‘ധുരന്ധർ 2’ വ്യാജപതിപ്പ് പ്രചരിച്ചു; ചാനലുൾപ്പെടെ ചൂണ്ടിക്കാട്ടി ആരാധകർ, ഇടപെട്ട് യൂട്യൂബ്

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനംചെയ്ത 'ധുരന്ധർ: ദ റിവഞ്ച്' വ്യാജപതിപ്പ് യൂട്യൂബിൽ. ബോക്‌സ് ഓഫീസിൽ വൻമുന്നേറ്റവുമായി പ്രദർശനം തുടരുന്നതിനിടെയാണ് വ്യാജപതിപ്പ് യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. ആരാധകർ ശ്രദ്ധയിൽപ്പെടുത്തിയോടെ യൂട്യൂബ് ചിത്രം നീക്കം ചെയ്തു.
സംവിധായകൻ ആദിത്യ ധറിനേയും പങ്കാളി യാമി ഗൗതത്തേയും ടാഗ് ചെയ്തുകൊണ്ട് ഒട്ടേറെ എക്‌സ് പോസ്റ്റുകളാണ് കഴിഞ്ഞ മണിക്കൂറിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ വ്യാജപതിപ്പ് യൂട്യൂബിലുണ്ടെന്ന് അറിയിച്ചായിരുന്നു പോസ്റ്റുകളെല്ലാം. ചിത്രം പ്രത്യക്ഷപ്പെട്ട ചാനലിന്റെ പേരടക്കം സൂചിപ്പിച്ചായിരുന്നു പോസ്റ്റുകൾ. തുടർന്നാണ് യൂട്യൂബ് ഇടപെട്ട് ചിത്രം നീക്കം ചെയ്തത്.
ചിത്രം പുറത്തിറങ്ങി 12 ദിവസം പിന്നിടുമ്പോൾ, 1400 കോടിയോടടുത്ത് കളക്ഷൻ നേടിക്കഴിഞ്ഞു. ഷാരൂഖ് ഖാന്റെ ജവാൻ, യഷിന്റെ കെജിഎഫ് 2, രാജമൗലി ചിത്രം ആർആർആർ എന്നീ ചിത്രങ്ങളുടെ കളക്ഷൻ ചിത്രം മറികടന്നുകഴിഞ്ഞു. പുഷ്പ 2: ദി റൂൾ, ബാഹുബലി 2, ദംഗൽ എന്നീ ചിത്രങ്ങൾ മാത്രമാണ് ഇനി 'ധുരന്ധർ 2'-ന്റെ മുന്നിലുള്ളത്. 1354 കോടിയാണ് ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററുകളിൽനിന്ന് വാരിയത്.
Content Highlights: Dhurandhar 2 leaked on YouTube shortly after release. Proactive fan reports led to the immediate removal of the pirated content. The film has grossed nearly 1400 crores within 12 days of its 2026 release. Dhurandhar 2 is currently challenging historical box office records