'പാക് നടിയെ കാസ്റ്റ് ചെയ്തത് പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ്'; ദിൽജിത്ത് ചിത്രം റിലീസ് മാറ്റിവെച്ചു

നടനും ഗായകനുമായ ദിൽജിത്ത് ദോസാഞ്ജിന്റെ 'സർദാർജി 3' യിൽ പാക് നടി ഹനിയ അമീറിനെ നായികയാക്കിയത് പഹൽഗാം ഭീകരാക്രമണം നടക്കുന്നതിന് മുമ്പായിരുന്നുവെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ. ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിന് മുമ്പായിരുന്നു സിനിമയുടെ ചിത്രീകരണമെന്നും നിർമാതാക്കൾ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
'സർദാർജി 3 എന്ന ചിത്രം നമ്മുടെ രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങൾക്ക് വളരെ മുമ്പ് ചിത്രീകരിച്ചതാണ്. ഭീകരാക്രമണത്തിന് ശേഷം ഏതെങ്കിലും പാകിസ്താനി കലാകാരനെ ചിത്രവുമായി ബന്ധിപ്പിച്ചിട്ടില്ല. രാജ്യത്തിന്റേയും പൗരന്മാരുടേയും ഒപ്പം ഒറ്റക്കെട്ടായി നിൽക്കാനാണ് തീരുമാനം. ഇപ്പോഴത്തെ അവസ്ഥയിൽ ചിത്രം റിലീസ് ചെയ്യുന്നില്ല. സാഹചര്യം അനുയോജ്യമാകുന്നതുവരെ സിനിമയോ അതുമായി ബന്ധപ്പെട്ട മറ്റ് ഉള്ളടക്കമോ റിലീസ് ചെയ്യാതിരിക്കാൻ തീരുമാനിച്ചു', പ്രസ്താവനയിൽ പറയുന്നു.
ജൂൺ 27-ന് ചിത്രം റിലീസ് ചെയ്യാനൊരുങ്ങിയ ചിത്രമാണ് ഇപ്പോൾ വീണ്ടും റിലീസ് മാറ്റിയിരിക്കുന്നത്. പാക് നടി ഹനിയ ആമിറിനെ ചിത്രത്തിൽ കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വലിയ വിവാദമുണ്ടായിരുന്നു. ചിത്രം റിലീസ് ചെയ്താൽ ദിൽജിത്തിനെ വിലക്കുമെന്ന് അറിയിച്ച് സിനിമാ സംഘടനകൾ രംഗത്തെത്തുന്ന സാഹചര്യം വരെയുണ്ടായി.
നേരത്തെ, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഹാനിയ ആമിർ, മാഹിറ ഖാൻ എന്നിവരുൾപ്പെടെയുള്ളവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്ത്യയിൽ വിലക്കിയിരുന്നു. ഹാനിയ ആമിറിൻ്റെ അക്കൗണ്ടായിരുന്നു അന്ന് ആദ്യം പ്രവർത്തനരഹിതമാക്കിയത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയതും ഹാനിയയ്ക്കെതിരായ വിമർശനങ്ങൾക്ക് കാരണമായി.
Content Highlights: Diljit Dosanjh Delays "Sardarji 3" Release Amidst India-Pakistan Tensions