സംസ്‌കൃതഭാഷ സയന്‍സ് ഫിക്ഷന്‍ അനിമേഷന്‍ സിനിമ ‘ധീ’ ഉടന്‍

പ്രതീകാത്മക ചിത്രം, രവിശങ്കര്‍ വെങ്കിടേശ്വരൻ
പ്രതീകാത്മക ചിത്രം, രവിശങ്കര്‍ വെങ്കിടേശ്വരൻ

ഇന്ത്യയില്‍ ആദ്യമായി പൂര്‍ണമായും സംസ്‌കൃത ഭാഷയില്‍ നിര്‍മിക്കുന്ന സയന്‍സ് ഫിക്ഷന്‍ അനിമേഷന്‍ സിനിമ 'ധീ' അണിയറപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആഗോളതലത്തില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്‌കൃത അനിമേഷന്‍ സിനിമയായ 'പുണ്യകോടി'ക്കു ശേഷം പപ്പറ്റിക്ക മീഡിയ നിര്‍മിക്കുന്ന സിനിമയാണ് 'ധീ'. ഏറ്റവും മികച്ച അനിമേഷന്‍ സിനിമകള്‍ക്കു ലഭിക്കുന്ന എഎന്‍എന്‍ അവാര്‍ഡുകള്‍ നാലെണ്ണം 'പുണ്യകോടി' നേടിയിട്ടുണ്ട്.

2020-ല്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായ 'പുണ്യകോടി'യുടെ വിജയം നല്‍കിയ അംഗീകാരങ്ങളിലൂടെയും പ്രേക്ഷകപിന്തുണയിലൂടെയും ആഗോളപ്രശസ്തി നേടിയ രവിശങ്കര്‍ വെങ്കിടേശ്വരനാണ് 'ധീ' സംവിധാനംചെയ്യുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുതുടക്കം കുറിച്ചിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയപ്രത്യേകതയെന്നത് അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം മലയാളികളാണന്നുള്ളതാണ്.

ദീര്‍ഘനാളത്തെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ആഗോളനിലവാരത്തിലുള്ള ഏറ്റവും നൂതനമായ അനിമേഷന്‍ സാങ്കേതികവിദ്യകളും നിര്‍മിതബുദ്ധിയും ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷന്‍ ടീമും സിനിമയ്ക്ക് പിന്നില്‍ അണിനിരക്കുന്നു. ഇന്‍ഫോസിസിലെ മുന്‍ഉദ്യേഗസ്ഥനായിരുന്ന രവിശങ്കര്‍, മീഡിയ, അനിമേഷന്‍ മേഖലകളിലെ തന്റെ മുപ്പത് വര്‍ഷത്തെ അനുഭവ സമ്പത്ത് ഈ സിനിമയ്ക്കായി ഉപയോഗിക്കുന്നു. ഇന്ത്യയിലെ മുന്‍നിര അനിമേഷന്‍ സ്റ്റുഡിയോകളില്‍ ഒന്നായ പപ്പറ്റിക്ക മീഡിയ, ലോകോത്തര നിലവാരത്തിലുള്ള വിദഗ്ദ്ധ ടെക്‌നീഷ്യന്മാരുടെ നേതൃത്വത്തില്‍, ഇന്ത്യയുടെ തനതായ സംസ്‌കാരവും കലാരീതികളും അനിമേഷന്റെ സഹായത്തോടെ ആഗോള തലത്തിലെത്തിക്കുക എന്ന ഏക ലക്ഷ്യത്തോടെ മുന്നോട്ടു പോകുന്നു.

നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടത്തിലെത്തി നില്ക്കുന്ന സിനിമയുടെ നിര്‍മാണത്തിനും വിതരണത്തിനും സഹായം ലഭിക്കാന്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഒടിടി പാര്‍ട്ട്ണര്‍മാരെയും കോ-പ്രൊഡ്യൂസര്‍മാരെയും തേടുന്നുണ്ട്. ചിത്രത്തിന്റെ പിആര്‍ഒ: അജയ് തുണ്ടത്തില്‍.