സംവിധായകന്‍ കെ.പി. പിള്ള അന്തരിച്ചു

കെ.പി. പിള്ള
കെ.പി. പിള്ള

കല്ലമ്പലം (തിരുവനന്തപുരം): സിനിമാ, നാടക സംവിധായകനും നടനുമായ നാവായിക്കുളം പാലാഴിയില്‍ കെ.പി.പിള്ള (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അന്ത്യം. 1970 ല്‍ രാമു കാര്യാട്ടിന്റെ അഭയം എന്ന സിനിമയില്‍ സഹസംവിധായകനായി സിനിമാരംഗത്ത് വന്ന അദ്ദേഹം 1971-ല്‍ മധുവിന്റെ പ്രിയ എന്ന സിനിമയിലും തുടര്‍ന്ന് മയിലാടുംകുന്ന്, ഇന്‍ക്വിലാബ് സിന്ദാബാദ്, പണിതീരാത്ത വീട്, ആദ്യത്തെ കഥ എന്നീ സിനിമകളിലും സഹസംവിധായകനായി. 1974ല്‍ നഗരം സാഗരം സംവിധാനം ചെയ്തു. 1975 ല്‍ വൃന്ദാവനം 1977-ല്‍ അഷ്ടമുടിക്കായല്‍, 1978 ല്‍ കതിര്‍ മണ്ഡപം, 1980 ല്‍ പാതിരാ സൂര്യന്‍, 1981-ല്‍ പ്രിയസഖി രാധ എന്നീ സിനിമകളും സംവിധാനം ചെയ്തു.

വര്‍ക്കല ചിലക്കൂര്‍ കുടവറത്ത് പരേതരായ പരമേശ്വരന്‍ പിള്ളയുടെയും ദേവകി അമ്മയുടെയും മകനാണ്. വര്‍ക്കല ശിവഗിരി, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസാനന്തരം 21 വര്‍ഷം ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ കാണ്‍പുര്‍, അംബാല, അലഹാബാദ്, തമിഴ്‌നാട്ടിലെ താംബരം എന്നിവിടങ്ങളില്‍ മലയാള നാടക സംവിധായകനായും നടനായും പ്രവര്‍ത്തിച്ചു.

മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കള്‍: പത്മം, ശാലിനി, പരേതയായ ഉമ, ബീന. മരുമക്കള്‍: സാബു, പ്രദീപ്, ഗോപിനാഥന്‍, ശശിധരന്‍.

Content Highlights: Director KP Pilla passed away, Malayalam Cinema

Content Highlights: