പൃഥ്വിയുടെ ചോരയും നീരുമാണ് ആടുജീവിതത്തിൻ്റെ ആത്മാവ്, കാലത്തെ അതിജീവിക്കുന്ന ക്ലാസിക്-റോഷൻ ആൻഡ്രൂസ്

'ആടുജീവിത'ത്തെയും നടൻ പൃഥ്വിരാജിനേയും പ്രശംസിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. കാലത്തെ അതിജീവിക്കുന്ന ഒരു ക്‌ളാസിക് ആണ് ബ്ലെസി ഒരുക്കിയതെന്നും പൃഥ്വിരാജ് എന്ന നടന്റെ ചോരയും നീരുമാണ് ആടുജീവിതത്തിന്റെ ആത്മാവെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
'അനുഭവമാകുമ്പോഴാണ് സിനിമ ദൈവീകമാകുന്നത്. ബ്ലെസ്സി ചേട്ടാ, നിങ്ങൾ കാലത്തെ അതിജീവിക്കുന്ന ഒരു ക്ലാസിക് സൃഷ്ടിച്ചു. പൃഥ്വി.. എന്റെ ആന്റണി മോസസ്.. ഞാൻ എന്താണ് പറയുക? അക്ഷരാർത്ഥത്തിൽ നിങ്ങളുടെ ചോരയും നീരുമാണ് ആടുജീവിതത്തിൻ്റെ ആത്മാവ്. ഇത് നിങ്ങളുടെ ഏറ്റവും മികച്ചതാണെന്ന് ഞാൻ നിങ്ങളോട് പറയേണ്ടതുണ്ടോ? സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശം നജീബിനെ ഒരു വിജയിയാക്കി. അടുത്ത വർഷം നടക്കുന്ന ഒട്ടനവധി ചലച്ചിത്ര മേളകളിലും അവാർഡ് ദാന ചടങ്ങുകളിലും നിങ്ങൾ റെഡ് കാർപറ്റിലൂടെ നടക്കുന്നത് കാണുമെന്ന പ്രതീക്ഷിക്കുന്നു. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ', റോഷൻ ആൻഡ്രൂസ് കുറിച്ചു.
അതേസമയം, ബോക്സോഫീസിൽ പുതിയ കളക്ഷൻ റെക്കോർഡ് സൃഷ്ടിക്കുകയാണ് ആടുജീവിതം. ഏറ്റവും വേഗത്തിൽ അൻപത് കോടി ക്ലബിലെത്തിയ മലയാളചിത്രമെന്ന ഖ്യാതി ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. വെെകാതെ 100 കോടി ക്ലബ്ബിൽ ചിത്രം എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിരീക്ഷണം.
Content Highlights: director roshan andrews about aadujeevitham movie