ആദ്യം RRR കണ്ടു, ഭാര്യയേയും കൂട്ടിവന്ന് ‘ഈച്ച’യും; രാജമൗലിയെ ഞെട്ടിച്ച് സംവിധായകൻ കോസ്റ്റ ഗാവ്‌റിസ്‌

#മൂവി ഡെസ്ക്
കോസ്റ്റ ഗാവ്രാസിനൊപ്പം രാജമൗലി, ചലച്ചിത്ര പ്രദർശനത്തിനിടെ കോസ്റ്റ ഗാവ്രാസ് | ഫോട്ടോ: X, സ്ക്രീൻ​ഗ്രാബ്
കോസ്റ്റ ഗാവ്രാസിനൊപ്പം രാജമൗലി, ചലച്ചിത്ര പ്രദർശനത്തിനിടെ കോസ്റ്റ ഗാവ്രാസ് | ഫോട്ടോ: X, സ്ക്രീൻ​ഗ്രാബ്

പാരിസിലെ സിനിമാതെക് ഫ്രാൻസെയ്‌സിൽ (Cinematheque Francaise) സംവിധായകൻ എസ്.എസ്. രാജമൗലിക്ക് ആദരം. ലോകപ്രശസ്തമായ ഈ ചലച്ചിത്ര സ്ഥാപനത്തിൽ രാജമൗലിക്ക് സ്ഥിരമായ സ്ഥാനം നൽകിക്കൊണ്ടാണ് ഈ ബഹുമതി നൽകിയത്. ഹെൻറി ലാംഗ്ലോയിസ് 1936-ൽ സ്ഥാപിച്ച ഈ സ്ഥാപനം ലോകമെമ്പാടുമുള്ള പ്രമുഖ ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്നതിന് പേരുകേട്ടതാണ്.

ചടങ്ങിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം 93 വയസ്സുകാരനായ ഓസ്കാർ ജേതാവ് കോസ്റ്റ ഗാവ്‌റിസിന്റെ സാന്നിധ്യമായിരുന്നു. രാജമൗലിയുടെ സിനിമകൾ കാണുന്നതിനായി അദ്ദേഹം എട്ട് മണിക്കൂറോളം അവിടെ ചെലവഴിച്ചു. 'Z', 'Missing' തുടങ്ങിയ ക്ലാസിക് സിനിമകളുടെ സംവിധായകനായ ഗാവ്‌റിസ്‌, ഒരു സിനിമ കണ്ട് മടങ്ങാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും രാജമൗലിയുടെ സൃഷ്ടികളിൽ ആകൃഷ്ടനായി ദീർഘനേരം അവിടെ തുടരുകയായിരുന്നു.

ഇന്ത്യൻ സിനിമയുടെ ആഗോള വളർച്ച ആഘോഷിക്കുന്നതിന്റെ ഭാഗമായി 'RRR', 'ഈഗ', 'ബാഹുബലി: ദ ബിഗിനിംഗ്' എന്നീ ചിത്രങ്ങളുടെ പ്രത്യേക പ്രദർശനങ്ങൾ അവിടെ സംഘടിപ്പിച്ചിരുന്നു. പ്രദർശനങ്ങൾക്ക് ശേഷം രാജമൗലിയുടെ നേതൃത്വത്തിൽ മാസ്റ്റർ ക്ലാസ്സും നടന്നു. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണും വിദേശകാര്യ മന്ത്രാലയവും സംയുക്തമായാണ് ഈ പരിപാടിക്ക് പിന്തുണ നൽകിയത്. ലോകത്തെ ഏറ്റവും ഐതിഹാസികമായ ചലച്ചിത്ര സ്ഥാപനങ്ങളിൽ ഒന്നിൽ തന്റെ സിനിമകൾ പ്രദർശിപ്പിക്കുന്നത് വലിയൊരു ബഹുമതിയാണെന്ന് രാജമൗലി സോഷ്യൽ മീഡിയയിൽ കുറിച്ചു.

രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയ ഗാവ്‌റിസിന്റെ അപ്രതീക്ഷിത സന്ദർശനത്തെക്കുറിച്ച് എക്സിൽ (X) പങ്കുവെച്ചു. 'RRR' കണ്ട ശേഷം അടുത്ത ദിവസം 'ഈഗ(ഈച്ച)' കാണാൻ മടങ്ങിവരുമെന്ന് പറഞ്ഞ ഗാവ്‌റിസ്‌, ഭാര്യയോടൊപ്പം തിരിച്ചെത്തി. എട്ട് മണിക്കൂർ സിനിമകൾക്കും മാസ്റ്റർ ക്ലാസ്സിനുമായി അദ്ദേഹം ചെലവഴിച്ചത് തങ്ങളെ അതിശയിപ്പിച്ചുവെന്ന്‌ കാർത്തികേയ കുറിച്ചു. ഇത്തരം നിമിഷങ്ങളാണ് സിനിമയിൽ തുടരാൻ തങ്ങളെ പ്രചോദിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാവ്‌റിസിന്റെയും സിനിമാതെക് ഫ്രാൻസെയ്‌സിന്റെയും സ്നേഹത്തിന് രാജമൗലി നന്ദി രേഖപ്പെടുത്തി.

നിലവിൽ മഹേഷ് ബാബുവിനെ നായകനാക്കി 'വാരാണസി' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് രാജമൗലി. പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഈ ചിത്രം 2027 ഏപ്രിലിൽ ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: In a monumental milestone for Indian cinema, visionary director SS Rajamouli was bestowed with a permanent seat and rare honor at the world-renowned Cinematheque Francaise in Paris, an event graced by 93-year-old legendary Oscar-winning filmmaker Costa-Gavras, who spent eight hours immersed in Rajamouli's cinematic world.