തിയേറ്ററുകൾ കീഴടക്കി 'അയ്യർ ഇൻ അറേബ്യ'; വിജയകരമായി പ്രദർശനം തുടരുന്നു

മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം. എ നിഷാദ് തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ച 'അയ്യർ ഇൻ അറേബ്യ' പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി തിയേറ്ററുകൾ കീഴടക്കുന്നു. സിനിമ കാണുന്നവർക്ക് ചിത്രത്തിന്റെ പ്രമേയവും ദൃശ്യങ്ങളും റിലേറ്റ് ചെയ്യാൻ സാധിക്കുന്നു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകരോടൊപ്പം പ്രായഭേതമന്യേ എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മതം, വിശ്വാസം, കുടുംബം, പ്രണയം എന്നീ ധ്രുവങ്ങളെ പശ്ചാത്തലമാക്കിയ ചിത്രം ഫെബ്രുവരി രണ്ടിനാണ് തിയേറ്റർ റിലീസ് ചെയ്തത്. സമകാലിക രാഷ്ട്രീയ സാമൂഹ്യ അവസ്ഥകളെ പരാമർശിച്ച് വർത്തമാന സാഹചര്യത്തിൽ രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന വിശ്വാസങ്ങളാണ് ചിത്രത്തിൽ ചൂണ്ടികാണിക്കുന്നത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി ബിസിനസ്മാൻ വിഘ്നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ശ്രീനിവാസ് അയ്യറായി മുകേഷ് എത്തിയ ചിത്രത്തിലെ ഝാൻസി റാണിയെ അവതരിപ്പിച്ചത് ഉർവശിയാണ്. രാഹുൽ എന്ന കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ വേഷമിട്ടപ്പോൾ രാഹുലിന്റെ പ്രണയിനി സെഹ്റയെ ദുർഗ്ഗാ കൃഷ്ണയും കൈകാര്യം ചെയ്തു. ചിത്രത്തിലെ മറ്റ് സുപ്രധാനമായ വേഷങ്ങളിൽ ഷൈൻ ടോം ചാക്കോയും ഡയാന ഹമീദും എത്തി.
ഛായാഗ്രഹണം: സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, ശബ്ദലേഖനം: ജിജുമോൻ ടി ബ്രൂസ്, സൗണ്ട് ഡിസൈൻ: രാജേഷ് പി എം, കലാസംവിധാനം: പ്രദീപ് എം വി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജീർ കിച്ചു, പ്രൊഡക്ഷൻ കണ്ട്രോളർ: ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടർ: പ്രകാശ് കെ മധു, സ്റ്റിൽസ്: നിദാദ്, ഡിസൈൻ: യെല്ലോടൂത്ത്, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്, പിആർഒ: എ എസ് ദിനേഷ്.
Content Highlights: dhyan mukesh urvashi movie iyer in arabia running successfully