ഷാരൂഖ് ഖാനെ അങ്കിളെന്ന്‌ വിളിച്ചു, രോഷത്തോടെ ആരാധകർ; സ്‌ക്രീൻഷോട്ട് വ്യാജമെന്ന് ടർക്കിഷ് നടി

ഹാന്‍ഡെ എര്‍സെല്‍/ ഷാരൂഖ് ഖാന്‍ | Photo: AFP/ instagram/ hande ercel
ഹാന്‍ഡെ എര്‍സെല്‍/ ഷാരൂഖ് ഖാന്‍ | Photo: AFP/ instagram/ hande ercel

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ 'അങ്കിൾ' എന്ന് വിളിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ടർക്കിഷ് നടി ഹാൻഡെ എർസൽ. സൗദി അറേബ്യയിലെ റിയാദിൽ നടന്ന ജോയ് അവാർഡ്‌സിന്റെ വേദിയിൽ തന്റെ സുഹൃത്തും നടിയുമായ അമീന ഖലീലിനൊപ്പം ഷാരൂഖ് ഖാൻ നിൽക്കുന്ന ചിത്രം ഹാൻഡെ എർസൽ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെയ്ക്കുകയും 'ഈ അങ്കിൾ ആരാണ്?' എന്ന് അതിൽ ചോദിക്കുകയും ചെയ്തുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ ഇൻസ്റ്റഗ്രാം സ്‌റ്റോറിയുടെ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് എക്‌സിലും ഒട്ടേറെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഹാൻഡെ എർസൽ ഷാരൂഖിന്റെ വീഡിയോ എടുക്കുന്നുവെന്നാണ് ആരാധകർ പ്രചരിപ്പിക്കുന്നതെന്നും എന്നാൽ യഥാർഥത്തിൽ സുഹൃത്ത് അമീനയുടെ വീഡിയോയാണ് ഹാൻഡെ എടുത്തതെന്നും ഈ അങ്കിൾ ആരാണ് എന്ന് ചോദിക്കുകയും ചെയ്തുവെന്നുമായിരുന്നു എക്‌സിലെ പോസ്റ്റുകൾ. ഇതിനൊപ്പം ഹാൻഡെയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ സ്‌ക്രീൻ ഷോട്ടും പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഹാൻഡെ എർസൽ വിശദീകരണവുമായെത്തിയത്. 'ഇതെല്ലാം വ്യാജമാണ്' എന്നാണ് അവർ എക്‌സിൽ കുറിച്ചത്. ഇതോടെ ഹാൻഡെയുടെ പോസ്റ്റിന് താഴെ ഒട്ടേറെ ഷാരൂഖ് ആരാധകർ നന്ദി അറിയിച്ച് കമന്റ് ചെയ്തു. 'ഇതിനെക്കുറിച്ച് വ്യക്തത വരുത്തിയതിന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു. എസ്ആർകെ വിരോധികൾ അദ്ദേഹത്തെക്കുറിച്ച് നുണ പ്രചരിപ്പിക്കാൻ എല്ലാവരെയും എല്ലാത്തിനെയും ഉപയോഗിക്കുന്നു. ഈ വിദ്വേഷ പ്രചാരണത്തിന് അറുതി വരുത്തിയതിന് നന്ദി.'-എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

തുർക്കിയിലെ പ്രശസ്ത നടിയും മോഡലുമാണ് ഹാൻഡെ എർസൽ. ടർക്കിഷ് ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ അവർക്ക് മിഡിൽ ഈസ്റ്റിലും ഒട്ടേറെ ആരാധകരുണ്ട്. തുർക്കിയിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന നടി കൂടിയാണ് അവർ.

[object Object]

Content Highlights: did turkish star hande ercel really call shah rukh khan uncle