവേണ്ടി അവളോടുള്ള തന്റെ പ്രണയം വേദനയോടെ വേണ്ടെന്നുവെക്കാൻ തയ്യാറാവുന്ന നായകൻ. സിനിമയിൽ അത്ര പുതിയതല്ലാത്ത പ്രമേയമാണിത്. ഷാജഹാൻ, ആര്യ, കുട്ടി പോലുള്ള ചിത്രങ്ങൾ ഇതേ പ്രമേയത്തിൽ ഇതിനോടകം വന്നുകഴിഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിലേക്കാണ് വ്യത്യസ്തമായ അവതരണവുമായി ഡ്യൂഡ് വരുന്നത്. പ്രണയവും പ്രണയത്തകർച്ചയും സൗഹൃദവും, സൗഹൃദങ്ങളുടെ പുനർനിർവചനവും സംഘർഷവുമെല്ലാം കോർത്തിണക്കിക്കൊണ്ടാണ് ഡ്യൂഡിന്റെ വരവ്. ടോട്ടൽ എന്റർടെയ്നർ എന്ന് ഏറ്റവും ചുരുക്കി ഡ്യൂഡിനെ വിശേഷിപ്പിക്കാം. നവാഗതനായ കീർത്തീശ്വരനാണ് സംവിധായകൻ.
തമിഴിലെ പുതുതലമുറ ചെറുപ്പക്കാരുടെ പ്രതിനിധിയാണ് അഗൻ. അത്യാവശ്യം ഇവന്റ് മാനേജ്മെന്റ് പരിപാടികളുമായി മുന്നോട്ടുപോകുന്ന നായകന്റെ അമ്മാവന്റെ മകളും ഏറ്റവുമടുത്ത സുഹൃത്തുമാണ് കുരലരസി. അഗനോടുള്ള കുരലിന്റെ സൗഹൃദം ഒരു സുപ്രഭാതത്തിൽ പ്രണയമായി മാറുന്നതും അതിനോട് അഗൻ എങ്ങനെ പ്രതികരിക്കുന്നുവെന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഡ്യൂഡ് എന്ന ചിത്രത്തിലൂടെ കീർത്തീശ്വരനും സംഘവും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. സൗഹൃദം പ്രണയമാകുന്നതും, പ്രണയം സൗഹൃദമാകുന്നതും എത്രമാത്രം സങ്കീർണമാണെന്നത് രസകരമായ രീതിയിലാണ് ചിത്രത്തിൽ ഒരുക്കിവച്ചിരിക്കുന്നത്.
ഫീൽ ഗുഡ് പ്രണയ ചിത്രങ്ങളിൽ കണ്ടുവരുന്ന സ്ഥിരം സമ്പ്രദായങ്ങളെ തച്ചുടയ്ക്കുന്നുണ്ട് ഡ്യൂഡ്. തുടക്കത്തിൽ നായകന്റെ പ്രണയം പരാജയപ്പെട്ടാലും കഥാന്ത്യത്തിൽ കറങ്ങിത്തിരിഞ്ഞ് നായികയിലേക്ക് തന്നെ എത്തി, വിജയം നേടുകയാണ് ഇത്തരം ചിത്രങ്ങളിലെ നായകനിൽ പ്രേക്ഷകർ കണ്ടുവന്നിട്ടുള്ളത്. പക്ഷേ പ്രണയത്തിലും ജീവിതത്തിലും പരാജയപ്പെട്ട്, നിസ്സഹായനായി, വന്നുചേർന്ന വിധിയെ വേറൊരു വഴിയുമില്ലാതെ ചുമലിലേറ്റുന്ന നായകനാണ് ഡ്യൂഡിലെ അഗൻ. എല്ലാവർക്കും സർപ്രൈസ് നൽകുന്ന അഗനെ തന്റെ പ്രണയം അങ്ങോട്ട് പറഞ്ഞ് ഞെട്ടിക്കുന്നുണ്ട് നായികയായ കുരൽ. ഒരു ഫീൽഗുഡ് ചിത്രത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത മുഹൂർത്തങ്ങളും ചിത്രത്തിന്റെ ഒഴുക്കിൽ പ്രേക്ഷകനിലേക്കെത്തുന്നു.
പ്രദീപ് രംഗനാഥനാണ് അഗൻ എന്ന വേഷത്തിലെത്തിയത്. സിനിമ തുടങ്ങി അഞ്ചാമത്തെമിനിറ്റിൽത്തന്നെ ഈ കഥാപാത്രത്തിന്റെ പശ്ചാത്തലവും ഇനി അങ്ങോട്ട് എന്തായിരിക്കും ഇദ്ദേഹത്തിന് സംഭവിക്കാൻ പോകുന്നതെന്നുമുള്ള ഏകദേശ ധാരണ പ്രേക്ഷകന് നൽകുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. അഗന്റെ ജീവിതം എത്രമാത്രം സംഘർഷഭരിതമായിരിക്കും എന്നുള്ളതിന്റെ സാമ്പിൾ വെടിക്കെട്ടുതന്നെയായി ഓപ്പണിംഗ് സീൻ. ജീവിതത്തിൽ പരാജയം മാത്രം സംഭവിക്കാൻ വിധിച്ചിട്ടുള്ള, എന്നാൽ ആ പരാജയങ്ങളേയും വിജയമാക്കി മാറ്റാൻ മനസുറപ്പുള്ള അഗനായി പ്രദീപ് അരങ്ങുതകർത്തു. പ്രണയത്തിനും സൗഹൃദത്തിനും ഇടയിൽ കുരുങ്ങിപ്പോകുന്ന കുരൽ എന്ന കഥാപാത്രം മമിതയിൽ ഭദ്രമായിരുന്നു.
ഇവർക്ക് ഇരുവർക്കുമൊപ്പം, ചിലസമയങ്ങളിൽ ഇവർക്ക് മുകളിൽ നിൽക്കുന്ന കഥാപാത്രമെന്ന് വിശേഷിപ്പിക്കണം ശരത്കുമാറിനെ. ദുരഭിമാനത്താൽ അന്ധനായ കഥാപാത്രത്തെ രസകരമായാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ചില സന്ദർഭങ്ങളിൽ പ്രകടനംകൊണ്ട് ഞെട്ടിക്കുന്നുമുണ്ട് അദ്ദേഹം. നായകന്റെ അമ്മ വേഷത്തിൽ രോഹിണിയും തിളങ്ങുന്നു.
സായ് അഭ്യങ്കറിന്റെ സംഗീതവിഭാഗമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഡ്യൂഡ് എന്ന കഥാപാത്രത്തിന്റെ ജീവിതപശ്ചാത്തലത്തിന് അനുസൃതമായ സംഗീതമായിരുന്നു സായി നൽകിയത്. പല രംഗങ്ങളിലും സായിയുടെ സംഗീതം അതാത് സീനുകൾക്ക് നൽകുന്ന ഊർജം ചെറുതൊന്നുമല്ല. രംഗങ്ങൾക്കനുസരിച്ച് പ്രേക്ഷകനിൽ പിരിമുറുക്കമുണ്ടാക്കുന്ന അനുഭവം സൃഷ്ടിക്കാൻ സായി അഭ്യങ്കറിന്റെ സംഗീതത്തിനായിട്ടുണ്ട്. സൗഹൃദം തന്നെയാണ് സ്നേഹം എന്നാണ് ചിത്രം ആത്യന്തികമായി നൽകുന്ന സന്ദേശം. എല്ലാം മറന്ന് ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ ഡ്യൂഡിന് ടിക്കറ്റെടുക്കാം.
Content Highlights: Review of the Tamil movie `Dude`. Explores themes of love, heartbreak, and friendship with a unique presentation. Starring Pradeep Ranganathan and Mamitha Baiju.