ഫഹദിനെ ഓഡിഷൻ ചെയ്ത വേഷം?; ഇന്ത്യൻ നടനെ തേടി ഇനാരിറ്റു അയച്ച ഇ- മെയിൽ പങ്കുവെച്ച് ഡോ. ബിജു

ടോം ക്രൂസ് നായകനാകുന്ന ഹോളിവുഡ് ചിത്രം 'ഡിഗ്ഗർ' ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ കൗതുകകരമായ വെളിപ്പെടുത്തലുമായി മലയാളി സംവിധായകൻ ഡോ. ബിജു. ഓസ്‌കർ ജേതാവായ മെക്സിക്കൻ സംവിധായകൻ അലഹാന്ദ്രോ ഗോൺസാലസ് ഇനാരിറ്റു വർഷങ്ങൾക്കുമുമ്പ് ചിത്രത്തിനായി നടനെ കണ്ടെത്താൻ സഹായം തേടിയിരുന്നുവെന്നാണ് ബിജുവിന്റെ വെളിപ്പെടുത്തൽ. ഇനാരിറ്റു തനിക്ക് അയച്ച ഇ- മെയിൽ ബിജു പങ്കുവെച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഡോ. ബിജു മെയിലിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചത്. 2018 ജൂലൈ 22-ന് ലഭിച്ച മെയിലിൽ 'ഡിഗ്ഗർ' സിനിമയ്ക്കായി അനുയോജ്യനായ ഇന്ത്യൻ നടനെ നിർദേശിക്കണമെന്ന് ഇനാരിറ്റു ആവശ്യപ്പെട്ടതായി അദ്ദേഹം കുറിച്ചു. ചില നടന്മാരുടെ പേരുകൾ താൻ നിർദേശിച്ചെങ്കിലും അവരാരും പിന്നീട് ചിത്രത്തിന്റെ ഭാഗമായില്ല. അന്ന് ഈ ആശയവിനിമയം രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതിനാലാണ് വെളിപ്പെടുത്താതിരുന്നതെന്നും ഡോ. ബിജു വ്യക്തമാക്കി.
40 മുതൽ 60 വയസ് വരെയുള്ള നടനെ നിർദേശിക്കാനാണ് ഇനാരിറ്റു ആവശ്യപ്പെട്ടതെന്ന് ബിജു പങ്കുവെച്ച സ്‌ക്രീൻഷോട്ടിൽനിന്ന് വ്യക്തമാവുന്നു. പ്രശസ്തനായിരിക്കണമെന്നില്ല. 'ആക്ടർ ഫെയ്‌സ്' അല്ല വേണ്ടത്, 'റിയൽ ഫെയ്‌സ്' ആണ്. അയാൾ ഗൗരവത്തോടെ സംസാരിച്ചാൽ ആളുകൾ കേൾക്കണം, ചിരിപ്പിക്കാൻ ശ്രമിച്ചാൽ അതും സ്വാഭാവികമായി സാധിക്കണമെന്നും മെയിലിൽ പറയുന്നു.
ഇതിനുമുമ്പ് നിർദേശിക്കപ്പെട്ടിരുന്ന പല ഇന്ത്യൻ നടന്മാരും 'സോഫ്റ്റ്' ആണെന്നും യഥാർഥ മനുഷ്യരെപ്പോലെ തോന്നിക്കുന്നില്ലെന്നും ഇനാരിറ്റു പറഞ്ഞു. ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നും അദ്ദേഹം പ്രത്യേകം അഭ്യർഥിച്ചു. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി ട്രെയ്‌ലർ പുറത്തിറങ്ങിയ സാഹചര്യത്തിലാണ് വെളിപ്പെടുത്തുന്നതെന്ന് ഡോ. ബിജു കുറിച്ചു. ലോകസിനിമയിലെ തന്റെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ ഇനാരിറ്റുവിന്റെ സിനിമയുടെ പ്രാരംഭ ചർച്ചകളിൽ ചെറിയൊരു പങ്ക് വഹിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. കഴിഞ്ഞ 15 വർഷമായി അദ്ദേഹം തന്നെ സുഹൃത്തായി കാണുന്നത് ജീവിതത്തിലെ വലിയ അംഗീകാരമാണെന്നും ഡോ. ബിജു കൂട്ടിച്ചേർത്തു.
ഇന്ത്യൻ നടനെ തേടിയുള്ള ശ്രമങ്ങൾക്കൊടുവിൽ ബ്രിട്ടീഷ്- പാകിസ്താൻ താരം റിസ് അഹമ്മദാണ് ചിത്രത്തിൽ കഥാപാത്രമായെത്തിയത്. 'ഡിഗ്ഗറി'ൽ ഗണേഷ് എന്ന ഇന്ത്യക്കാരനായ കഥാപാത്രത്തെയാണ് റിസ് അഹമ്മദ് അവതരിപ്പിക്കുന്നത്.
ഇനാരിറ്റു ഒരു കഥാപാത്രത്തിനായി തന്നെ സമീപിച്ചിരുന്നുവെന്നും ഇതിനായി ഓഡിഷനിൽ പങ്കെടുത്തുവെന്നും ഫഹദ് ഒരു അഭിമുഖത്തിൽ സ്ഥിരീകരിച്ചിരുന്നു. കഥാപാത്രത്തിന് ആവശ്യമായ ഇംഗ്ലീഷ് ഉച്ചാരണ ശൈലിയിൽ സംവിധായകന് പൂർണ തൃപ്തിയുണ്ടായിരുന്നില്ല. ഉച്ചാരണം ശരിയാക്കിയെടുക്കുന്നതിനായി അമേരിക്കയിൽ പോയി പ്രത്യേക പരിശീലനം നേടണമെന്ന് സംവിധായകൻ നിർദേശിച്ചു. നാല് മാസമെങ്കിലും ഇതിനായി മാത്രം യു.എസിൽ തുടരേണ്ടതുണ്ടായിരുന്നു. എന്നാൽ, പരിശീലനത്തിനാവശ്യമായ ചെലവുകൾ വഹിക്കാൻ ചിത്രത്തിന്റെ നിർമാതാക്കൾ തയ്യാറായിരുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് തനിക്ക് ലഭിച്ച വലിയ ഹോളിവുഡ് അവസരം വേണ്ടെന്നുവെക്കാൻ തീരുമാനിച്ചതെന്ന് ഫഹദ് ഫാസിൽ പറഞ്ഞു.
ടോം ക്രൂസ്, റിസ് അഹമ്മദ്, ജോൺ ഗുഡ്മാൻ, സാന്ദ്ര ഹുള്ളർ, മൈക്കൽ സ്റ്റുൽബർഗ്, ജെസി പ്ലമൺസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഡിഗ്ഗർ' ഒക്ടോബർ രണ്ടിന് ലോകമെമ്പാടും റിലീസ് ചെയ്യും.
മൂന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ സംവിധായകനാണ് ഡോ. ബിജു. 'വീട്ടിലേക്കുള്ള വഴി' (2010), 'പേരറിയാത്തവർ' (2013), 'വലിയ ചിറകുള്ള പക്ഷികൾ' (2015) എന്നീ ചിത്രങ്ങൾക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. 2025-ൽ പുറത്തിറങ്ങിയ 'പാപ്പാ ബുക്ക'യാണ് അദ്ദേഹത്തിന്റെ അവസാനത്തെ ചിത്രം.
Content Highlights: Following the release of the trailer for Tom Cruise's upcoming Hollywood film 'Digger', Malayalam director Dr. Biju shared an email screenshot sent to him by Oscar-winning director Alejandro González Iñárritu in 2018. In the email, Iñárritu sought Dr. Biju's help in recommending a talented Indian actor aged between 40 and 60 who possessed a "real face" rather than a typical "actor face." Dr. Biju explained that he kept this communication confidential for years at the director's request, only revealing it now that the film's production is complete and the trailer is out. British-Pakistani actor Riz Ahmed was eventually cast in the role of the Indian character named Ganesh, a part for which Fahadh Faasil had also previously confirmed auditioning. Fahadh Faasil had to opt out of the project due to production budget limitations regarding his travel and four-month stay in the US for mandatory English accent training