ആയിരം കോടി ക്ലബ്ബിലെത്തുന്ന ഒമ്പതാമത് ചിത്രമായി ധുരന്ധർ, നേട്ടം 21 ദിവസത്തിൽ; മറ്റ് ചിത്രങ്ങൾ ഇവ

#Movie Desk
ധുരന്ധർ പോസ്റ്റർ
ധുരന്ധർ പോസ്റ്റർ

ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിങ് നായകനായെത്തിയ സ്‌പൈ ത്രില്ലർ ചിത്രം ധുരന്ധർ തിയേറ്ററുകളിൽ സൂപ്പർഹിറ്റായി പ്രദർശനം തുടരുകയാണ്. ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം 21 ദിവസത്തിനകം ആയിരം കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ഇതോടെ ആയിരം കോടി രൂപയിലേറെ കളക്ട് ചെയ്യുന്ന ഒമ്പതാമത് ഇന്ത്യൻ ചിത്രമായിരിക്കുകയാണ് ധുരന്ധർ.

പ്രഭാസ് നായകനായി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ബാഹുബലി 2: ദി കൺക്ലൂഷൻ എന്ന ചിത്രമാണ് ആയിരം കോടി ക്ലബ്ബിലേക്ക് ആദ്യമായി ചുവടുവെച്ച ഇന്ത്യൻ ചിത്രം. ആഗോളതലത്തിൽ 1788.06 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. 2016-ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം ദംഗൽ ബാഹുബലി ഇറങ്ങിയതിന് ഒരുമാസത്തിന് ശേഷം ചൈനയിൽ റിലീസ് ചെയ്തു. ബാഹുബലിയുടെ കളക്ഷനെ മറികടന്ന ചിത്രം 2000 കോടി ക്ലബ്ബിലെത്തിയ ഏക ഇന്ത്യൻ ചിത്രവുമായി. 2070 കോടിയുമായി ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രമെന്ന നേട്ടവും ദംഗൽ സ്വന്തമാക്കി.

രാജമൗലിയുടെ തന്നെ ആർആർആർ ആണ് അടുത്തതായി 1000 കോടി നേടിയത്. 2022-ൽ പുറത്തിറങ്ങിയ രാംചരൺ-ജൂനിയർ എൻ.ടി.ആർ. ചിത്രം 1230 കോടി രൂപയാണ് ബോക്‌സ് ഓഫീസിൽ നേടിയത്. തൊട്ടുപിന്നാലെയെത്തിയ പ്രശാന്ത് നീൽ-യാഷ് ചിത്രം കെജിഎഫ് 2 ലോകമെമ്പാടുനിന്നുമായി 1215 കോടി വാരിക്കൂട്ടി.

ആറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ, സിദ്ധാർഥ് ആനന്ദിന്റെ പഠാൻ എന്നീ ഷാരൂഖ് ഖാൻ ചിത്രങ്ങളാണ് 2023-ൽ ആയിരം കോടി നേട്ടം കൈവരിച്ചത്. ജവാൻ 1160 കോടി രൂപ നേടിയപ്പോൾ പഠാൻ 1055 കോടി കളക്ട് ചെയ്തു. നാഗ് അശ്വിന്റെ കൽക്കി 2898 എഡി, അല്ലു അർജുന്റെ പുഷ്പ 2: ദി റൂൾ എന്നിവയാണ് 2024-ൽ ആയിരം കോടി ക്ലബ്ബിലെത്തിയ ചിത്രങ്ങൾ. 1042.25 കോടി രൂപയാണ് കൽക്കി നേടിയത്. 1871 കോടി രൂപയാണ് പുഷ്പ ബോക്‌സ് ഓഫീസിൽ നിന്ന് വാരിയത്.

2025 അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ധുരന്ധർ ആയിരം കോടി ക്ലബ്ബിലെത്തുന്ന ഒമ്പതാമത് ചിത്രമാകുന്നത്. റിലീസ് ചെയ്ത് 21 ദിവസത്തിനകം 1006.7 കോടി രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ അന്തിമ കളക്ഷൻ എത്രയാകുമെന്നറിയാൻ കാത്തിരിക്കണം.

സിനിമ ആഗോള കളക്ഷൻ
ബാഹുബലി 2: ദി കൺക്ലൂഷൻ 1788.06 കോടി രൂപ
ദംഗൽ 2070 കോടി രൂപ
പുഷ്പ 2: ദി റൂൾ 1871 കോടി രൂപ
ആർആർആർ 1230 കോടി രൂപ
കെജിഎഫ്: ചാപ്റ്റർ 2 1215 കോടി രൂപ
ജവാൻ 1160 കോടി രൂപ
പഠാൻ 1055 കോടി രൂപ
കൽക്കി 2898 എഡി 1042.25 കോടി രൂപ
ധുരന്ധർ 1006.7 കോടി രൂപ (പ്രദർശനം തുടരുന്നു)

Content Highlights: Dhadurandhar has entered the prestigious 1000 Crore Club within just 21 days of its release. The Ranveer Singh–starrer spy thriller has now become the ninth Indian film to achieve this historic box office milestone.