'ഡോണ്ട് ട്രബിൾ ദ ട്രബിൾ'; ഫഹദ് ഫാസിലിന്റെ മായാലോകം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ

#മൂവീസ്‍ ഡെസ്ക്
'ഡോണ്ട് ട്രബിൾ ദ ട്രബിൾ' പോസ്റ്റർ
'ഡോണ്ട് ട്രബിൾ ദ ട്രബിൾ' പോസ്റ്റർ

ഫഹദ് ഫാസിൽ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയ്‌നർ 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' ഒക്ടോബർ രണ്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. തെലുങ്കിൽ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ് ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യും. കേരളത്തിൽ ഭാവന റിലീസാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനിടെയാണ് റിലീസിന് ഇനി ഏഴ് ദിവസം മാത്രം ബാക്കിയെന്ന പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ എത്തിയിരിക്കുന്നത്. പോസ്റ്ററിൽ വ്യത്യസ്തമായ ലുക്കിലാണ് ഫഹദ് ഫാസിലിനെ അവതരിപ്പിച്ചിരിക്കുന്നത്.

'ഡോണ്ട് ട്രബിൾ ദ ട്രബിൾ' സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലറ്റിയാണ്. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥയും ശശാങ്ക് യെലറ്റി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അർക മീഡിയ വർക്ക്‌സും ഷോയിങ് ബിസിനസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്.

ഫഹദ് ഫാസിലിനൊപ്പം സ്സാര പലേക്കർ, സൗരഭ് സച്ച്‌ദേവ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത് സ്ട്രീറ്റ് മജീഷ്യനായ സൂരിയെയാണ്. യഥാർഥ മാന്ത്രികശക്തികളുള്ള ഒരു പെൺകുട്ടിയുമായി സൂരി കണ്ടുമുട്ടുന്നതോടെയാണ് കഥയുടെ രസകരമായ വഴിത്തിരിവുകൾ ആരംഭിക്കുന്നത്. കാണാതായ മാതാപിതാക്കളെ കണ്ടെത്താനുള്ള പെൺകുട്ടിയുടെ യാത്രയിൽ സൂരിയും പങ്കാളിയാകുന്നു. മാജിക് വെറും കൺകെട്ടല്ലെന്നും യാഥാർഥ്യമാണെന്നും തിരിച്ചറിയുന്ന ഘട്ടത്തിലേക്ക് കഥ കടക്കുന്നതാണ് ട്രെയിലർ നൽകുന്ന സൂചന.

ഫഹദ് ഫാസിലിന്റെ ആദ്യത്തെ ലീഡ് തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും 'ഡോണ്ട് ട്രബിൾ ദ ട്രബിളി'നുണ്ട്. മലയാളത്തിലും തമിഴിലും ഡബ്ബ് ചെയ്ത പതിപ്പുകളാണ് എത്തുന്നത്.

സംഗീതം കാല ഭൈരവ, ഛായാഗ്രഹണം ബ്രാഡ് ഫ്രാൻസിസും എഡിറ്റിങ് പ്രവീൺ ആന്റണിയും നിർവഹിക്കുന്നു. മലയാളം പതിപ്പിന്റെ ട്രെയ്‌ലറിന് മോഹൻലാലിന്റെ ശബ്ദവും തെലുങ്ക് പതിപ്പിന് ബാലകൃഷ്ണയുടെ ശബ്ദവും തമിഴ് പതിപ്പിന് കമൽഹാസന്റെ ശബ്ദവും ലഭിച്ചിരിക്കുന്നത് ചിത്രത്തിന്റെ പ്രചാരണത്തിന് കൂടുതൽ ആവേശം പകരുന്നുണ്ട്.

Content Highlights: Fahadh Faasil's fantasy entertainer 'Don't Trouble The Trouble' is scheduled for worldwide release on October 2. The film marks Fahadh Faasil's debut as a full-fledged lead actor in Telugu cinema. Presented by S.S. Rajamouli and directed by Shashank Yeleti, the project is produced by Arka Media Works and Showing Business. Fahadh portrays Suri, a street magician who encounters a young girl possessing real magic powers. Voiceovers for the trailer feature Mohanlal (Malayalam), Nandamuri Balakrishna (Telugu), and Kamal Haasan (Tamil).