ആരാധകർക്ക് സർപ്രൈസ്; രജനികാന്തിനെ സന്ദർശിച്ച് നഹാസ് ഹിദായത്ത്

ആർ.ഡി.എക്സ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിൽ പുത്തൻ പാത വെട്ടിത്തുറന്ന സംവിധായകനാണ് നഹാസ് ഹിദായത്ത്. ആർ.ഡി.എക്സിനുശേഷം സംവിധായകന്റേതായി പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രേക്ഷകർക്ക് ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ് നഹാസ്. സിനിമാപ്രേമികളുടെ സ്വന്തം സൂപ്പർസ്റ്റാർ രജനികാന്തിനെ സന്ദർശിച്ചിരിക്കുകയാണ് നഹാസ് ഹിദായത്ത്.
ജയ് ഭീമിനുശേഷം ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുതുച്ചേരിയിൽ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന്റെ സെറ്റിൽവെച്ചായിരുന്നു രജനികാന്തും നഹാസ് ഹിദായത്തും കണ്ടത്. തന്റെ പ്രിയതാരത്തിനൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങൾ നഹാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പ്രപഞ്ചം നിങ്ങളുടെ സ്വപ്നങ്ങൾക്കായി ഗൂഢാലോചന നടത്തിയപ്പോൾ എന്നാണ് ചിത്രങ്ങൾക്കൊപ്പം സംവിധായകൻ നൽകിയ തലക്കെട്ട്.
നഹാസ് പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൊന്നിൽ അദ്ദേഹത്തിനും രജനിക്കുമൊപ്പം സംഘട്ടനസംവിധായകരായ അൻപറിവ് സഹോദരന്മാരെ കാണാം. വേട്ടയന് ഇരുവരും ചേർന്നാണ് സംഘട്ടനമൊരുക്കുന്നത്. നഹാസിന്റെ ആർഡിഎക്സിലെ തീപാറുന്ന ആക്ഷൻ രംഗങ്ങളൊരുക്കിയതും അൻപറിവ് ടീമാണ്. കമൽ ഹാസൻ നായകനാവുന്ന പുതിയ ചിത്രം സംവിധാനംചെയ്യുന്നത് അൻപറിവാണ്.
ഈയിടെയാണ് രജനികാന്ത് വേട്ടയന്റെ മുംബൈയിലെ ചിത്രീകരണം പൂർത്തിയാക്കിയത്. അമിതാഭ് ബച്ചനൊപ്പമുള്ള രംഗങ്ങളാണ് അദ്ദേഹം അഭിനയിച്ചത്. ഫഹദ് ഫാസിൽ, റാണ ദഗുബട്ടി, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് അനിരുദ്ധ് രവിചന്ദർ.
Content Highlights: director nahas hidhayath visited rajinikanth