കോടതിയില്‍നിന്ന് നേരെ രാമന്‍പിള്ളയുടെ അടുത്തേക്ക്; കാല്‍തൊട്ട് വന്ദിച്ച് നന്ദി അറിയിച്ച് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ നടന്‍ ദിലീപ് ആദ്യമെത്തിയത് അഭിഭാഷകന്‍ ബി. രാമന്‍ പിള്ളയുടെ വസതിയിലേക്ക്. നേരിട്ടെത്തിയ ദിലീപ് കാല്‍തൊട്ട് വന്ദിക്കുകയും നന്ദി അറിയിക്കുകയുംചെയ്തു. പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച രാമന്‍പിള്ള, ദിലീപിനെ വേട്ടയാടുകയായിരുന്നുവെന്ന് ആരോപിച്ചു.
'സത്യത്തിനും ന്യായത്തിനും നീതിക്കും യോജിച്ച വിധിയാണിത്. ന്യായമായ ഒരു വിധി താന്‍ പ്രതീക്ഷിച്ചതാണ്' രാമന്‍ പിള്ള പറഞ്ഞു. ദിലീപിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥയാണെന്ന് രാമന്‍പിള്ള ആരോപിച്ചു. കേസില്‍ അന്വേഷണോദ്യോഗസ്ഥയായിരുന്ന ബി. സന്ധ്യയെ ലക്ഷ്യമിട്ടായിരുന്നു രാമന്‍പിള്ളയുടെ ആരോപണം.
അതിജീവിതയുടെ അമ്മ, കൂട്ടുകാരി രമ്യാ നമ്പീശന്‍ തുടങ്ങിയവരുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. സിനിമയിലോ അല്ലാതെയോ ഒരു ശത്രുക്കളും അതിജീവിതയ്ക്ക് ഇല്ലെന്ന് ഇവരെല്ലാം മൊഴി നല്‍കിയിരുന്നു. പി.ടി.തോമസിന് ഒന്നും അറിയില്ല. ദിലീപിനെതിരെയാണ് ഗൂഢാലോചന നടത്തിയത്. സത്യമായ ഒരു തെളിവും ഈ കേസില്‍ ഇല്ലെന്നും രാമന്‍ പിള്ള പറഞ്ഞു.
ബാലചന്ദ്ര കുമാറിനെ ഇറക്കിയത് ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രമാണ്. ദിലീപിനെ പ്രതിയാക്കാന്‍ മാത്രമായി ഒരു സീനിയര്‍ ഉദ്യോഗസ്ഥ ആ ടീമിലെ ഏറ്റവും ജൂനിയര്‍ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അന്വേഷണമേല്‍പ്പിച്ചു. 200 സാക്ഷികളേയും വിസ്തരിച്ച ശേഷം പുതിയൊരു കേസ് രജിസ്റ്റര്‍ ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: Actor Dileep visits his lawyer Raman Pillai after being acquitted in the actress assault case. Pillai alleges a conspiracy by a senior police official