'നീ ഒരുപാട് സന്തോഷമുള്ള ഒരിടത്താണെന്ന് അറിയാം'; ഭവതരിണിക്ക് പിറന്നാളാശംസിച്ച് വെങ്കട്ട് പ്രഭു

ഭവതരിണിയും വെങ്കട്ട് പ്രഭുവും | ഫോട്ടോ: twitter.com/vp_offl, വി.രമേഷ് \ മാതൃഭൂമി
ഭവതരിണിയും വെങ്കട്ട് പ്രഭുവും | ഫോട്ടോ: twitter.com/vp_offl, വി.രമേഷ് \ മാതൃഭൂമി

ഇക്കഴിഞ്ഞ ജനുവരി 25-നായിരുന്നു ​ഗായികയും സം​ഗീത സംവിധായികയും സം​ഗീത സംവിധായകൻ ഇളയരാജയുടെ മകളുമായ ഭവതരിണിയുടെ വിയോഗം. അർബുദബാധയെ തുടർന്ന് ചികിത്സയിൽക്കഴിയവേ ശ്രീലങ്കയിൽവെച്ചായിരുന്നു അന്ത്യം. തിങ്കളാഴ്ചയായിരുന്നു അവരുടെ 48-ാം പിറന്നാൾ. ഈയവസരത്തിൽ ഭവതരിണിക്ക് പിറന്നാളാംശയർപ്പിച്ച് സംവിധായകൻ വെങ്കട്ട് പ്രഭു പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടിയിരിക്കുകയാണ്.

ഇളയരാജയുടെ സഹോദരൻ ​ഗം​ഗൈ അമരന്റെ മകനാണ് സംവിധായകൻ വെങ്കട്ട് പ്രഭു. ഭവതരിണിക്കൊപ്പമുള്ള ചിത്രവും ചെറുകുറിപ്പുമാണ് വെങ്കട്ട് പ്രഭു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ''പിറന്നാളാശംസകൾ സഹോദരീ. നീ ഒരുപാട് സന്തോഷം നിറഞ്ഞ ഒരിടത്താണെന്ന് ‍ഞങ്ങൾക്കെല്ലാം അറിയാം. നിന്നെ ഞങ്ങൾക്ക് ഒരുപാട് മിസ് ചെയ്യുന്നു.'' സംവിധായകൻ കുറിച്ചു. നിരവധി പേരാണ് ഇതിന് പ്രതികരണങ്ങളുമായെത്തിയത്.

1976 ചെന്നൈയിലാണ് ഭവതരിണിയുടെ ജനനം. ബാല്യകാലത്ത് മുതൽ തന്നെ ശാസ്ത്രീയസംഗീതത്തിൽ പരിശീലനം നേടിയിരുന്നു. 1984 ൽ പുറത്തിറങ്ങിയ മൈഡിയർ കുട്ടിച്ചാത്തനിലെ 'തിത്തിത്തേ താളം' എന്ന ഗാനം ആലപിച്ചാണ് സിനിമാസംഗീത രംഗത്ത് അരങ്ങേറ്റം കുറിച്ചത്. രാസയ്യ, അലക്‌സാണ്ടർ, തേടിനേൻ വന്തത്, കാതലുക്ക് മര്യാദൈ, ഫ്രണ്ട്‌സ് (തമിഴ്), പാ, താരരൈ ഭരണി, ഗോവ, അനേകൻ തുടങ്ങിയ സിനിമകളിൽ പാടിയിട്ടുണ്ട്. ഇളയരാജയുടെ സംഗീത സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ ഭാരതി എന്ന ചിത്രത്തിലെ 'മയിൽ പോലെ പൊണ്ണു ഒന്ന്' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 

മലയാളത്തിൽ കല്യാണപല്ലക്കിൽ വേളിപ്പയ്യൻ (കളിയൂഞ്ഞാൽ), നാദസ്വരം കേട്ടോ (പൊൻമുടി പുഴയോരത്ത് )എന്നീ ഗാനങ്ങൾ ആലപിച്ചു. ശോഭനയെ നായകയാക്കി രേവതി സംവിധാനം ചെയ്ത മിത്ര മൈ ഫ്രണ്ട് എന്ന സിനിമയിലൂടെ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിച്ചു. ഫിൽ മിലേംഗേ, വെല്ലച്ചി, അമൃതം, മായാനദി തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി സംഗീതമൊരുക്കി. 

പരേതയായ ജീവാ ഗാജയ്യയാണ് അമ്മ. സംഗീത സംവിധായകരായ യുവൻ ശങ്കർരാജ, കാർത്തിക് രാജ എന്നിവർ സഹോദരങ്ങളാണ്‌ പരസ്യ എക്‌സിക്യൂട്ടീവായ ആർ. ശബരിരാജ് ആണ് ഭർത്താവ്.

Content Highlights: director venkat prabhu birthday wish to late musician bhavatharini, bhavatharini death news